...
Home Business ദുബായിൽ ‘യങ് മർച്ചന്റ് 2026’; കുട്ടികൾക്ക് യഥാർഥ ബിസിനസ് അനുഭവം

ദുബായിൽ ‘യങ് മർച്ചന്റ് 2026’; കുട്ടികൾക്ക് യഥാർഥ ബിസിനസ് അനുഭവം

ഇതിലൂടെ യഥാർഥ ബിസിനസ് അന്തരീക്ഷം നേരിട്ട് അനുഭവിക്കാൻ അവർക്ക് അവസരം ലഭിച്ചു

11

കുട്ടികളിൽ ചെറുപ്പം മുതൽ സംരംഭകത്വ മനോഭാവവും ബിസിനസ് നൈപുണ്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ദുബായിൽ ‘യങ് മെർച്ചന്റ് 2026’ വ്യാപാരമേള സംഘടിപ്പിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ദുബായ് സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾ സ്വന്തം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും നേരിട്ട് വിൽപ്പന നടത്തുകയും ചെയ്തു.

ജി.ഡി.ആർ.എഫ്.എയുടെ ഹെഡ് ഓഫീസിൽ ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു വ്യാപാരമേള. ഉപഭോക്താക്കളെ സ്വീകരിക്കൽ, ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തൽ, വിലപേശൽ, വിൽപ്പന പൂർത്തിയാക്കൽ എന്നിവ ഉൾപ്പെടെയുള്ള എല്ലാ ഘട്ടങ്ങളും കുട്ടികൾ തന്നെയാണ് കൈകാര്യം ചെയ്തത്. ഇതിലൂടെ യഥാർഥ ബിസിനസ് അന്തരീക്ഷം നേരിട്ട് അനുഭവിക്കാൻ അവർക്ക് അവസരം ലഭിച്ചു.

ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ മർറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ മേള സന്ദർശിച്ച് കുട്ടികളുടെ സംരംഭങ്ങളെ അഭിനന്ദിച്ചു.

കുട്ടികളിൽ ആത്മവിശ്വാസം, ആശയവിനിമയശേഷി, ഉത്തരവാദിത്തബോധം, നേതൃത്വപാടവം എന്നിവ വളർത്തുകയെന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് ജി.ഡി.ആർ.എഫ്.എ അധികൃതർ അറിയിച്ചു.

വ്യാപാരമേളയ്‌ക്കൊപ്പം കുട്ടികളുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനായി ജി.ഡി.ആർ.എഫ്.എയുടെ കാർട്ടൂൺ കഥാപാത്രങ്ങളായ ‘സലാം’, ‘സലാമ’ എന്നിവരുടെ സാന്നിധ്യവും ചിത്രരചനാ മത്സരങ്ങളും ഉൾപ്പെടുത്തിയിരുന്നു. പരസ്പരം ആശയങ്ങൾ പങ്കുവെക്കാനും ഉപഭോക്താക്കളുമായി ഇടപഴകാനും ബിസിനസിന്റെ അടിസ്ഥാന പാഠങ്ങൾ പ്രായോഗികമായി മനസ്സിലാക്കാനും കുട്ടികൾക്ക് പരിപാടി അവസരമൊരുക്കി.

ഭാവിയിലെ സംരംഭകരെ വളർത്തിയെടുക്കുകയെന്ന ദുബായ് സർക്കാരിന്റെ ദീർഘദർശനത്തിന്റെ ഭാഗമായാണ് ‘യങ് മെർച്ചന്റ് 2026’ സംഘടിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.