ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതോടെ പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമായി. സംഭവത്തിന് തൊട്ടുമുമ്പ്, ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ആക്രമണം തുടർന്നാൽ അമേരിക്കക്ക് ഒരിക്കലും മറക്കാനാകാത്ത മറുപടി നൽകുമെന്ന് ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി മുന്നറിയിപ്പ് നൽകിയിരുന്നു.
സംഭവത്തിന് പിന്നാലെ ഇറാൻ്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പുതിയ വ്യോമാക്രമണങ്ങൾ നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകളുടെ ഗതാഗതം തടസ്സപ്പെടുത്താനുള്ള ഇറാൻ്റെ ശേഷി ദുർബലപ്പെടുത്തുകയാണ് ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യമെന്നും യുഎസ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന് സമീപത്തെ സിരിക്കി മേഖലയിലാണ് ആക്രമണം നടന്നതെന്ന് ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ലോകത്തിലെ എണ്ണവിതരണത്തിൻ്റെ വലിയൊരു പങ്ക് ഹോർമുസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്. അതിനാൽ മേഖലയിൽ സംഘർഷം രൂക്ഷമാകുന്നത് ആഗോള ഊർജവിപണിയെയും ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്.
ജോർദാനിലെ സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും യുഎസ് സൈന്യം സ്ഥിരീകരിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാൻ്റെ നേരിട്ടുള്ള ആക്രമണത്തിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുന്നത് ഇതാദ്യമായാണെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ സംഘർഷത്തിൽ മരിച്ച യുഎസ് സൈനികരുടെ എണ്ണം 16 ആയി ഉയർന്നതായും 430-ലധികം പേർക്ക് പരിക്കേറ്റതായും സെൻട്രൽ കമാൻഡ് അറിയിച്ചു.
അതിനിടെ, ഇറാഖിലെ കുർദിഷ് മേഖലയിലും ആക്രമണങ്ങൾ തുടരുകയാണ്. എർബിലിന് സമീപമുള്ള കുർദിസ്ഥാൻ ഫ്രീഡം പാർട്ടി കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായി സംഘടന അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി എർബിലിൽ തുടർച്ചയായി ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കുവൈറ്റിലും ഇറാനിയൻ ആക്രമണങ്ങളുടെ ആഘാതം രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ. ജലശുദ്ധീകരണ പ്ലാന്റും എണ്ണശുദ്ധീകരണ ശാലയും ലക്ഷ്യമിട്ട ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഡീസലൈനേഷൻ പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായതായും കുവൈറ്റ് അധികൃതർ അറിയിച്ചു. ഇതേതുടർന്ന് ചില വൈദ്യുതി ഉൽപാദന യൂണിറ്റുകൾ പ്രവർത്തനം നിർത്തിവെച്ചു. സുരക്ഷാ മുൻകരുതലായി കുവൈറ്റ് താൽക്കാലികമായി വ്യോമാതിർത്തിയും അടച്ചു.
അതേസമയം, അമേരിക്കക്കെതിരായ മുന്നറിയിപ്പ് ആവർത്തിച്ച ഖമേനി, ഇറാൻ മാത്രമല്ല പ്രാദേശിക സഖ്യകക്ഷികളും ശക്തമായ തിരിച്ചടി നൽകുമെന്ന് വ്യക്തമാക്കി. അമേരിക്ക കരാർ ലംഘിച്ചതിനാൽ ഇടക്കാല ആണവകരാറിലെ ബാധ്യതകൾ പാലിക്കുന്നില്ലെന്ന് ഇറാൻ്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരിബാബാദിയും അറിയിച്ചു.
സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ജോർദാൻ, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്ന് ഗൾഫ് സഹകരണ കൗൺസിൽ ആരോപിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം വഷളായ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള പൗരന്മാർക്കായി അമേരിക്ക പുതിയ യാത്രാ മുന്നറിയിപ്പും പുറത്തിറക്കി.


