27 July 2026
Home News National സോനം വാങ്ചുക്; രാജ്ഘട്ടിൽ ഗാന്ധിജിക്ക് ആദരാഞ്ജലി അർപ്പിച്ച് ലഡാക്കിലേക്ക് മടങ്ങി

സോനം വാങ്ചുക്; രാജ്ഘട്ടിൽ ഗാന്ധിജിക്ക് ആദരാഞ്ജലി അർപ്പിച്ച് ലഡാക്കിലേക്ക് മടങ്ങി

നിരാഹാര സമരത്തിനൊടുവിൽ സർക്കാരുമായി ധാരണയിലെത്തിയതിനെ തുടർന്നാണ് വാങ്ചുക് സമരം അവസാനിപ്പിച്ചത്

3

26 ദിവസത്തെ നിരാഹാര സമരത്തിന് പിന്നാലെ ചികിത്സയിലായിരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ തിങ്കളാഴ്ച ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ആശുപത്രി വിട്ട ഉടൻ അദ്ദേഹം രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം സ്വന്തം നാടായ ലഡാക്കിലേക്ക് മടങ്ങി.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ നടത്തിയ നിരാഹാര സമരത്തിനൊടുവിൽ സർക്കാരുമായി ധാരണയിലെത്തിയതിനെ തുടർന്നാണ് വാങ്ചുക് സമരം അവസാനിപ്പിച്ചത്. ജൂലൈ 24ന് കേന്ദ്രമന്ത്രി ജെ.പി നദ്ദ ജ്യൂസ് നൽകി അദ്ദേഹത്തിന്റെ നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.

രാജ്ഘട്ടിൽ ആദരാഞ്ജലി

നിരാഹാരം ആരംഭിക്കുന്നതിന് മുൻപും സോനം വാങ്ചുക് രാജ്ഘട്ട് സന്ദർശിച്ച് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു. പ്രക്ഷോഭം അവസാനിപ്പിച്ച് ലഡാക്കിലേക്ക് മടങ്ങുന്നതിന് മുൻപ് വീണ്ടും രാജ്ഘട്ടിലെത്തി ഗാന്ധിജിയെ അനുസ്മരിച്ചത് ശ്രദ്ധേയമായി. സമാധാനപരമായ പ്രതിഷേധത്തിന്റെയും അഹിംസയുടെയും പ്രതീകമായി രാജ്ഘട്ട് സന്ദർശിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

ആരോഗ്യനില തൃപ്തികരം

ജൂലൈ 21നാണ് സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇൻ്റെണൽ മെഡിസിൻ, ക്രിട്ടിക്കൽ കെയർ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ മേൽനോട്ടത്തിൽ സംയോജിത ചികിത്സയാണ് നൽകിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരവും സ്ഥിരതയുള്ളതുമായിരുന്നു. രക്തസമ്മർദ്ദം, ഹൃദയമിടിപ്പ് ഉൾപ്പെടെയുള്ള സുപ്രധാന ആരോഗ്യ സൂചകങ്ങൾ സാധാരണ നിലയിലാണെന്നും, തുടർപരിശോധനയ്ക്കായി ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ ചികിത്സ തുടരാൻ നിർദേശിച്ചിട്ടുണ്ടെന്നും ആശുപത്രി വ്യക്തമാക്കി.

26 ദിവസത്തെ നിരാഹാര സമരം

ജൂൺ 28ന് ഡൽഹിയിലെ ജന്തർ മന്തറിലാണ് സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. 26 ദിവസം നീണ്ട സമരത്തിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ജൂലൈ 18ന് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ഡൽഹി ഹൈക്കോടതിയുടെ നിർദേശപ്രകാരം ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

നീണ്ട ചർച്ചകൾക്കൊടുവിൽ വിവിധ ആവശ്യങ്ങളിൽ ധാരണയായതിനെ തുടർന്നും രാജ്യത്ത് സമാധാനാന്തരീക്ഷം നിലനിർത്തേണ്ടതിൻ്റെ ആവശ്യകത പരിഗണിച്ചുമാണ് നിരാഹാരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് സോനം വാങ്ചുക് വ്യക്തമാക്കിയിരുന്നു.

നിരാഹാര സമരം അവസാനിച്ചതിന് പിന്നാലെ പ്രതികരിച്ച അദ്ദേഹം, “ഇത് ജനാധിപത്യത്തിൻ്റെ വിജയമാണ്. സമാധാനത്തിൻ്റെയും ക്ഷമയുടെയും സ്ഥിരോത്സാഹത്തിൻ്റെയും വിജയമാണിത്,” എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു.