...
Home News National ’56 വയസുള്ള ഒരു യുവാവിനെ കുറിച്ചല്ല താൻ സംസാരിക്കുന്നത്’; മോദി രാഹുൽ ഗാന്ധിയെ പരിഹസിക്കുന്നു

’56 വയസുള്ള ഒരു യുവാവിനെ കുറിച്ചല്ല താൻ സംസാരിക്കുന്നത്’; മോദി രാഹുൽ ഗാന്ധിയെ പരിഹസിക്കുന്നു

പാർലമെന്റിൻ്റെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

4

പാർലമെന്റിൻ്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുവാക്കളുടെ നേട്ടങ്ങളെ പ്രശംസിക്കുന്നതിനിടെയാണ് ’56 വയസ്സുള്ള ഒരു യുവാവിനെ’ കുറിച്ചല്ല താൻ പറയുന്നതെന്ന് മോദി പരാമർശിച്ചത്.

പാർലമെന്റിൻ്റെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സഭാ നടപടികൾ സുഗമമായി നടക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം അഭ്യർഥിച്ച അദ്ദേഹം, രാജ്യത്തിൻ്റെ സമീപകാല നേട്ടങ്ങളും എടുത്തുപറഞ്ഞു.

ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിലെ മുന്നേറ്റത്തിൻ്റെ ഭാഗമായി സ്കൈറൂട്ട് വികസിപ്പിച്ച വിക്രം-1 റോക്കറ്റിൻ്റെ വിജയകരമായ വിക്ഷേപണത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച സംഘത്തിൻ്റെ ശരാശരി പ്രായം 28 വയസ്സ് മാത്രമാണെന്നും, രാജ്യത്തിൻ്റെ യുവശക്തിയുടെ കഴിവിനും നൂതന ചിന്തയ്ക്കുമുള്ള തെളിവാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

“രാജ്യത്തെ യുവാക്കൾ ബഹിരാകാശ രംഗത്ത് പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. ഞാൻ പറയുന്നത് 56 വയസ്സുള്ള ഒരു യുവാവിനെ കുറിച്ചല്ല,” എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ടായിരുന്നു ഈ പരാമർശമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യ നിരവധി ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കിയെന്നും ദേശീയ, അന്തർദേശീയ, ബഹിരാകാശ രംഗങ്ങളിലെ വിജയങ്ങൾ രാജ്യത്തിന് അഭിമാനകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഒരു ഇന്ത്യൻ പൗരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയതും, ഇപ്പോൾ ഒരു ഇന്ത്യൻ സ്വകാര്യ സ്റ്റാർട്ടപ്പ് ബഹിരാകാശ വിക്ഷേപണം വിജയകരമായി നടത്തിയത് രാജ്യത്തിൻ്റെ വളർച്ചയുടെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർലമെന്റിൻ്റെ വർഷകാല സമ്മേളനം അർത്ഥവത്തായ ചർച്ചകൾക്ക് വേദിയാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വസ്തുതകളുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ സഭയിൽ ചർച്ചകൾ നടക്കണമെന്നും, രാജ്യത്തിൻ്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഗൗരവമായി ചർച്ച ചെയ്യാൻ എല്ലാ അംഗങ്ങളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.