ഡിജിറ്റൽ ലോകത്തെ അമിതമായ തിരക്കുകളിൽ നിന്നും സ്മാർട്ട്ഫോൺ അഡിക്ഷനിൽ നിന്നും മോചനം ആഗ്രഹിക്കുന്നവർക്കായി പുതിയൊരു ഫോൺ എത്തിയിരിക്കുന്നു. ബ്രൂക്ലിൻ ആസ്ഥാനമായുള്ള ‘ലൈറ്റ്’ എന്ന കമ്പനിയാണ് പഴയകാല ഫ്ലിപ്പ് ഫോണുകളെ ഓർമ്മിപ്പിക്കുന്ന റെട്രോ ഡിസൈനിലുള്ള ‘ലൈറ്റ് ഫ്ലിപ്പ്’ അവതരിപ്പിച്ചത്. സ്മാർട്ട്ഫോണുകളുടെ ലോകത്ത് നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്ന 18 മുതൽ 30 വയസ്സുവരെയുള്ള യുവാക്കളെയാണ് ഈ ഫോൺ പ്രധാനമായും ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ലോകത്തോട് ‘ബൈ’ പറയാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച പകരക്കാരനായിരിക്കും.
സോഷ്യൽ മീഡിയയോ ഇമെയിലോ മറ്റ് ആപ്പുകളോ ഇല്ലാത്ത തികച്ചും ‘ഡിസ്ട്രാക്ഷൻ ഫ്രീ’ ആയ അനുഭവമാണ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നത്. സന്ദേശങ്ങൾ അയക്കുന്നതിനായി പഴയ ഫോണുകളിലേതുപോലെ അക്കങ്ങൾ അമർത്തി അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്ന T9 കീബോർഡ് സംവിധാനമാണ് ഇതിലുള്ളത്. ഉപഭോക്താക്കളെ സ്മാർട്ട്ഫോൺ ഉപയോഗം പൂർണ്ണമായും നിർത്താൻ സഹായിക്കുന്നതിനായി ഒമ്പതു മാസത്തെ “ഫ്ലിപ്പ് യുവർ ലൈഫ്” എന്നൊരു പ്രത്യേക കമ്മ്യൂണിറ്റി പ്രോഗ്രാമും കമ്പനി ഇതിനോടൊപ്പം നൽകുന്നുണ്ട്.
ലളിതമായ രൂപമാണെങ്കിലും മികച്ച ഹാർഡ്‌വെയർ സവിശേഷതകളോടെയാണ് ലൈറ്റ് ഫ്ലിപ്പ് എത്തുന്നത്. ഇതിൽ 2.8 ഇഞ്ച് OLED മാറ്റ് ഗ്ലാസ് ഡിസ്പ്ലേയും 50 MP റിയർ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. LightOS എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് കരുത്ത് പകരുന്നത് MediaTek MT8873 ചിപ്‌സെറ്റാണ്. 6 GB റാമും 128 GB സ്റ്റോറേജുമുള്ള ഈ ഫോണിൽ ടച്ച് സ്ക്രീനിന് പകരം ഡി-പാഡും (D-pad) ഗെയിമിങ് കൺസോളുകൾക്ക് സമാനമായ ട്രയാംഗിൾ, സ്ക്വയർ ബട്ടണുകളുമാണ് ഉപയോഗിക്കുന്നത്.
അലാറം, കാൽക്കുലേറ്റർ, കലണ്ടർ, മ്യൂസിക്, പോഡ്‌കാസ്റ്റ്, വെതർ, നോട്ട്സ് തുടങ്ങിയ അടിസ്ഥാന ടൂളുകൾ മാത്രമേ ഈ ഫോണിൽ ലഭ്യമാകൂ. 5G, 4G LTE, ബ്ലൂടൂത്ത് 5.0, ടൈപ്പ്-സി പോർട്ട്, 3.5 mm ഹെഡ്‌ഫോൺ ജാക്ക് തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങളും ഇതിലുണ്ട്. ദീർഘനേരം ബാക്കപ്പ് നൽകുന്ന 1800 mAh ബാറ്ററിയാണ് ഫോണിന് നൽകിയിരിക്കുന്നത്. നാനോ സിം കൂടാതെ ഇ-സിം (e-SIM) സൗകര്യവും ഈ ഫോൺ പിന്തുണയ്ക്കുന്നു.
കറുപ്പ്, നേവി, ചുവപ്പ്, പിങ്ക്, മഞ്ഞ, ഗ്രേ എന്നിങ്ങനെ ആറ് ആകർഷകമായ നിറങ്ങളിൽ ലഭ്യമാകുന്ന ലൈറ്റ് ഫ്ലിപ്പിന് 299 ഡോളറാണ് വില. നിലവിൽ പ്രീ-ഓർഡർ ആരംഭിച്ചിട്ടുണ്ടെങ്കിലും 2027 ഏപ്രിൽ മുതലായിരിക്കും ഫോണിന്റെ വിതരണം ആരംഭിക്കുക. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ആഗോളതലത്തിൽ ഈ ഫോൺ ലഭ്യമാകുമെന്നാണ് സൂചനയെങ്കിലും, ഇന്ത്യയിലുള്ളവർക്ക് ഇത് നേരിട്ട് ഓർഡർ ചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.


