വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളുടെ വിതരണം സുഗമവും സമയബന്ധിതവുമാക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് സാമൂഹിക നീതിയും ശാക്തീകരണവും സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. സ്കോളർഷിപ്പ് വിതരണത്തിലെ കാലതാമസം പരിഹരിക്കാൻ കൃത്യമായ സംവിധാനം വേണമെന്നും കമ്മിറ്റി നിർദേശിച്ചു.
എസ്‌സി, ഒബിസി വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകുന്ന പദ്ധതിയിലെ വാർഷിക കുടുംബവരുമാന പരിധി എട്ട് ലക്ഷം രൂപയായി പരിഷ്കരിക്കണമെന്ന ശുപാർശയും കമ്മിറ്റി ആവർത്തിച്ചു. പാർലമെന്റിന്റെ ഇരുസഭകളിലും തിങ്കളാഴ്ച അവതരിപ്പിച്ച റിപ്പോർട്ടിലാണ് നിർദേശങ്ങൾ.
ആകെ 25 ശുപാർശകളിൽ 14 എണ്ണം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ സ്കോളർഷിപ്പ് വിതരണം, സൗജന്യ പരിശീലന പദ്ധതിയുടെ ബജറ്റ് വിനിയോഗം, കുടുംബവരുമാന പരിധി പരിഷ്കരണം, അതിക്രമങ്ങൾ തടയൽ നിയമപ്രകാരമുള്ള പ്രത്യേക പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കൽ എന്നീ നാല് വിഷയങ്ങളിൽ സർക്കാരിന്റെ പ്രതികരണം കമ്മിറ്റി തള്ളി.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാൻ വൈകുന്നതാണ് സ്കോളർഷിപ്പ് വിതരണത്തിലെ കാലതാമസത്തിന് കാരണമെന്നാണ് സാമൂഹിക നീതി മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാൽ വർഷങ്ങളായി ഇതേ കാരണം ആവർത്തിക്കുകയാണെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും കമ്മിറ്റി വിമർശിച്ചു. വിദ്യാർത്ഥികളെ വീണ്ടും സംസ്ഥാനങ്ങളുടെ നടപടികൾക്ക് ആശ്രയിക്കേണ്ട സാഹചര്യമുണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
അതേസമയം, അതിക്രമങ്ങൾ തടയൽ നിയമം നിലവിൽ വന്ന് മൂന്ന് പതിറ്റാണ്ടിലേറെയായിട്ടും ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പ്രത്യേക പൊലീസ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. 2026-27 മുതൽ 2030-31 വരെയുള്ള കാലയളവിൽ പ്രത്യേക പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള നിർദേശത്തിന് വേഗത്തിൽ അംഗീകാരം നേടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.


