19 July 2026
Home News National സിജെപിയുടെ പാർലമെന്റ് മാർച്ചിന് അനുമതിയില്ല; പ്രതിഷേധം തുടരാൻ തീരുമാനം

സിജെപിയുടെ പാർലമെന്റ് മാർച്ചിന് അനുമതിയില്ല; പ്രതിഷേധം തുടരാൻ തീരുമാനം

സിജെപി സമരം "രണ്ടാം സ്വാതന്ത്ര്യസമരം" ആണെന്ന് പാർട്ടി അധ്യക്ഷൻ അഭിജീത് ദീപ്കെ പ്രതികരിച്ചു

2

കോക്രോച്ച് ജനതാ പാർട്ടി (സിജെപി) തിങ്കളാഴ്‌ച പ്രഖ്യാപിച്ച പാർലമെന്റ് മാർച്ചിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. മാർച്ചിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ, മാർച്ചിനായി സിജെപി ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നാണ് പൊലീസിൻ്റെ വിശദീകരണം.

ആവശ്യമായ അനുമതിയില്ലാതെ പാർലമെന്റിലേക്ക് മാർച്ച് നടത്താൻ അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സാധാരണയായി പാർലമെന്റ് മാർച്ചുകൾ ജന്തർ മന്തറിൽ കേന്ദ്രീകരിച്ചാണ് നടക്കാറുള്ളത്. അതിനാൽ, പ്രതിഷേധം പാർലമെന്റ് പരിസരത്തേക്ക് വ്യാപിപ്പിക്കാൻ പൊലീസ് അനുമതി നൽകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

അതേസമയം, സിജെപി സമരം “രണ്ടാം സ്വാതന്ത്ര്യസമരം” ആണെന്ന് പാർട്ടി അധ്യക്ഷൻ അഭിജീത് ദീപ്കെ പ്രതികരിച്ചു.

ഇതിനിടെ, 20 ദിവസത്തെ നിരാഹാര സമരത്തിനൊടുവിൽ പൊലീസ് സഫ്‌ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്മോ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വാങ്ചുക്കിൻ്റെ എതിർപ്പ് അവഗണിച്ചാണ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതെന്നും അദ്ദേഹത്തിന് ഇഷ്ടമുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

കുടുംബത്തിൻ്റെ അനുമതിയില്ലാതെ വാങ്ചുക്കിന് ഭക്ഷണമോ മരുന്നോ നൽകരുതെന്നും ഗീതാഞ്ജലി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയിലും വാങ്ചുക്ക് നിരാഹാര സമരം തുടരുകയാണെന്നും ഇതുവരെ ഭക്ഷണമോ മരുന്നോ സ്വീകരിച്ചിട്ടില്ലെന്നുമാണ് വിവരം.

സഫ്‌ദർജംഗ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം വാങ്ചുക്കിൻ്റെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണ്. എന്നാൽ രക്തപരിശോധനാ ഫലങ്ങളിൽ നേരിയ വ്യതിയാനമുള്ളതിനാൽ തുടർച്ചയായ വൈദ്യപരിചരണം ആവശ്യമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ജന്തർ മന്തറിൽ സിജെപി അധ്യക്ഷൻ അഭിജീത് ദീപ്കെയും എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജിയും നിരാഹാര സമരം തുടരുകയാണ്. സോനം വാങ്ചുക്കിനെ മോചിപ്പിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്നാണ് ഇരുവരുടെയും നിലപാട്. എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷും ഐസയുടെ മൂന്ന് നേതാക്കളും ഉൾപ്പെടെ നിരവധിപേരും നിരാഹാര സമരത്തിൽ തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണയുമായി നൂറുകണക്കിന് വിദ്യാർഥികളും ജന്തർ മന്തറിലെത്തുന്നുണ്ട്.