...
Home News International കാനഡയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് വർക്ക് പെർമിറ്റ് അപേക്ഷകൾ നിരസിക്കപ്പെട്ടതായി റിപ്പോർട്ടുകൾ

കാനഡയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് വർക്ക് പെർമിറ്റ് അപേക്ഷകൾ നിരസിക്കപ്പെട്ടതായി റിപ്പോർട്ടുകൾ

കോഴ്‌സുകൾ പിജിഡബ്ല്യുപിക്ക് അർഹമാണെന്ന വിശ്വാസത്തിലാണ് തങ്ങൾ ചേർന്നതെന്നും, പഠനം പൂർത്തിയാക്കിയ ശേഷം അപേക്ഷകൾ നിരസിക്കപ്പെട്ടതായും വിദ്യാർഥികൾ

3

കാനഡയിൽ പഠനം പൂർത്തിയാക്കിയ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികൾക്ക് പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) അപേക്ഷകൾ നിരസിക്കപ്പെട്ടതായി റിപ്പോർട്ടുകൾ. ആൽബെർട്ടയിലെ പോർട്ടേജ് കോളേജുമായി സഹകരിച്ച് നടത്തിയ ചില കോഴ്‌സുകൾ പൂർത്തിയാക്കിയ അന്താരാഷ്ട്ര വിദ്യാർഥികളെയാണ് പ്രശ്നം പ്രധാനമായും ബാധിച്ചിരിക്കുന്നത്.

കാൽഗറിയിലെ കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓസ്റ്റിയോപതിക് തെറാപ്പി (CIOT)യും പോർട്ടേജ് കോളേജും ചേർന്ന് നടത്തിയ പ്രോഗ്രാമുകളിൽ പഠനം പൂർത്തിയാക്കിയവരാണ് പ്രതിസന്ധിയിലായത്. കോഴ്‌സുകൾ പിജിഡബ്ല്യുപിക്ക് അർഹമാണെന്ന വിശ്വാസത്തിലാണ് തങ്ങൾ ചേർന്നതെന്നും, പഠനം പൂർത്തിയാക്കിയ ശേഷം അപേക്ഷകൾ നിരസിക്കപ്പെട്ടതായും വിദ്യാർഥികൾ പറയുന്നു.

അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 1,500 വിദേശ ബിരുദധാരികൾ ഈ പ്രശ്നത്തെ തുടർന്ന് അനിശ്ചിതത്വത്തിലായേക്കാം. ഇവരിൽ വലിയൊരു വിഭാഗം ഇന്ത്യൻ വിദ്യാർഥികളാണെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി അപേക്ഷകൾ ഇതിനകം നിരസിക്കപ്പെട്ടപ്പോൾ, മറ്റുചിലർ ഇമിഗ്രേഷൻ അധികൃതരുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

‘വലിയ സാമ്പത്തിക നഷ്ടം നേരിടുന്നു’

പി.ജി.ഡബ്ല്യുപി ലഭിക്കുമെന്ന പ്രതീക്ഷയിൽ ട്യൂഷൻ ഫീസ്, താമസച്ചെലവ്, മറ്റ് ജീവിതച്ചെലവുകൾ എന്നിവയ്ക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചെന്നാണ് വിദ്യാർഥികളുടെ ആരോപണം. പഠനം ആരംഭിച്ചപ്പോൾ ലഭ്യമായ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് തങ്ങൾ കോഴ്‌സിൽ ചേർന്നതെന്നും, പിന്നീട് ഉണ്ടായ നയവ്യാഖ്യാനങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെടുന്നത് അനീതിയാണെന്നും അവർ പറയുന്നു.

ബാധിതരായ വിദ്യാർഥികൾ നിയമനടപടികൾ ഉൾപ്പെടെയുള്ള മാർഗങ്ങൾ തേടുകയും ഫെഡറൽ ജനപ്രതിനിധികളെയും കാനഡൻ ഇമിഗ്രേഷൻ അധികൃതരെയും സമീപിക്കുകയും ചെയ്തിട്ടുണ്ട്.

പോർട്ടേജ് കോളേജിന്റെ വിശദീകരണം

വിദ്യാർഥികൾ നേരിടുന്ന ആശങ്കയും അനിശ്ചിതത്വവും മനസ്സിലാക്കുന്നുവെന്ന് പോർട്ടേജ് കോളേജ് അറിയിച്ചു. എന്നാൽ പി.ജി.ഡബ്ല്യുപി അപേക്ഷകൾ പരിശോധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം കാനഡയുടെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് വകുപ്പ് (IRCC)ക്കാണെന്നും കോളേജ് വ്യക്തമാക്കി.

വിദ്യാർഥികൾക്ക് നൽകിയ രേഖകൾ അപേക്ഷ സമർപ്പിക്കാനുള്ള യോഗ്യതയെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമാണെന്നും, അന്തിമ തീരുമാനം ഐആർസിസിയാണ് എടുക്കുന്നതെന്നും കോളേജ് വിശദീകരിച്ചു. വിഷയത്തിൽ ഐആർസിസിയുമായി ആശയവിനിമയം തുടരുകയാണെന്നും, ബാധിതർ ലൈസൻസുള്ള ഇമിഗ്രേഷൻ അഭിഭാഷകരുടെയോ അംഗീകൃത ഇമിഗ്രേഷൻ കൺസൾട്ടന്റുമാരുടെയോ സഹായം തേടണമെന്നും കോളേജ് നിർദേശിച്ചു.

നയമാറ്റങ്ങൾ ആശങ്ക വർധിപ്പിക്കുന്നു

കഴിഞ്ഞ രണ്ട് വർഷത്തിനിടെ കാനഡ അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള കുടിയേറ്റ നയങ്ങളിൽ നിരവധി മാറ്റങ്ങൾ നടപ്പാക്കിയിട്ടുണ്ട്. പഠനാനുമതികൾ, പി.ജി.ഡബ്ല്യുപി യോഗ്യതാ മാനദണ്ഡങ്ങൾ, പൊതുമേഖല-സ്വകാര്യ വിദ്യാഭ്യാസ പങ്കാളിത്ത പദ്ധതികൾ എന്നിവയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് വിലയിരുത്തൽ.

പ്രോഗ്രാമിൽ പ്രവേശിക്കുന്നതിന് മുമ്പ് അതത് കോഴ്‌സും വിദ്യാഭ്യാസ സ്ഥാപനവും പി.ജി.ഡബ്ല്യുപിക്ക് അർഹമാണോ എന്ന് ഔദ്യോഗികമായി പരിശോധിക്കണമെന്ന് ഇമിഗ്രേഷൻ വിദഗ്ധർ വിദ്യാർഥികൾക്ക് നിർദേശം നൽകുന്നു.

പോർട്ടേജ് കോളേജും ഐആർസിസിയും തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനിടെ, നൂറുകണക്കിന് അന്താരാഷ്ട്ര ബിരുദധാരികൾ തങ്ങളുടെ തൊഴിൽ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിലാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.