...
Home News Kerala മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗായത്രിയെ മുഖ്യമന്ത്രി പരസ്യമായി അപമാനിച്ചുവെന്ന പരാതിയും യോഗത്തില്‍ ഉയര്‍ന്നു

2

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറുടെ നേതൃത്വത്തില്‍ കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരായ സംഘടനയുടെ ശക്തമായ പ്രതിഷേധം വ്യക്തമാക്കുന്ന പ്രമേയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും കെപിസിസി അധ്യക്ഷനും കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗായത്രിയെ മുഖ്യമന്ത്രി പരസ്യമായി അപമാനിച്ചുവെന്ന പരാതിയും യോഗത്തില്‍ ഉയര്‍ന്നു. ഒരു ആവശ്യവുമായി മുഖ്യമന്ത്രിയെ കാണാന്‍ എത്തിയപ്പോഴാണ് അപമാനകരമായ പെരുമാറ്റം ഉണ്ടായതെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ ആരോപണം. ഇത്തരം സമീപനം അംഗീകരിക്കാനാകില്ലെന്നും സംഘടന വ്യക്തമാക്കി.

കഴിഞ്ഞ സര്‍ക്കാരിനെതിരെ നിരവധി സമരങ്ങള്‍ നടത്തി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച സംഘടനാ പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ സമീപനം നിരാശാജനകവും അപലപനീയവുമാണെന്ന് മഹിളാ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

അതേസമയം, നേരത്തെയും മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് അനുകൂല സംഘടനകളില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഗവണ്‍മെന്റ് പ്ലീഡര്‍മാരായി ആര്‍എസ്എസ്–എസ്എഫ്‌ഐ പശ്ചാത്തലമുള്ളവരെ നിയമിക്കുന്നുവെന്ന ആരോപണവുമായി ലോയേഴ്‌സ് കോണ്‍ഗ്രസും കെഎസ്‌യുവും രംഗത്തെത്തിയിരുന്നു. കെഎസ്‌യു അധ്യക്ഷന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതും വിവാദമായിരുന്നു.

ആ വിവാദങ്ങള്‍ പൂര്‍ണമായി കെട്ടടങ്ങും മുമ്പാണ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ പ്രമേയം പാസാക്കി മഹിളാ കോണ്‍ഗ്രസ് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.