ശബരിമല മില്‍മ നെയ് ക്രമക്കേടിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ്. പ്രശാന്ത്, ബോര്‍ഡ് അംഗമായിരുന്ന അജികുമാര്‍ എന്നിവരെ പ്രതിചേര്‍ക്കും. അടുത്തിടെ അന്തരിച്ച മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും കേസില്‍ പ്രതിയാക്കാനാണ് തീരുമാനം. ക്രമക്കേടുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് നേതൃത്വം നൽകിയത് ഇവരാണെന്ന ദേവസ്വം വിജിലൻസ് കണ്ടെത്തലിനെ തുടർന്നാണ് നടപടി. ശ്രദ്ധേയമായ കാര്യം, ഇവർ മൂവരും ശബരിമല സ്വര്‍ണക്കൊള്ള കേസിലും പ്രതികളാണ്.
പ്രധാന വിവരങ്ങൾ
നെയ് തട്ടിപ്പിൻ്റെ പശ്ചാത്തലം: കഴിഞ്ഞ മണ്ഡലകാലത്ത് മില്‍മയുടെ തിരുവനന്തപുരം മേഖലാ യൂണിയനില്‍ നിന്ന് ഒന്നരലക്ഷത്തോളം ലിറ്റര്‍ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്.
സാമ്പത്തിക നഷ്‌ടം: ഗുണനിലവാരമില്ലാത്ത നെയ്യ് വാങ്ങിയെന്നും, യഥാര്‍ഥ നെയ്യ് മറിച്ചുവിറ്റ് സാമ്പത്തിക നേട്ടമുണ്ടാക്കി എന്നുമാണ് പ്രധാന ആരോപണം. ഉയര്‍ന്ന വിലയ്ക്ക് നെയ്യ് വാങ്ങിയതുവഴി ദേവസ്വം ബോര്‍ഡിന് 2 കോടി 30 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായെന്നും അന്വേഷണത്തിൽ വ്യക്തമാക്കുന്നു.
പ്രത്യേക അന്വേഷണ സംഘം (SIT): കേസ് അന്വേഷണത്തിനായി എസ്.പി എംജെ സോജനെ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവനായി നിശ്ചയിച്ചു. ഡി.വൈ.എസ്.പി സിഎസ്. ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ എഎസ്. സജി ശങ്കര്‍, എസ്. ശ്രീജിത്ത്, ടിആര്‍. കിരണ്‍, ആര്‍എസ്. രതീന്ദ്രകുമാര്‍ എന്നിവരും സംഘത്തിലുണ്ട്.
ഹൈക്കോടതി ഇടപെടല്‍: ശബരിമലയിലെ മില്‍മ നെയ് ക്രമക്കേട് പ്രഥമദൃഷ്ട്യാ ഗൗരതരമാണെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വിലയിരുത്തിയിരുന്നു. സ്‌പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ കര്‍ശന ഇടപെടല്‍.
കോടതിയുടെ മറ്റ് നിര്‍ദ്ദേശങ്ങള്‍
സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, അന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണ വിവരങ്ങള്‍ പുറത്തു പോകരുതെന്നും അന്തിമ റിപ്പോര്‍ട്ട് കോടതിയുടെ അനുമതിയോടെ സമര്‍പ്പിക്കണമെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.


