കുട്ടികൾക്കായി ബെഡ്‌ടൈം സ്റ്റോറികൾ സൃഷ്ടിക്കാൻ മാതാപിതാക്കളെ സഹായിക്കുന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആപ്ലിക്കേഷൻ പരീക്ഷിച്ച് മെറ്റ. ‘സ്റ്റോറികിറ്റ്’ (StoryKit) എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ്, നിലവിൽ ചില രാജ്യങ്ങളിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിരിക്കുന്നത്. ആപ്പ് വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുന്നതിന് മുമ്പ് മാതാപിതാക്കളുടെ പ്രതികരണം വിലയിരുത്താനാണ് കമ്പനി നിലവിൽ ലക്ഷ്യമിടുന്നത്.
ഈ ആപ്പിന്റെ സഹായത്തോടെ ഇഷ്ടമുള്ള കഥാപാത്രങ്ങൾ, സ്ഥലങ്ങൾ, ഗുണപാഠം എന്നിവ തിരഞ്ഞെടുത്ത് കുട്ടികൾക്കായി കഥകൾ മെനയാൻ മാതാപിതാക്കൾക്ക് സാധിക്കും. കുട്ടികൾക്ക് പ്രിയപ്പെട്ട കളിപ്പാട്ടങ്ങളുടെയോ വ്യക്തികളുടെയോ ചിത്രങ്ങൾ എടുത്തും കഥാ പശ്ചാത്തലം വിവരിച്ചും കഥകൾ കൂടുതൽ ആകർഷകമാക്കാം. ദയ, ധൈര്യം, സഹാനുഭൂതി തുടങ്ങിയ മാനുഷിക മൂല്യങ്ങൾ കഥയുടെ പ്രമേയമായി തിരഞ്ഞെടുക്കാനും ഇതിൽ സൗകര്യമുണ്ട്. എഐ വഴി തയ്യാറാക്കുന്ന ഈ കഥകൾക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതവും ആപ്പ് തന്നെ ഒരുക്കുന്നതിനാൽ ഉപയോക്താക്കൾക്ക് കഥയിലെ ഒരു വാക്ക് പോലും സ്വയം എഴുതേണ്ടി വരുന്നില്ല.
സുരക്ഷാ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തുന്നതിനായി എഐ സുരക്ഷാ ഫിൽട്ടറുകൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. കുട്ടികൾക്കായുള്ള ആപ്പായതിനാൽ ഇതിൽ സോഷ്യൽ നെറ്റ്‌വർക്കിംഗ് ഫീച്ചറുകൾ പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. പരീക്ഷണ കാലയളവിൽ 18 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന ഉപയോക്താക്കൾക്ക് മാത്രമാണ് ആപ്പ് ലഭ്യമാകുക. മാതാപിതാക്കളെ അവരുടെ സർഗ്ഗാത്മകത ഉപയോഗിച്ച് കുട്ടികളോട് സംവദിക്കാൻ സഹായിക്കുന്ന ഒരു ക്രിയേറ്റീവ് സ്റ്റോറിടെല്ലിങ് ടൂളാണിതെന്ന് മെറ്റ വ്യക്തമാക്കുന്നു.
മെറ്റയുടെ വിപുലമായ എഐ മുന്നേറ്റത്തിന്റെ ഭാഗമായാണ് സ്റ്റോറികിറ്റ് വികസിപ്പിച്ചിരിക്കുന്നത്. ചിത്ര നിർമ്മാണം, ചാറ്റ്‌ബോട്ടുകൾ തുടങ്ങിയ സേവനങ്ങൾക്ക് പിന്നാലെ ജനറേറ്റീവ് എഐ സാങ്കേതികവിദ്യ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. എഐ രംഗത്ത് ഓപ്പൺ എഐ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ ആഗോള കമ്പനികൾ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന സാഹചര്യത്തിൽ ഈ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ് മെറ്റ.


