രാജ്യതലസ്ഥാനത്ത് വിദ്യാർഥികൾ നടത്തിയ സിജെപി പാർലമെന്റ് മാർച്ചിനിടെ പൊലീസ് സ്വീകരിച്ച നടപടിക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. പ്രതിഷേധമുണ്ടെന്ന കാരണത്താൽ പൊലീസിന് അമിതാധികാരം പ്രയോഗിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
വിദ്യാർഥികൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ് അംഗീകരിക്കാനാകില്ലെന്നും സമാധാനപരവും നിയമാനുസൃതവുമായ പ്രതിഷേധം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി.
പ്രതിഷേധങ്ങൾക്കിടയിൽ ചില സാമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറുന്ന സാഹചര്യമുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇത്തരത്തിലുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി രാജ്യവ്യാപകമായി നടപ്പാക്കാവുന്ന മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും ബെഞ്ച് അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഇതിനിടെ, പ്രതിഷേധത്തിനിടെ പരുക്കേറ്റ പൊലീസുകാരുടെ കുടുംബാംഗങ്ങളും കോടതിയിൽ ഹാജരായി. തങ്ങളുടെ വാദം കൂടി കേൾക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എല്ലാ ഹർജികളും ഒരുമിച്ച് പരിഗണിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന്, കേസിൽ നാളെ വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിച്ചു.
പൊലീസിനും അർധസൈനിക വിഭാഗത്തിനുമെതിരെ കേസെടുക്കണമെന്നതാണ് ഹർജികളിലെ പ്രധാന ആവശ്യം. നിലവിൽ മൂന്ന് ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.


