ഹൈദരാബാദ് ആസ്ഥാനമായുള്ള സിഎസ്ഐആർ–ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി (ഐഐസിടി) മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്താനും ശസ്ത്രക്രിയകളിൽ തുന്നലുകളുടെ ഉപയോഗം കുറയ്ക്കാനും സഹായിക്കുന്ന നൂതന തദ്ദേശീയ ശസ്ത്രക്രിയാ പശ വികസിപ്പിച്ചു. അപകടങ്ങളിലോ ശസ്ത്രക്രിയകൾക്കുശേഷമോ ചർമ്മം വേഗത്തിൽ ഒട്ടിച്ചേർക്കാൻ സഹായിക്കുന്ന ബയോകോംപാറ്റിബിൾ ടിഷ്യു പശയായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആൽക്കൈൽ 2-സയനോഅക്രിലേറ്റ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി വികസിപ്പിച്ച ഈ പശ, നനഞ്ഞ മുറിവുകളിലും തൽക്ഷണം പറ്റിപ്പിടിച്ച് രോഗശമന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കും. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഇത് സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞതായി ഗവേഷകർ അറിയിച്ചു.
മുൻകൂർ തയ്യാറെടുപ്പുകളൊന്നുമില്ലാതെ നേരിട്ട് ഉപയോഗിക്കാവുന്ന ഈ ശസ്ത്രക്രിയാ പശ, ഇഎൻടി, ദന്ത, കോസ്മെറ്റിക് ശസ്ത്രക്രിയകൾക്കൊപ്പം സിസേറിയൻ, അപ്പെൻഡെക്ടമി, ലാപ്രോസ്കോപ്പി തുടങ്ങിയ പ്രധാന ശസ്ത്രക്രിയകളിലും ഉപയോഗിക്കാനാകും. ഇതിലൂടെ തുന്നലുകളെ ആശ്രയിക്കുന്നത് ഗണ്യമായി കുറയുമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.
രോഗികൾക്ക് കൂടുതൽ സൗകര്യവും വേഗത്തിലുള്ള രോഗമുക്തിയും ഉറപ്പാക്കുന്നതിനൊപ്പം ശസ്ത്രക്രിയകളുടെ കാര്യക്ഷമത വർധിപ്പിക്കാനും ഈ കണ്ടുപിടിത്തം സഹായിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. ശസ്ത്രക്രിയാ പശയുടെ വാണിജ്യ ഉൽപ്പാദനത്തിനായി ഐഐസിടി ഇതിനകം ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി കരാർ ഒപ്പുവെച്ചിട്ടുണ്ട്. കൂടുതൽ വ്യാപകമായി ഉൽപ്പന്നം ലഭ്യമാക്കുന്നതിനായി മറ്റ് പങ്കാളികളുമായും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
1944-ൽ സ്ഥാപിതമായ ഐഐസിടി രാജ്യത്തെ ഏറ്റവും പഴക്കമേറിയതും പ്രമുഖവുമായ ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ്. ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കാൻ ശേഷിയുള്ള ഈ പുതിയ കണ്ടുപിടിത്തം ഇന്ത്യൻ മെഡിക്കൽ മേഖലയ്ക്ക് ശ്രദ്ധേയമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.


