...
Home News National ‘ഡൽഹി വിദ്യാർഥി പ്രതിഷേധം’; ഹർജി കേൾക്കാൻ വിസമ്മതിച്ചു, വീഡിയോ കാണാൻ സമയമില്ലെന്ന് സുപ്രീം കോടതി

‘ഡൽഹി വിദ്യാർഥി പ്രതിഷേധം’; ഹർജി കേൾക്കാൻ വിസമ്മതിച്ചു, വീഡിയോ കാണാൻ സമയമില്ലെന്ന് സുപ്രീം കോടതി

ജന്തർ മന്തറിൽ പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയിലും പൊതുതാൽപര്യ ഹർജികൾ സമർപ്പിച്ചിട്ടുണ്ട്

3

ഡൽഹിയിൽ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിക്കെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി കടുത്ത നിലപാട് സ്വീകരിച്ചു. കേസ് കേൾക്കാൻ താൽപര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

വിദ്യാർഥികൾക്കെതിരായ ലാത്തിച്ചാർജും പൊലീസ് നടപടിയും ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ബാധിക്കപ്പെട്ട വിദ്യാർഥികളുടെ ഭാവിയും അവകാശങ്ങളുമാണ് വിഷയമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ നരേന്ദ്ര മിശ്ര കോടതിയെ അറിയിച്ചു. എന്നാൽ ഹർജി പരിഗണിക്കാൻ കോടതി തയ്യാറായില്ല.

വാദത്തിനിടെ പൊലീസ് അതിക്രമം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും, അവ കാണാൻ സുപ്രീം കോടതി വിസമ്മതിച്ചു. “ഞങ്ങളുടെ സമയവും നിങ്ങളുടെ സമയവും പാഴാക്കരുത്. വീഡിയോ കാണാൻ ഞങ്ങൾക്ക് താൽപര്യമില്ല, അതിന് സമയവുമില്ല,” എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അതേസമയം, ജന്തർ മന്തറിൽ പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയിലും പൊതുതാൽപര്യ ഹർജികൾ സമർപ്പിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും ഉൾപ്പെട്ട ബെഞ്ചിന് മുമ്പാകെ ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും കോടതി ഇടപെടാൻ തയ്യാറായില്ല. സമാന വിഷയത്തിൽ നേരത്തെയും അടിയന്തര വാദം കേൾക്കാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജന്തർ മന്തറിലും മധ്യ ഡൽഹിയിലെ വിവിധ ഭാഗങ്ങളിലും വിദ്യാർഥികളും രാഷ്ട്രീയ പ്രവർത്തകരും പ്രതിഷേധം തുടരുകയാണ്. ആവർത്തിച്ചുള്ള ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച പ്രതിഷേധക്കാരെ ഡൽഹി പൊലീസ് ബലപ്രയോഗത്തിലൂടെ തടഞ്ഞു. ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയതിനെ തുടർന്ന് നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

വിദ്യാർഥി പ്രതിഷേധത്തിന് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയും ലഭിച്ചു. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. നീറ്റ് പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ മാറ്റം വേണമെന്ന ആവശ്യത്തിൽ പ്രതിഷേധക്കാർ ഉറച്ചുനിൽക്കുന്നതിനിടെ, വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ കോടതികൾ തയ്യാറാകാത്തത് ശ്രദ്ധേയമായി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.