പാർലമെന്റിലേക്കുള്ള മാർച്ചിന്റെ ഭാഗമായി ഞായറാഴ്ച ജന്തർ മന്തറിൽ ഒത്തുകൂടിയ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിൽ ഉന്തുംതള്ളുണ്ടായി. അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ 10,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. കണ്ണീർവാതക ഷെല്ലുകൾ, വജ്ര വാഹനങ്ങൾ, ലാത്തിസേന എന്നിവ സമരക്കാരെ നേരിട്ടു.
സെൻട്രൽ ജോയിന്റ് പ്ലാറ്റ്ഫോം (സിജെപി) സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിന് ഡൽഹി പോലീസ് അനുമതി നൽകിയിരുന്നില്ല. ന്യൂഡൽഹി ജില്ലയിൽ നിലവിൽ ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ (BNSS) സെക്ഷൻ 163 പ്രാബല്യത്തിലായതിനാൽ അനുമതിയില്ലാതെ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചിരിക്കുകയാണ്. ഇതൊന്നും വകവയ്ക്കാതെ പ്രതിഷേധക്കാർ സുരക്ഷാ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെയാണ് സുരക്ഷാസേന ഇടപെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും അക്രമവും കൂട്ടത്തടങ്കലും സംബന്ധിച്ച വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ ഡൽഹി പോലീസ് വിശദീകരണവുമായി രംഗത്തെത്തി. ജന്തർ മന്തറിൽ അക്രമസംഭവങ്ങളോ കൂട്ടത്തടങ്കലുകളോ ഉണ്ടായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പ്രതിഷേധം നിയന്ത്രിച്ചത് നിയമാനുസൃതവും പ്രൊഫഷണൽ രീതിയിലുമാണെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും പോലീസ് ജനങ്ങളോട് അഭ്യർഥിച്ചു.
പ്രതിഷേധത്തെ തുടർന്ന് ജന്തർ മന്തർ മുതൽ പാർലമെന്റ് വരെ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. മൂന്ന് ഘട്ടങ്ങളിലായി ബാരിക്കേഡുകൾ സ്ഥാപിച്ചതിനൊപ്പം വൻ പോലീസ് സന്നാഹവും വിന്യസിച്ചു. ജന്തർ മന്തറിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ എത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, സമരത്തിന് നേതൃത്വം നൽകുന്ന സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിക്കാൻ സർക്കാരിന് മുന്നിൽ മൂന്ന് ആവശ്യങ്ങൾ മുന്നോട്ടുവച്ചു. വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകൾക്കും ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള സംഭവങ്ങൾക്കും സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കുക, തനിക്കും സിജെപി നേതാക്കൾക്കും പാർലമെന്റ് സന്ദർശിക്കാൻ അനുമതി നൽകുക, വിഷയങ്ങൾ പാർലമെന്റിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ഉന്നയിക്കുമെന്ന് ഉറപ്പ് നൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ആരോഗ്യപ്രശ്നങ്ങൾ കാരണം നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ ആശുപത്രിയിലെത്തി ഉറപ്പ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സച്ചിൻ ശർമയും പ്രതിഷേധവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകി. പ്രതിഷേധ മാർച്ചിനോ ഘോഷയാത്രയ്‌ക്കോ ഡൽഹി പോലീസ് അനുമതി നൽകിയിട്ടില്ലെന്നും, സെക്ഷൻ 163 നിലവിലുള്ളതിനാൽ മുൻകൂർ അനുമതിയില്ലാതെ അഞ്ചോ അതിലധികമോ ആളുകൾ പങ്കെടുക്കുന്ന പ്രകടനങ്ങളും മാർച്ചുകളും നിരോധിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജന്തർ മന്തറിലെ നിശ്ചിത സ്ഥലത്ത് മാത്രം മുൻകൂർ അനുമതിയോടെ പ്രതിഷേധം നടത്താമെന്നും പൊതുജനങ്ങൾ നിയമപാലനത്തിൽ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.


