...
Home News Kerala കെപിസിസി ആസ്ഥാനത്തേക്കുള്ള ബിജെപി മാർച്ചിനിടെ സംഘർഷം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

കെപിസിസി ആസ്ഥാനത്തേക്കുള്ള ബിജെപി മാർച്ചിനിടെ സംഘർഷം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

ഡൽഹിയിൽ കോൺഗ്രസ് നടത്തുന്ന സമരം മോദി സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന്

3

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലേക്കുള്ള ബിജെപി മാർച്ചിനിടെ സംഘർഷം. വെള്ളയമ്പലത്തിനും ഇന്ദിരാഭവനും ഇടയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച പൊലീസ് പ്രവർത്തകരെ തടഞ്ഞു. തുടർന്ന് പ്രതിഷേധം ശക്തമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധത്തിനിടെ സംസാരിച്ച ബിജെപി എംഎൽഎ വി. മുരളീധരൻ, ഡൽഹിയിൽ കലാപം അഴിച്ചുവിടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ചു. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയവർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ പ്രസംഗം തുടരുന്നതിനിടെ ഒരു വിഭാഗം പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ഡൽഹിയിൽ കോൺഗ്രസ് നടത്തുന്ന സമരം മോദി സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യം സുരക്ഷിതമാക്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും, കുറ്റക്കാർക്കെതിരെ സർക്കാർ നിയമനടപടികൾ സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ പേരിൽ കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും, ജനാധിപത്യ മാർഗത്തിലൂടെ പിന്തുണ ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഗൂഢാലോചനയിലൂടെ അധികാരം പിടിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, രാജ്യതലസ്ഥാനത്ത് വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ എംപിമാർ പാർലമെന്റിന് മുന്നിലെത്തിയത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. പൊലീസിനും കേന്ദ്ര സർക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ച നേതാക്കൾ, വിദ്യാർഥികളുടെ ന്യായമായ അവകാശങ്ങൾ അടിച്ചമർത്തുകയാണെന്നും പേപ്പർ ചോർച്ച വിഷയത്തിൽ സർക്കാർ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.

ലോക് കല്യാൺ മാർഗിൽ നടത്തിയ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയുൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കളെയും എംപിമാരെയും ഡൽഹി പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ പ്രിയങ്ക ഗാന്ധിയെ കാണാൻ സോണിയ ഗാന്ധിയും എത്തിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.