...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News Kerala ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലേക്ക് ലോ അക്കാദമി ഡയറക്ടര്‍; എതിര്‍പ്പുമായി ലോയേഴ്‌സ് യൂണിയന്‍

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലേക്ക് ലോ അക്കാദമി ഡയറക്ടര്‍; എതിര്‍പ്പുമായി ലോയേഴ്‌സ് യൂണിയന്‍

പാര്‍ട്ടിയിലെ ഉന്നത ബന്ധങ്ങളുടെ പിന്‍ബലത്തിലുള്ള നിയമനമാണെന്നാണ് വിമര്‍ശനം

160

തിരുവനന്തപുരം സ്വകാര്യ ലോ അക്കാദമി ഡയറക്ടറും ഹൈക്കോടതി അഭിഭാഷകനുമായ നാഗരാജ് നാരായണനെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (BCI) അംഗമാക്കാന്‍ സിപിഐഎം നീക്കം. സ്വന്തം സംഘടനയായ അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ്റെ കടുത്ത എതിര്‍പ്പുകള്‍ പോലും അവഗണിച്ചാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നേരിട്ട് പങ്കെടുത്ത ലോയേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ ഫ്രാക്ഷന്‍ യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം ഉണ്ടായത്.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ കാലത്ത് വനം വകുപ്പിൻ്റെ പ്രത്യേക സര്‍ക്കാര്‍ പ്ലീഡറായി സേവനമനുഷ്ഠിച്ചിട്ടുള്ള നാഗരാജ് നാരായണന്‍, കഴിഞ്ഞ ബാര്‍ കൗണ്‍സില്‍ ഓഫ് കേരള ഭരണസമിതി തെരഞ്ഞെടുപ്പില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഐഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരൻ്റെ മകന്‍ കൂടിയായ അദ്ദേഹത്തിൻ്റെത് പാര്‍ട്ടിയിലെ ഉന്നത ബന്ധങ്ങളുടെ പിന്‍ബലത്തിലുള്ള നിയമനമാണെന്നാണ് വിമര്‍ശനം. എന്നാല്‍, ലോയേഴ്സ് യൂണിയനിലെ അര്‍ഹരായ മറ്റ് സീനിയര്‍ അഭിഭാഷക നേതാക്കളെ ഒഴിവാക്കിയാണ് ഈ തീരുമാനമെന്ന ആക്ഷേപവും ശക്തമാണ്.

ക്രമക്കേടുകളും ബാര്‍ കൗണ്‍സില്‍ ചട്ടങ്ങളും

രാജ്യത്തെ നിയമ വിദ്യാഭ്യാസത്തിൻ്റെ പരമാധികാര കേന്ദ്രമായ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയാണ് കേരളത്തിലെയും ലോ കോളേജുകള്‍ പ്രവര്‍ത്തിക്കേണ്ടത്. നിയമ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിൻ്റെ ഭാഗമായി ഈവനിംഗ് എല്‍എല്‍ബി കോഴ്സുകള്‍ ബിസിഐ നേരത്തെ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍, ബിസിഐയുടെ കര്‍ശന നിര്‍ദ്ദേശങ്ങളെയും ചട്ടങ്ങളെയും മറികടന്ന് ഈവനിംഗ് ബാച്ചിനെ ‘സ്പെഷ്യല്‍ ബാച്ച്’ ആക്കി മാറ്റി ലോ അക്കാദമി പ്രവര്‍ത്തിപ്പിക്കുന്നുവെന്ന ഗുരുതരമായ ആക്ഷേപങ്ങള്‍ നിലവിലുണ്ട്.

രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്ത രീതിയില്‍ മൂന്ന് വര്‍ഷ ബിരുദ കോഴ്‌സിന് 300 വിദ്യാര്‍ത്ഥികള്‍ വീതം രണ്ട് ഷിഫ്റ്റുകളായാണ് തിരുവനന്തപുരം ലോ അക്കാദമിയില്‍ ക്ലാസുകള്‍ നടക്കുന്നത്. ഇത് ബാര്‍ കൗണ്‍സില്‍ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് ഉപസമിതി കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ മിന്നല്‍ പരിശോധനയും നടത്തിയിരുന്നു.

താല്പര്യ സംരക്ഷണത്തിനായുള്ള നീക്കമെന്ന് ആക്ഷേപം

ഗുരുതരമായ ഈ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നിലനില്‍ക്കുന്ന ഒരു സ്വകാര്യ ലോ കോളേജിൻ്റെ ഡയറക്ടറെത്തന്നെ നിയമ വിദ്യാഭ്യാസത്തിൻ്റെ മേല്‍നോട്ട ചുമതലയുള്ള ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള സിപിഐഎം നീക്കം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും കടുത്ത വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. അഭിഭാഷക പദവി മുന്‍നിര്‍ത്തി സ്വകാര്യ മാനേജ്‌മെന്റിൻ്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഈ തീരുമാനമെന്നാണ് സംഘടനയ്ക്കുള്ളില്‍ നിന്നും പുറത്തുനിന്നും ഉയരുന്ന പ്രധാന ആരോപണം. (കടപ്പാട്: റിപ്പോർട്ടറിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.