...
Home News International പശ്ചിമേഷ്യൻ സംഘർഷം; ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നു

പശ്ചിമേഷ്യൻ സംഘർഷം; ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നു

പശ്ചിമേഷ്യയിലെ സംഘർഷം തുടരുകയാണെങ്കിൽ എണ്ണവില 100 ഡോളർ കടക്കാനിടയുണ്ടെന്നാണ് വിപണി വിദഗ്‌ദരുടെ വിലയിരുത്തൽ

3

പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും പ്രധാന എണ്ണ ഗതാഗത പാതകളെ ചൊല്ലിയുള്ള ആശങ്കകളും ആഗോള അസംസ്കൃത എണ്ണ വിപണിയെ വീണ്ടും സമ്മർദത്തിലാക്കി. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 95 ഡോളർ കടന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ആറ് ആഴ്‌ചക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ബ്രെന്റ് ക്രൂഡ് ബാരലിന് 95.47 ഡോളറിലെത്തിയപ്പോൾ, യുഎസ് ബെഞ്ച്മാർക്ക് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡും അഞ്ച് ശതമാനത്തിലധികം ഉയർന്ന് ബാരലിന് 88.61 ഡോളറിലെത്തി. പശ്ചിമേഷ്യയിലെ സംഘർഷം തുടരുകയാണെങ്കിൽ എണ്ണവില 100 ഡോളർ കടക്കാനിടയുണ്ടെന്നാണ് വിപണി വിദഗ്‌ദരുടെ വിലയിരുത്തൽ.

സംഘർഷം വിപണിയെ ആശങ്കയിലാക്കുന്നു

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം വഷളായതുമാണ് എണ്ണവില ഉയരാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മേഖലയിലെ സൈനിക നടപടികൾ എണ്ണ വിതരണ ശൃംഖലയെ ബാധിക്കുമോയെന്ന ആശങ്ക നിക്ഷേപകർക്കിടയിൽ ശക്തമായിട്ടുണ്ട്.

കടൽപാതകളിൽ സുരക്ഷാ ആശങ്ക

ലോകത്തിലെ നിർണായക എണ്ണ ഗതാഗത പാതകളായ ഹോർമുസ് കടലിടുക്കും ബാബ് അൽ- മന്ദബ് കടലിടുക്കും ഇപ്പോൾ വിപണിയുടെ ശ്രദ്ധാകേന്ദ്രമാണ്. ബാബ് അൽ-മന്ദബ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന എണ്ണക്കപ്പലുകൾക്ക് ഭീഷണി ഉയർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഷിപ്പിങ് മേഖലയിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

വിതരണ ശൃംഖലയിൽ തടസ്സമുണ്ടായാൽ ആഗോള എണ്ണവിതരണത്തെയും വിലയെയും അത് കാര്യമായി ബാധിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.

ടാങ്കറുകൾ വഴിമാറ്റി

സുരക്ഷാ ആശങ്കയെ തുടർന്ന് സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കും ചൈനയിലേക്കും അസംസ്കൃത എണ്ണയുമായി പുറപ്പെട്ട ചില ടാങ്കറുകൾ യാത്രാമാർഗം മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. അപകട സാധ്യതയുള്ള മേഖലകൾ ഒഴിവാക്കി സൂയസ് കനാൽ ഉൾപ്പെടെയുള്ള ബദൽ പാതകളാണ് കപ്പലുകൾ സ്വീകരിക്കുന്നത്.

ബദൽ റൂട്ടുകൾ ഉപയോഗിക്കുന്നത് യാത്രാദൂരവും ഗതാഗതച്ചെലവും വർധിപ്പിക്കുമെന്നും അതിൻ്റെ പ്രതിഫലനം എണ്ണവിലയിലും പ്രകടമാകാനിടയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

യുഎസ് എണ്ണശേഖരത്തിൽ വർധന

അതേസമയം, അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ആഴ്‌ച യുഎസിലെ ക്രൂഡ് ഓയിൽ, ഡിസ്റ്റിലേറ്റ് ഇന്ധന ശേഖരങ്ങളിൽ വർധന രേഖപ്പെടുത്തി. ഗ്യാസോലിൻ ശേഖരത്തിൽ മാത്രമാണ് കുറവുണ്ടായത്.

എന്നിരുന്നാലും, യുഎസിലെ എണ്ണശേഖരത്തിലെ വർധനയേക്കാൾ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും വിതരണ ആശങ്കകളുമാണ് നിലവിൽ ആഗോള എണ്ണവിലയെ കൂടുതൽ സ്വാധീനിക്കുന്നതെന്നാണ് വിപണി വിദഗ്‌ദരുടെ വിലയിരുത്തൽ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.