നീറ്റ് പരീക്ഷാ ക്രമക്കേടുകളെ ചൊല്ലിയുണ്ടായ വിവാദങ്ങൾക്കും രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു. തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ രാജിക്കത്ത് പുറത്തുവിട്ട അദ്ദേഹം, സംഭവങ്ങളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജി സമർപ്പിച്ചതായി അറിയിച്ചു.
ജന്തർ മന്തറിൽ കഴിഞ്ഞ 36 ദിവസമായി തുടരുന്ന പ്രതിഷേധത്തിൽ ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യമാണ് പ്രധാനമായി ഉയർന്നിരുന്നത്. രാജി ഒഴികെ മറ്റൊരു വിട്ടുവീഴ്ചയും അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
സിജെപിയുടെ പ്രതികരണവും സോനം വാങ്ചുക്കിൻ്റെ പിന്തുണയും
ധർമ്മേന്ദ്ര പ്രധാൻ്റെ രാജിക്ക് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതികരണവുമായി രംഗത്തെത്തി. “പാറ്റ വിജയിച്ചു” എന്ന കുറിപ്പോടെയാണ് പാർട്ടി സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചത്. ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പാർട്ടി ജന്തർ മന്തറിൽ 36 ദിവസമായി സമരം നടത്തിയിരുന്നു. സമരത്തിന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിൻ്റെ പിന്തുണയും ലഭിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ചയും വിദ്യാർഥി പ്രതിഷേധങ്ങളും ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലേക്ക് നീങ്ങിയതെന്നാണ് വിലയിരുത്തൽ.
‘ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല’; ധർമ്മേന്ദ്ര പ്രധാൻ
രാജി പ്രഖ്യാപിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പിൽ, വിഷയത്തിൻ്റെ ഉത്തരവാദിത്തം ആദ്യഘട്ടം മുതൽ ഏറ്റെടുത്തിരുന്നുവെന്നും അതിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞു മാറിയിട്ടില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. പരീക്ഷാ മാഫിയയുടെ ഇടപെടൽ മൂലം അർഹരായ വിദ്യാർഥികൾക്ക് അനീതി സംഭവിക്കില്ലെന്നും വിദ്യാഭ്യാസ രംഗത്ത് സുതാര്യത ഉറപ്പാക്കാനുള്ള പ്രതിബദ്ധത തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് പതിറ്റാണ്ടിലേറെയായി വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പരിഷ്കരണത്തിനുമായി പ്രവർത്തിച്ചു വരുകയാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ സേവിക്കാൻ അവസരം ലഭിച്ചതിൽ നന്ദിയുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
നീറ്റ് പരീക്ഷാ വിവാദവും സിബിഐ അന്വേഷണവും
2026 മെയ് 3ന് നടന്ന നീറ്റ്-യുജി പരീക്ഷയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര സർക്കാർ അന്വേഷണം സിബിഐക്ക് കൈമാറുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തതായി ധർമ്മേന്ദ്ര പ്രധാൻ വിശദീകരിച്ചു. തുടർന്ന് പുനഃപരീക്ഷ നടത്തുകയും, സംസ്ഥാന സർക്കാരുകളുടെയും ജില്ലാ ഭരണകൂടങ്ങളുടെയും സഹകരണത്തോടെ 2026 ജൂൺ 21-ന് പരീക്ഷ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. ജൂലൈ 16ന് പ്രസിദ്ധീകരിച്ച ഫലങ്ങളിൽ വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ മികച്ച നേട്ടം കൈവരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജിയുടെ കാരണവും തുടർനടപടികളും
ജന്തർ മന്തറിലെയും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലെയും പ്രതിഷേധങ്ങൾ സൃഷ്ടിച്ച സാഹചര്യം ദേശവിരുദ്ധ ശക്തികൾ മുതലെടുക്കാതിരിക്കാനാണ് രാജിവെക്കാൻ തീരുമാനിച്ചതെന്ന് ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി. ഒരു വിദ്യാർഥിയുടെയും ഭാവി നിയമപരമായ അനിശ്ചിതത്വത്തിൽപ്പെടരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) രീതിയിൽ നടത്താൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. രാജ്യസേവനമാണ് തൻ്റെ പ്രഥമ പരിഗണനയെന്നും, ഭാവിയിലും ഒഡീഷയിലെയും രാജ്യത്തുടനീളമുള്ള യുവജനങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


