...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News International കനേഡിയൻ പൗരത്വ നിയമത്തിൽ നിർണായക മാറ്റം; വിദേശത്ത് ജനിച്ച കൂടുതൽ പേർക്ക് പൗരത്വത്തിന് അവസരം

കനേഡിയൻ പൗരത്വ നിയമത്തിൽ നിർണായക മാറ്റം; വിദേശത്ത് ജനിച്ച കൂടുതൽ പേർക്ക് പൗരത്വത്തിന് അവസരം

പുതിയ നിയമപ്രകാരം തങ്ങൾക്ക് കനേഡിയൻ പൗരത്വത്തിന് അർഹതയുണ്ടെന്ന് കരുതുന്നവർ ‘കനേഡിയൻ സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റ്’ നേടേണ്ടതുണ്ട്. ഈ സർട്ടിഫിക്കറ്റാണ് പൗരത്വത്തിന്റെ ഔദ്യോഗിക തെളിവായി കണക്കാക്കുന്നത്.

202

കനേഡിയൻ പൗരത്വ നിയമത്തിൽ സുപ്രധാന ഭേദഗതിയുമായി കാനഡ സർക്കാർ. 2025 ഡിസംബർ 15-ന് പാസാക്കിയ ബിൽ C-3 പ്രകാരം, വിദേശത്ത് ജനിച്ച ചില വ്യക്തികൾക്ക് കനേഡിയൻ പൗരത്വം നേടുന്നതിന് തടസ്സമായിരുന്ന ‘ഒന്നാം തലമുറ പരിധി’ (First-Generation Limit) ഒഴിവാക്കി. ഇതോടെ കനേഡിയൻ പാരമ്പര്യമുള്ള കൂടുതൽ ആളുകൾക്ക് പൗരത്വത്തിനുള്ള അർഹത ലഭിക്കുമെന്നാണ് വിലയിരുത്തൽ.

മുൻ നിയമപ്രകാരം, കാനഡയ്ക്ക് പുറത്തു ജനിച്ച കനേഡിയൻ പൗരന്റെ കുട്ടികൾക്ക് മാത്രമായിരുന്നു പൗരത്വത്തിനുള്ള അവകാശം ലഭിച്ചിരുന്നത്. അതിനപ്പുറം വരുന്ന തലമുറകൾക്ക് പൗരത്വം ലഭിക്കുന്നതിൽ നിയന്ത്രണങ്ങളുണ്ടായിരുന്നു. പുതിയ നിയമഭേദഗതിയോടെ ഈ നിയന്ത്രണം നീക്കിയതോടെ, കനേഡിയൻ മാതാപിതാക്കളിലൂടെയോ പൂർവികരിലൂടെയോ പൗരത്വ ബന്ധമുള്ള കൂടുതൽ പേർക്ക് അപേക്ഷിക്കാനുള്ള വഴി തുറന്നിരിക്കുകയാണ്.

എന്നാൽ പൗരത്വത്തിന് അർഹതയുള്ളതും അത് ഔദ്യോഗികമായി തെളിയിക്കുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. പുതിയ നിയമപ്രകാരം തങ്ങൾക്ക് കനേഡിയൻ പൗരത്വത്തിന് അർഹതയുണ്ടെന്ന് കരുതുന്നവർ ‘കനേഡിയൻ സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റ്’ നേടേണ്ടതുണ്ട്. ഈ സർട്ടിഫിക്കറ്റാണ് പൗരത്വത്തിന്റെ ഔദ്യോഗിക തെളിവായി കണക്കാക്കുന്നത്.

സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രമേ കനേഡിയൻ പാസ്‌പോർട്ടിന് അപേക്ഷിക്കാനോ പൗരന്മാർക്കുള്ള മറ്റ് അവകാശങ്ങളും ആനുകൂല്യങ്ങളും ഉപയോഗിക്കാനോ കഴിയൂ.

പൗരത്വ അപേക്ഷ പരിഗണിക്കുമ്പോൾ കുടുംബ ബന്ധങ്ങളുടെ വ്യക്തമായ രേഖകൾ സമർപ്പിക്കേണ്ടത് നിർണായകമാണ്. അപേക്ഷകനും കനേഡിയൻ പൗരനായ പൂർവികനും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റുകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ, മറ്റ് സർക്കാർ രേഖകൾ തുടങ്ങിയവ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ആവശ്യപ്പെടും.

അതേസമയം, കനേഡിയൻ പൂർവികരുള്ളത് മാത്രം സ്വമേധയാ പൗരത്വം ഉറപ്പാക്കുന്നില്ല. കുട്ടി ജനിക്കുന്നതിന് മുമ്പ് മാതാപിതാക്കൾ കനേഡിയൻ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ കുട്ടിയുടെ ജനനത്തിന് ശേഷമാണ് മാതാപിതാക്കൾ പൗരത്വം നേടിയതെങ്കിൽ, അപേക്ഷയുടെ യോഗ്യതയെ അത് ബാധിച്ചേക്കാം.

അതിനാൽ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് കുടുംബത്തിന്റെ പൗരത്വ ചരിത്രം വിശദമായി പരിശോധിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. കുടുംബാംഗങ്ങൾ എവിടെയാണ് ജനിച്ചത്, അവർ എപ്പോഴാണ് കനേഡിയൻ പൗരത്വം നേടിയത്, പൗരത്വം ഉപേക്ഷിച്ചതോ പേര് മാറ്റിയതോ പോലുള്ള കാര്യങ്ങൾ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ കൃത്യമായി ശേഖരിക്കേണ്ടതുണ്ട്.

പുതിയ നിയമഭേദഗതി വിദേശത്ത് താമസിക്കുന്ന ആയിരക്കണക്കിന് കനേഡിയൻ വംശജർക്ക് പൗരത്വത്തിലേക്കുള്ള പുതിയ അവസരങ്ങൾ തുറന്നുകൊടുക്കുന്നുണ്ടെങ്കിലും, അന്തിമ അർഹത ഓരോ അപേക്ഷകന്റെയും കുടുംബചരിത്രവും രേഖകളും അടിസ്ഥാനമാക്കിയായിരിക്കും തീരുമാനിക്കുക.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.