...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National കാനന യുദ്ധതന്ത്രത്തിൻ്റെ ശിൽപ്പി ബ്രിഗേഡിയർ ബസന്ത് കുമാർ പൊൻവർക്ക് വിട!

കാനന യുദ്ധതന്ത്രത്തിൻ്റെ ശിൽപ്പി ബ്രിഗേഡിയർ ബസന്ത് കുമാർ പൊൻവർക്ക് വിട!

ചരിത്രപ്രസിദ്ധമായ ടാങൈൽ പാരാഡ്രോപ്പ് ഓപ്പറേഷനിൽ പ്രധാന ലിങ്ക് ഓഫീസറായിരുന്നു

232

1971ലെ ഇന്തോ-പാക് യുദ്ധത്തിലെ ധീരസൈനികനും രാജ്യത്തെ ആധുനിക കാനന യുദ്ധതന്ത്ര പരിശീലനത്തിന്റെ ശിൽപ്പികളിലൊരാളുമായ ബ്രിഗേഡിയർ ബസന്ത് കുമാർ പൊൻവർ (റിട്ട.) അന്തരിച്ചു. 77 വയസ്സായിരുന്നു. ബുധനാഴ്ച മൗവിലായിരുന്നു അന്ത്യം. മാതാവ് ദേവിക പൊൻവാറും സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന രണ്ട് മക്കളുമാണ് കുടുംബാംഗങ്ങൾ.

1949 മാർച്ച് 3ന് ഇൻഡോറിൽ ജനിച്ച പൊൻവർ 1969 ഡിസംബറിലാണ് മറാത്ത ലൈറ്റ് ഇൻഫൻട്രിയുടെ ഒന്നാം ബറ്റാലിയനിൽ (1 MLI) കമ്മിഷൻ ലഭിച്ചത്. 1971ലെ ഇന്തോ-പാക് യുദ്ധത്തിൽ 95-ാം മൗണ്ടൻ ബ്രിഗേഡിന്റെ ഭാഗമായി അതിർത്തി കടന്നുള്ള ദൗത്യങ്ങളിൽ അദ്ദേഹം പങ്കെടുത്തു. മുക്തിബാഹിനി പോരാളികൾക്കൊപ്പം ചേർന്ന് കമാൽപൂർ, ബക്ഷിഗഞ്ച് മേഖലകളിലെ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുകയും ധാക്കയിലേക്കുള്ള മുന്നേറ്റത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. ചരിത്രപ്രസിദ്ധമായ ടാങൈൽ പാരാഡ്രോപ്പ് ഓപ്പറേഷനിലും അദ്ദേഹം പ്രധാന ലിങ്ക് ഓഫീസറായിരുന്നു.

36 വർഷം നീണ്ട സൈനിക സേവനത്തിനിടെ 1 MLIയുടെ കമാൻഡറായും മിസോറാമിലെ കൗണ്ടർ ഇൻസർജൻസി ആൻഡ് ജംഗിൾ വാർഫെയർ സ്‌കൂളിന്റെ (CIJWS) കമാൻഡന്റായും പ്രവർത്തിച്ചു. 2004ൽ നടന്ന ആദ്യ ഇന്തോ-അമേരിക്കൻ സംയുക്ത സൈനികാഭ്യാസമായ ‘യുദ്ധ് അഭ്യാസ്’ നയിച്ചതും അദ്ദേഹമാണ്. സൈനിക സേവനത്തിലെ മികവിന് അതി വിശിഷ്ട സേവാ മെഡലും (AVSM) വിശിഷ്ട സേവാ മെഡലും (VSM) ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു.

സൈന്യത്തിൽ നിന്ന് വിരമിച്ചശേഷം ഛത്തീസ്ഗഢ് സർക്കാർ അദ്ദേഹത്തെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസായി നിയമിച്ചു. 2005ൽ കാങ്കറിൽ കൗണ്ടർ ടെററിസം ആൻഡ് ജംഗിൾ വാർഫെയർ കോളേജ് (CTJWC) സ്ഥാപിച്ച അദ്ദേഹം, മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി സംസ്ഥാന പൊലീസ് സേനകളിലെയും കേന്ദ്ര അർധസൈനിക വിഭാഗങ്ങളിലെയും 37,000-ത്തിലധികം ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. ഏകദേശം 18 വർഷത്തോളം അദ്ദേഹം സ്ഥാപനത്തെ നയിച്ചു. “ഗറില്ലയെ ഗറില്ലയെപ്പോലെ നേരിടുക” എന്ന ആശയമാണ് അദ്ദേഹത്തിന്റെ പരിശീലനരീതിയുടെ മുഖമുദ്രയായി അറിയപ്പെട്ടിരുന്നത്.

ബ്രിഗേഡിയർ പൊൻവാറിന്റെ നിര്യാണത്തിൽ ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി രമൺ സിംഗ് അനുശോചനം രേഖപ്പെടുത്തി. കാനന യുദ്ധത്തിൽ സുരക്ഷാസേനയെ പ്രാവീണ്യമുള്ളവരാക്കി സംസ്ഥാനത്തിന്റെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവന ചരിത്രപരമാണെന്നും അദ്ദേഹത്തിന്റെ വേർപാട് രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും രമൺ സിംഗ് പറഞ്ഞു.

ഛത്തീസ്ഗഡ് പോലീസും ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ അദ്ദേഹത്തിന്റെ ധൈര്യവും നേതൃത്വവും രാഷ്ട്രസേവനവും എന്നും പ്രചോദനമായി തുടരുമെന്നും, സംസ്ഥാനത്തിന്റെ സുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവന മറക്കാനാവാത്തതാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.