ചൈനയുടെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ ലൈറ്റ് ഷോകൾക്ക് പെട്ടെന്ന് നിരോധനം ഏർപ്പെടുത്തി അധികൃതർ. രാജ്യത്തിൻ്റെ കർശനമായ വ്യോമാതിർത്തി സുരക്ഷാ നിയന്ത്രണങ്ങൾ എടുത്തുകാണിക്കുന്നതാണ് പുതിയ നടപടി.
റിപ്പോർട്ടുകൾ പ്രകാരം ഇന്നർ മംഗോളിയ, ഗാൻസു, ഷാൻഡോംഗ്, ഗ്വാങ്ഡോംഗ്, ഹൈനാൻ തുടങ്ങിയ പ്രധാന പ്രദേശങ്ങൾ ഉൾപ്പെടെ 11 ചൈനീസ് പ്രവിശ്യകളിലും പ്രദേശങ്ങളിലും നടക്കാനിരുന്ന ഡ്രോൺ ഷോകൾ റദ്ദാക്കി. സുരക്ഷാ നിയന്ത്രണങ്ങൾ ബെയ്ജിംഗ് വളരെ ഗൗരവമായി എടുക്കുന്നുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്.
വ്യോമാതിർത്തി നിയന്ത്രണവും സുരക്ഷയും
കർശനമായ വ്യോമാതിർത്തി നിയന്ത്രണങ്ങളാണ് ഷോകൾ റദ്ദാക്കാനുള്ള പ്രധാന കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, ഈ പുതിയ നിയന്ത്രണങ്ങൾ എത്ര കാലം നിലനിൽക്കുമെന്നോ അവയുടെ വിശദാംശങ്ങളോ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
ഗാൻസു പ്രവിശ്യയിലെ ഡൻഹുവാങ്ങിലെ വിനോദ സഞ്ചാര കേന്ദ്രം വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം ഷോകൾ താൽക്കാലികമായി നിർത്തിവെച്ചു.
ഇന്നർ മംഗോളിയയിലെ സോണിഡ് ലെഫ്റ്റ് ബാനറിലെ ടൂറിസം ഉദ്യോഗസ്ഥരും സമാനമായ കാരണങ്ങളാൽ ഷോകൾ റദ്ദാക്കിയതായി അറിയിച്ചു.
കാലാവസ്ഥാ ആഘാതവും ടൈഫൂൺ ഡോൾഫിനും
വ്യോമാതിർത്തി നിയന്ത്രണങ്ങൾക്ക് പുറമെ മോശം കാലാവസ്ഥയും ചിലയിടങ്ങളിൽ ഡ്രോൺ ഷോകൾ തടസ്സപ്പെടുത്തി.
പ്രധാന കാരണമായ ‘ടൈഫൂൺ ഡോൾഫിൻ’ ചൈനയുടെ തെക്കുകിഴക്കൻ തീരത്ത് ആഞ്ഞടിച്ചതിനെ തുടർന്ന് ഗുയിഷോ, ഷെജിയാങ് തുടങ്ങിയ പ്രവിശ്യകളിൽ കനത്ത മഴ പെയ്തു. എന്നാൽ കൊടുങ്കാറ്റ് ബാധിക്കാത്ത മറ്റ് പല പ്രവിശ്യകളിലും സുരക്ഷാ കാരണങ്ങളാൽ മാത്രം വിമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
സൈനിക ഉത്തരവുകളും ആശങ്കകളും
ചൈനീസ് സൈന്യത്തിൻ്റെ സതേൺ തിയേറ്റർ കമാൻഡ്, തങ്ങളുടെ അധികാരപരിധിയിലുള്ള ആറ് പ്രവിശ്യകളിൽ ഡ്രോൺ പറക്കൽ നിർത്തിവെക്കാൻ ഉത്തരവിട്ടതായുള്ള സർക്കാർ രേഖകളും ഓൺലൈനിൽ പുറത്തുവന്നിട്ടുണ്ട്. ഡ്രോണുകളും ചെറിയ വിമാനങ്ങളും ഉൾപ്പെടുന്ന താഴ്ന്ന ഉയരത്തിലുള്ള വ്യോമ മേഖലയിൽ ചൈന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ജൂണിൽ ബീജിംഗിലുണ്ടായ ഗുരുതരമായ വിമാനാപകടമാണ് ഇത്തരം കർശന നടപടികൾക്ക് പെട്ടെന്ന് ആക്കം കൂട്ടിയത്. ബീജിംഗിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിഐടിഐസി ടവറിൽ സ്പോർട്സ് വിമാനം ഇടിച്ചുകയറി പൈലറ്റ് കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തിന് ശേഷം ഫ്ലൈറ്റ് പരിശീലനങ്ങൾ നിർത്തി വെയ്ക്കുകയും, ഡ്രോണുകൾ വിൽക്കുന്നതിനും കൊണ്ടു പോകുന്നതിനും ബീജിംഗ് പൊതുസുരക്ഷാ അനുമതി നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.


