പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ശക്തമാകുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ, ബിജെപിയുടെ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷി വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായമാണെന്ന് വ്യക്തമാക്കി. വിഷയത്തെ നിയമ-സമാധാന പ്രശ്നമായി മാത്രം കാണാതെ സഹാനുഭൂതിയോടെയും ശാശ്വതമായ പരിഹാരം കണ്ടെത്താനുള്ള ആത്മാർഥമായ ശ്രമങ്ങളോടെയും സമീപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ജോഷി നിലപാട് വ്യക്തമാക്കിയത്.
“രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവ വിദ്യാർത്ഥികൾ ദിവസങ്ങളായി ന്യൂഡൽഹിയിലെ തെരുവുകളിൽ പ്രതിഷേധിക്കുന്നത് ഏറെ വേദനാജനകമായ കാഴ്ചയാണ്. പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട അവരുടെ ആശങ്കകളും ആശയക്കുഴപ്പങ്ങളും യാഥാർഥ്യമുള്ളവയാണ്. അതിനാൽ അവയെ സഹാനുഭൂതിയോടെയും സ്ഥിരമായ പരിഹാരം കണ്ടെത്താനുള്ള ആത്മാർഥമായ ശ്രമത്തോടെയും സമീപിക്കണം,” എന്നാണ് അദ്ദേഹം കുറിച്ചത്.
വിഷയത്തെ നിയമ-സമാധാന പ്രശ്നമായി മാത്രം കണ്ട് ബലപ്രയോഗത്തിലൂടെ നേരിടാൻ ശ്രമിക്കരുതെന്നും ജോഷി മുന്നറിയിപ്പ് നൽകി.
“യുവതികളടക്കമുള്ള വിദ്യാർത്ഥികളോട് അതിക്രൂരമായി പെരുമാറിയെന്ന റിപ്പോർട്ടുകൾ ഏറെ വേദനിപ്പിക്കുന്നതാണ്. ഇത്തരം നടപടികൾ ‘വികസിത ഇന്ത്യ’ എന്ന ദേശീയ ലക്ഷ്യത്തിൽ നിന്ന് സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അകറ്റിനിർത്താൻ ഇടയാക്കും,” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധം
ഇതിനിടെ, വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിൽ പ്രതിപക്ഷമായ ഇൻഡ്യാ സഖ്യത്തിന്റെ എംപിമാർ മിന്നൽ പ്രതിഷേധം സംഘടിപ്പിച്ചു.
രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് പ്രതിഷേധ മാർച്ച് ഗാന്ധി സ്മൃതിയിലെത്തിയത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മിർസ ഭാരതി, സുപ്രിയ സുലെ, കുമാരി ഷെൽജ, രേണുക ചൗധരി എന്നിവരുള്പ്പെടെ ഇൻഡ്യാ സഖ്യത്തിലെ നിരവധി എംപിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു.


