...
Home News National ‘ഇസ്ലാമിക് നാറ്റോ’? പാകിസ്ഥാൻ- സൗദി- തുർക്കി പ്രതിരോധ കരാർ ഇന്ത്യക്ക് ആശങ്കയോ?

‘ഇസ്ലാമിക് നാറ്റോ’? പാകിസ്ഥാൻ- സൗദി- തുർക്കി പ്രതിരോധ കരാർ ഇന്ത്യക്ക് ആശങ്കയോ?

അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ജാമ്യങ്ങളെയും സാമ്പത്തിക സഹായങ്ങളെയും വലിയ തോതിഡിൽ ആശ്രയിക്കുന്ന പാകിസ്ഥാന് അമേരിക്കയുടെ നിലപാടുകൾ നിർണായകമാണ്

2

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച പുതിയ പ്രതിരോധ കരാർ ഇന്ത്യയുടെ സുരക്ഷാ കണക്കുകൂട്ടലുകളിൽ ആശങ്ക ഉയർത്തുന്നു. ഇന്ത്യയുടെ അയൽപക്കത്തുള്ള മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുമായി വിശാലമായ സുരക്ഷാ ബന്ധം കെട്ടിപ്പടുക്കാൻ ഇസ്ലാമാബാദ് ഈ കരാർ ഉപയോഗിക്കുമോ എന്ന ചോദ്യമാണ് ഡൽഹിയിലെ നയതന്ത്ര കേന്ദ്രങ്ങളിൽ ഉയരുന്നത്.

മക്ക സംയുക്ത പ്രതിരോധ കരാർ

കഴിഞ്ഞ വെള്ളിയാഴ്‌ച ഒപ്പുവെച്ച ‘മക്ക സംയുക്ത പ്രതിരോധ കരാർ’ പ്രകാരം, ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെ ഉണ്ടാകുന്ന സായുധ ആക്രമണം അവയ്‌ക്കെല്ലാം എതിരെയുള്ള ആക്രമണമായി കണക്കാക്കും. കഴിഞ്ഞ സെപ്റ്റംബറിൽ സൗദി അറേബ്യയും പാകിസ്ഥാനും ഒപ്പുവെച്ച ഉഭയകക്ഷി കരാറിൻ്റെ തുടർച്ചയായാണ് ഈ ത്രികക്ഷി കരാർ നിലവിൽ വന്നിരിക്കുന്നത്.

ഇസ്ലാമിക രാജ്യങ്ങൾക്കിടയിലെ വിശാലമായ സൈനിക സഖ്യത്തിനുള്ള മാതൃകയായി ഇതിനെ വിശേഷിപ്പിച്ച പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്, ഈ കൂട്ടായ്‌മയെ നാറ്റോയോടാണ് ഉപമിച്ചത്. മതപരമായ ഐക്യദാർഢ്യത്തേക്കാൾ ദേശീയ താൽപ്പര്യങ്ങൾക്ക് ഇസ്ലാമിക രാഷ്ട്രങ്ങൾ മുൻഗണന നൽകാൻ സാധ്യതയുണ്ടെങ്കിലും, പാകിസ്ഥാൻ ഇതിനെ വിശാലമായ സഹകരണത്തിനുള്ള വേദിയായി കാണുന്നതിനാൽ ഇന്ത്യ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ബംഗ്ലാദേശിൻ്റെ നിലപാടും ഇന്ത്യയുടെ ജാഗ്രതയും

ചൈനയും പാകിസ്ഥാനും ചേർന്ന് വികസിപ്പിച്ചെടുത്ത ജെഎഫ്-17 തണ്ടർ യുദ്ധവിമാനങ്ങൾ ഇസ്ലാമാബാദിൽ നിന്ന് വാങ്ങാൻ ബംഗ്ലാദേശ് ആലോചിക്കുന്നതിനിടെയാണ് പുതിയ നീക്കം. പരിശീലന സിമുലേറ്റർ കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ ചർച്ചകൾ നടന്നിട്ടുണ്ട്.

പാകിസ്ഥാനുമായുള്ള ബംഗ്ലാദേശിൻ്റെ പ്രതിരോധ ബന്ധം അടുത്തിടെ വളർന്നിട്ടുണ്ടെന്നും, ഇന്ത്യ നിലവിൽ ജാഗ്രത പുലർത്തുന്നതുപോലെ ബംഗ്ലാദേശിൻ്റെ നീക്കങ്ങളും സൂക്ഷ്‌മമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും അശോക സർവകലാ ശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ഉദയ് ചന്ദ്ര വ്യക്തമാക്കി. എങ്കിലും, മക്ക ഉടമ്പടിയിൽ ധാക്ക ഔദ്യോഗികമായി ചേരുന്നത് വലിയൊരു കുതിച്ചു ചാട്ടമായിരിക്കുമെന്നും അത് അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണെന്നും അദ്ദേഹം വിലയിരുത്തി.

മാലിദ്വീപിൻ്റെ സമീപനവും വിദഗ്ധ അഭിപ്രായങ്ങളും

മാലിദ്വീപ് ഇത്തരം കരാറുകളിൽ ചേരാനുള്ള സാധ്യത വളരെ കുറവാണെന്ന് വിദഗ്‌ദർ കരുതുന്നു. ഇന്ത്യയുടെ നേതൃത്വത്തിലുള്ള സാർക്ക് (SAARC) പുനരുജ്ജീവിപ്പിക്കണമെന്ന സമീപനമാണ് മാലിദ്വീപ് സ്വീകരിക്കുന്നത്. കൂടാതെ, പ്രസിഡന്റ് മുഹമ്മദ് മുയിസുവിൻ്റെ മുൻകാല നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധവും സാമ്പത്തിക സഹകരണവും നിലവിൽ മെച്ചപ്പെട്ടു വരികയാണ്.

മക്ക കരാർ നാറ്റോ ശൈലിയിലുള്ള സഖ്യത്തിൽ നിന്ന് ഏറെ അകലെയാണെന്നും, സൗദി അറേബ്യയും യുഎഇയും പോലുള്ള പ്രാദേശിക ശക്തികൾക്കിടയിലെ ഭിന്നതകൾ കാരണം ഇതിൻ്റെ വ്യാപ്‌തി മിഡിൽ ഈസ്റ്റിൽ പോലും പരിമിതപ്പെടാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ ആർമി സ്റ്റാഫിൻ്റെ മുൻ വൈസ് ചീഫ് സതീന്ദർ കുമാർ സൈനി പറഞ്ഞു. പാകിസ്ഥാൻ്റെ ആണവശേഷി കരാറിന് സ്വാധീനം നൽകുന്നുണ്ടെങ്കിലും, ഭാവിയിലെ ഇന്ത്യ- പാകിസ്ഥാൻ സംഘർഷങ്ങളിൽ സൗദിയോ തുർക്കിയോ നേരിട്ട് ഇടപെടാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തിക ഭദ്രതയും അമേരിക്കൻ ഘടകവും

വിദേശ കരുതൽ ശേഖരം വർദ്ധിപ്പിക്കുന്നതിനും പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമായി പാകിസ്ഥാൻ പുതിയ വിപണികൾ തേടുന്നുണ്ടെങ്കിലും, അമേരിക്കയെ അസ്വസ്ഥമാക്കുന്ന തരത്തിൽ ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിലേക്ക് ഈ സഖ്യം വേഗത്തിൽ വ്യാപിപ്പിക്കാൻ ഇസ്ലാമാബാദ് മടിച്ചേക്കാം.

അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ജാമ്യങ്ങളെയും സാമ്പത്തിക സഹായങ്ങളെയും വലിയ തോതിഡിൽ ആശ്രയിക്കുന്ന പാകിസ്ഥാന് അമേരിക്കയുടെ നിലപാടുകൾ നിർണായകമാണ്. അതിനാൽ പാകിസ്ഥാൻ കരുതലോടെ മാത്രമേ മുന്നോട്ട് നീങ്ങൂ എന്ന് സ്വതന്ത്ര വിശകലന വിദഗ്ധനായ പ്രിയജിത് ദേബ്‌സർക്കർ അഭിപ്രായപ്പെടുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.