നഗരപരിധികളിൽ സർവീസ് നടത്തുന്ന മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ (എംടിസി) പുതിയ മിനി ബസുകൾക്ക് നൽകിയിരിക്കുന്ന നിറം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി കൊടിയിലെ മഞ്ഞയും ചുവപ്പും നിറങ്ങളാണ് പുതിയ ബസുകൾക്കും നൽകിയിരിക്കുന്നത്. ബസുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്.
സ്കൂൾ, കോളേജ് ബസുകൾക്ക് സമാനമായ നിറമാണ് എംടിസി ബസുകൾക്കും നൽകിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ചിലർ വിമർശനം ഉയർത്തി. അതേസമയം, ടിവികെ കൊടിയുമായി സാമ്യമുള്ള നിറം ബസുകൾക്ക് നൽകിയതിനെ പരിഹസിച്ചും നിരവധി പേർ രംഗത്തെത്തി.
ഭരണം മാറുമ്പോഴെല്ലാം പൊതുഗതാഗത ബസുകളുടെ നിറം മാറ്റുന്നത് യാത്രക്കാരെയും വിനോദ സഞ്ചാരികളെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ടെന്നും, എംടിസി ബസുകൾക്ക് സ്ഥിരമായ ഒരു പൊതുനിറം നിശ്ചയിക്കണമെന്നും സമൂഹ മാധ്യമങ്ങളിലെ ചില പ്രതികരണങ്ങളിൽ ആവശ്യപ്പെട്ടു.
വിവാദത്തോട് പ്രതികരിച്ച എംടിസി ഉദ്യോഗസ്ഥൻ, തിരുച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് പുതിയ ബസുകൾക്ക് ചായംപൂശുന്നതെന്ന് വ്യക്തമാക്കി. ഇത്തരത്തിൽ 300 ബസുകൾ ഒരുക്കുന്നുണ്ടെന്നും, എംടിസിക്ക് ഇതിനകം തന്നെ വിവിധ നിറങ്ങളിലുള്ള ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിറത്തിനും സർക്കാർ അംഗീകാരം ലഭിക്കുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.


