ദേശീയ തലസ്ഥാനത്ത് രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി കേന്ദ്ര സർക്കാർ. ഡീലിമിറ്റേഷൻ (മണ്ഡല പുനർനിർണ്ണയം) ബില്ലുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 15ന് ശേഷം പാർലമെന്റിൻ്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 16നും 18നും ഇടയിൽ സമ്മേളനം നടന്നേക്കുമെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. ബിൽ ചർച്ച ചെയ്ത് പാസാക്കുകയാണ് ലക്ഷ്യം.
രാഹുൽ ഗാന്ധിയും കിരൺ റിജിജുവും തമ്മിലുള്ള ചർച്ച
പാർലമെന്റിലെ അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി പാർലമെൻ്റെറി കാര്യ മന്ത്രി കിരൺ റിജിജുവും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി. പ്രത്യേക സമ്മേളനം വിളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു.
സഭയുടെ സുഗമമായ നടത്തിപ്പിനായി പ്രതിപക്ഷവുമായി യോജിച്ചു പോകാനാണ് സർക്കാരിൻ്റെ നീക്കം. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പുറമെ മറ്റ് പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്താൻ കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, പിയൂഷ് ഗോയൽ, അർജുൻ റാം മേഘ്വാൾ, എൽ. മുരുകൻ എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
എഫ്.സി.ആർ.എ ഭേദഗതി ബില്ലും പരിഗണനയിൽ
ഡീലിമിറ്റേഷന് പുറമെ, വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബില്ലും (FCRA Amendment Bill 2026) അടുത്ത ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുന്നുണ്ട്. പ്രത്യേക സമ്മേളനത്തിൻ്റെ തീയതിയും അജണ്ടയും സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡീലിമിറ്റേഷൻ ബില്ലിലെ പ്രധാന വ്യവസ്ഥകൾ
ലോക്സഭ സീറ്റുകൾ വർദ്ധിക്കുന്നു: ലോക്സഭയിലെ അംഗസംഖ്യ 543ൽ നിന്ന് 850 ആയി ഉയർത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതിയാണ് ബിൽ നിർദ്ദേശിക്കുന്നത്.
സംസ്ഥാനങ്ങൾക്ക്: ഇതിൽ 815 സീറ്റുകൾ സംസ്ഥാനങ്ങൾക്കും 35 എണ്ണം കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായിരിക്കും.
വനിതാ സംവരണം: ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് മണ്ഡല പുനർനിർണ്ണയ വ്യവസ്ഥകൾ ഉൾപ്പെടുത്തി ബിൽ വീണ്ടും അവതരിപ്പിക്കുന്നത്. ഇതിനായി ഭരണഘടനയുടെ 81-ാം ആർട്ടിക്കിളിൽ ഭേദഗതി വരുത്തേണ്ടതുണ്ട്.
കോൺഗ്രസിൻ്റെ നിലപാട്
ഡീലിമിറ്റേഷൻ ബില്ലിനെ ശക്തമായി എതിർക്കാനാണ് കോൺഗ്രസ് പാർട്ടി തീരുമാനം. പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള കോൺഗ്രസ് പാർലമെൻ്റെറി പാർട്ടി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് നിലനിൽക്കെ, ബില്ലിന്മേൽ സമവായത്തിലെത്തുക എന്നത് സർക്കാരിന് വലിയ വെല്ലുവിളിയാകും.



