...
Home News National ‘ഡൽഹിയിൽ പ്രതിഷേധ ചൂട്’; സിജെപി മാർച്ച് സംഘർഷഭരിതമായി

‘ഡൽഹിയിൽ പ്രതിഷേധ ചൂട്’; സിജെപി മാർച്ച് സംഘർഷഭരിതമായി

രാജ്യത്തെ യുവാക്കളെ കേന്ദ്ര സർക്കാർ അടിച്ചമർത്തുകയാണെന്ന് രാജ്യസഭയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

3

പാർലമെന്റിലേക്ക് സിജെപി സംഘടിപ്പിച്ച മാർച്ചിനിടെ ഡൽഹിയിൽ വൻ സംഘർഷം. സുരക്ഷയ്ക്കായി പോലീസ് സ്ഥാപിച്ച ആദ്യ ബാരിക്കേഡ് പ്രതിഷേധക്കാർ മറികടന്നതോടെയാണ് സ്ഥിതിഗതികൾ സംഘർഷഭരിതമായത്. പാർലമെന്റിന് സമീപത്തേക്ക് പ്രതിഷേധക്കാർ എത്താൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് നിരവധി തവണ ലാത്തിച്ചാർജ് നടത്തി. കണ്ണീർവാതക ഷെല്ലുകളും പ്രയോഗിച്ചു. രണ്ടാമത്തെ ബാരിക്കേഡും മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ സമരം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. കനത്ത മഴയിലും സമരം തുടരുകയാണ്.

റെയ്‌സിന ഹില്ലിലേക്ക് പ്രതിഷേധക്കാർ മുന്നേറിയതോടെ പ്രദേശത്ത് സുരക്ഷ കൂടുതൽ ശക്തമാക്കി. ആവർത്തിച്ചുള്ള ലാത്തിച്ചാർജിനിടയിലും പ്രതിഷേധക്കാർ പിന്മാറാൻ തയ്യാറായിട്ടില്ല. പോലീസിന് നേരെ ചിലർ ചെരുപ്പ് എറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. കൂടുതൽ കേന്ദ്രസേനയെയും റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റ പ്രതിഷേധക്കാരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

സംഭവത്തിന്റെ പ്രതിഫലനം പാർലമെന്റിലും പ്രകടമായി. രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷ പ്രതിഷേധം ശക്തമായി. രാജ്യത്തെ യുവാക്കളെ കേന്ദ്ര സർക്കാർ അടിച്ചമർത്തുകയാണെന്ന് രാജ്യസഭയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. തുടർന്ന് സഭാ നടപടികൾ വൈകിട്ട് മൂന്ന് മണിവരെ നിർത്തിവച്ചു. വിവിധ പ്രതിപക്ഷ പാർട്ടികളിലെ എംപിമാർ സമരവേദിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി എംപി ധർമേന്ദ്ര യാദവ് ആരോപിച്ചു.

ഇതിനിടെ വിഷയത്തിൽ പാർലമെന്റിൽ ഉന്നതതല യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മുതിർന്ന കേന്ദ്രമന്ത്രിമാർ പങ്കെടുത്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമ്മർദം ശക്തമാകുന്നതിനിടെയാണ് യോഗം ചേർന്നത്. തുടർന്ന് അമിത് ഷായും ധർമേന്ദ്ര പ്രധാനും കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് സഫ്ദർജംഗ് ആശുപത്രി അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.