...
Home News National ‘യുവാക്കൾ എഴുന്നേറ്റ് നിൽക്കുമ്പോൾ, സർക്കാരുകൾ ശ്രദ്ധിക്കണം’: പരംവീർ ചക്ര ജേതാവ് യോഗേന്ദ്ര സിംഗ് യാദവ്

‘യുവാക്കൾ എഴുന്നേറ്റ് നിൽക്കുമ്പോൾ, സർക്കാരുകൾ ശ്രദ്ധിക്കണം’: പരംവീർ ചക്ര ജേതാവ് യോഗേന്ദ്ര സിംഗ് യാദവ്

1999-ലെ കാർഗിൽ യുദ്ധത്തിൽ ടൈഗർ ഹിൽ കീഴടക്കിയ പോരാട്ടത്തിലെ അസാധാരണ ധീരതക്കാണ് യോഗേന്ദ്ര സിംഗ് യാദവിന് രാജ്യത്തിൻ്റെ പരമോന്നത ധീരതാ പുരസ്‌കാരമായ പരംവീർ ചക്ര ലഭിച്ചത്

4

ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി സർക്കാർ എത്രയും വേഗം സംഭാഷണം ആരംഭിക്കണമെന്ന് പരംവീർ ചക്ര ജേതാവും വിരമിച്ച ഓണററി ക്യാപ്റ്റനുമായ യോഗേന്ദ്ര സിംഗ് യാദവ്. സർക്കാർ സംഭാഷണത്തിനുള്ള വാതിൽ തുറന്നു കഴിഞ്ഞാൽ വിദ്യാർഥികളുടെ എല്ലാ ആവശ്യങ്ങളും ചർച്ച ചെയ്യാൻ കഴിയുമെന്നും, പരിഹാര മാർഗം ഏറ്റുമുട്ടലിലല്ല സംഭാഷണത്തിൽ ആണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നടത്തിയ പുതിയ പരാമർശത്തെ സ്വാഗതം ചെയ്‌ത യാദവ്, ഈ നീക്കം നേരത്തെ ഉണ്ടായിരുന്നെങ്കിൽ പ്രതിഷേധം ഇത്രയും വ്യാപിക്കുകയോ രാജ്യത്തിൻ്റെ പ്രതിച്ഛായക്ക് തിരിച്ചടിയാകുകയോ ചെയ്യില്ലായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. വിദ്യാർഥികൾ പ്രധാനമന്ത്രിയുടെ ഉറപ്പിൽ വിശ്വാസമർപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യവും സംഭാഷണത്തിൻ്റെ ഭാഗമാകുമെന്നാണ് തൻ്റെ പ്രതീക്ഷയെന്ന് യാദവ് പറഞ്ഞു. വിദ്യാർഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്നും അവ സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർഥികൾക്കെതിരായ പൊലീസ് ബലപ്രയോഗം, പ്രത്യേകിച്ച് പെൺവിദ്യാർഥികളോട് ഉണ്ടായ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് യാദവ് വിമർശിച്ചു. ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദികളായവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വലിയ പ്രതിഷേധങ്ങളിൽ സാമൂഹിക വിരുദ്ധർ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്നും, അതിനാൽ സമാധാനപരമായ പ്രതിഷേധം തുടരുന്നതിൽ വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലം പ്രതിഷേധം തുടരുന്നത് രാഷ്ട്രീയമോ മറ്റ് സ്വാർഥ താൽപര്യങ്ങളോ ഉള്ളവർക്ക് അത് മുതലെടുക്കാൻ അവസരമൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇന്ത്യ ജനാധിപത്യ മൂല്യങ്ങളും ‘വസുധൈവ കുടുംബകം’ എന്ന ആശയവും ഉയർത്തിപ്പിടിക്കുന്ന രാജ്യമാണെന്നും, ആ മൂല്യങ്ങൾ പ്രവൃത്തിയിലും പ്രതിഫലിക്കേണ്ടതുണ്ടെന്നും യാദവ് അഭിപ്രായപ്പെട്ടു. സമാധാനമാണ് ഏറ്റവും വലിയ ശക്തിയെന്നും രാജ്യത്തിന്റെ അന്തസ് സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ ഗൗരവമുള്ളതാണെന്നും സർക്കാർ വിദ്യാർഥികൾക്കിടയിൽ വിശ്വാസം വളർത്തിയെടുക്കാൻ ബാധ്യസ്ഥമാണെന്നും യാദവ് ചൂണ്ടിക്കാട്ടി. “ഞാൻ വിദ്യാർഥികൾക്കൊപ്പമാണ്. രാജ്യവും നിങ്ങളോടൊപ്പമുണ്ട്. സമാധാനം കൈവിടാതെ മുന്നോട്ട് പോകുക. സർക്കാർ- വിദ്യാർഥി സംഭാഷണം ആരംഭിച്ചാൽ പരിഹാരങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ,” -എന്നും അദ്ദേഹം പറഞ്ഞു.

1999-ലെ കാർഗിൽ യുദ്ധത്തിൽ ടൈഗർ ഹിൽ കീഴടക്കിയ പോരാട്ടത്തിലെ അസാധാരണ ധീരതക്കാണ് യോഗേന്ദ്ര സിംഗ് യാദവിന് രാജ്യത്തിൻ്റെ പരമോന്നത ധീരതാ പുരസ്‌കാരമായ പരംവീർ ചക്ര ലഭിച്ചത്. 19-ാം വയസിൽ ഈ ബഹുമതി നേടിയ ഏറ്റവും പ്രായം കുറഞ്ഞ സൈനികരിൽ ഒരാളാണ് അദ്ദേഹം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.