ഇന്ത്യയിലെ ജനറേഷൻ Z വിഭാഗത്തിൽ ക്രെഡിറ്റ് കാർഡുകൾ, വ്യക്തിഗത വായ്പകൾ, ‘ഇപ്പോൾ വാങ്ങുക, പിന്നീട് പണം നൽകുക’ തുടങ്ങിയ വായ്പാ സൗകര്യങ്ങളുടെ ഉപയോഗം വർധിക്കുന്നതിൽ റിസർവ് ബാങ്കിന് ആശങ്ക. സമ്പാദിച്ച ശേഷം ചെലവഴിക്കുക എന്ന പരമ്പരാഗത രീതിക്ക് പകരം ഇപ്പോൾ ചെലവഴിച്ച് പിന്നീട് തിരിച്ചടയ്ക്കുന്ന പ്രവണത യുവാക്കൾക്കിടയിൽ ശക്തമാകുന്നതാണ് ആശങ്കയ്ക്ക് കാരണം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യൻ കുടുംബങ്ങളുടെ കടബാധ്യത ഉയർന്നിട്ടുണ്ട്. 2025 മാർച്ചിൽ മൊത്തം ഗാർഹിക കടത്തിൽ ഭവനേതര റീട്ടെയിൽ വായ്പകളുടെ വിഹിതം 54.9 ശതമാനമായിരുന്നത് 2026 മാർച്ചിൽ 58.4 ശതമാനമായി ഉയർന്നു. വീടോ ബിസിനസോ പോലുള്ള ആസ്തികൾ സൃഷ്ടിക്കുന്നതിനേക്കാൾ ഉപഭോഗ ആവശ്യങ്ങൾക്കായുള്ള വായ്പകളാണ് വേഗത്തിൽ വർധിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
സ്വർണാഭരണങ്ങൾ പണയപ്പെടുത്തി എടുക്കുന്ന വായ്പകൾ 2022 മാർച്ചിലെ 74,738 കോടി രൂപയിൽ നിന്ന് 2026 മാർച്ചിൽ 4.61 ലക്ഷം കോടി രൂപയായി ഉയർന്നു. മറ്റ് വ്യക്തിഗത വായ്പകളുടെ കുടിശ്ശികയും ഇതേ കാലയളവിൽ 9.02 ലക്ഷം കോടി രൂപയിൽ നിന്ന് 17.32 ലക്ഷം കോടി രൂപയായി വർധിച്ചു.
2000ന് ശേഷം ജനിച്ചവർ ഏകദേശം 22 വയസ്സോടെ തന്നെ ക്രെഡിറ്റ് കാർഡുകൾ, ചെറിയ വ്യക്തിഗത വായ്പകൾ, BNPL പദ്ധതികൾ തുടങ്ങിയവ ഉപയോഗിച്ച് കടത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. മുൻ തലമുറകൾ സാധാരണയായി വീടും വാഹനവും പോലുള്ള വലിയ ആസ്തികൾക്കായാണ് ആദ്യമായി വായ്പ എടുത്തിരുന്നത്.
ഇതോടൊപ്പം സുരക്ഷിതമല്ലാത്ത വായ്പകളുടെ വർധനയും റിസർവ് ബാങ്കിനെ ആശങ്കപ്പെടുത്തുന്നുണ്ട്. 2026 മാർച്ചിൽ അൺസെക്യുവേർഡ് റീട്ടെയിൽ വായ്പകളുടെ മൊത്ത നിഷ്ക്രിയ ആസ്തി അനുപാതം 1.8 ശതമാനമായി ഉയർന്നു. 2025 മാർച്ചിൽ ഇത് 1.2 ശതമാനമായിരുന്നു. 50,000 രൂപയിൽ താഴെയുള്ള ചെറുകിട വ്യക്തിഗത വായ്പകളിൽ 56.8 ശതമാനവും ഫിൻടെക് സ്ഥാപനങ്ങളാണ് നൽകുന്നത്.
ക്രെഡിറ്റ് കാർഡ് കടവും മൂന്ന് ലക്ഷം കോടി രൂപ കടന്നിട്ടുണ്ട്. 90 മുതൽ 360 ദിവസം വരെ കുടിശ്ശികയുള്ള ക്രെഡിറ്റ് കാർഡ് വായ്പ ഒരു വർഷത്തിനിടെ 40 ശതമാനത്തിലധികം വർധിച്ചതും ആശങ്കയ്ക്ക് ഇടയാക്കുന്നു.
യുവാക്കൾക്കിടയിൽ യാത്ര, സംഗീത പരിപാടികൾ, വിനോദം തുടങ്ങിയ ജീവിതശൈലി ചെലവുകൾക്കായി വായ്പ ഉപയോഗിക്കുന്ന പ്രവണതയും വർധിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. 2025ന്റെ ആദ്യ പകുതിയിൽ ഇന്ത്യയിൽ അനുവദിച്ച വ്യക്തിഗത വായ്പകളിൽ 25 ശതമാനത്തിലധികം യാത്രയ്ക്കായി ഉപയോഗിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.
വായ്പയെടുക്കുന്നതിൽ മാത്രമല്ല, അത് കൃത്യസമയത്ത് തിരിച്ചടയ്ക്കാനുള്ള ശേഷിയിലുമാണ് പ്രധാന ആശങ്ക. ചെറിയ ക്രെഡിറ്റ് കാർഡ് കുടിശ്ശികകളും വിവിധ ആപ്പുകളിലെ വ്യക്തിഗത വായ്പകളും BNPL ഇടപാടുകളും ഒന്നിച്ചുചേരുമ്പോൾ പ്രതിമാസ വരുമാനത്തിന്റെ വലിയൊരു ഭാഗം കടം തിരിച്ചടയ്ക്കാൻ മാറ്റിവയ്ക്കേണ്ട സാഹചര്യമുണ്ടാകാം.
നിലവിൽ ഗാർഹിക കടം ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് വലിയ ഭീഷണിയായി മാറിയിട്ടില്ലെങ്കിലും, ജീവിതശൈലി നിലനിർത്തുന്നതിനായി ചെറുപ്പത്തിൽ തന്നെ അമിതമായി കടമെടുക്കുന്ന പ്രവണത തുടർന്നാൽ ഭാവിയിൽ സാമ്പത്തിക സമ്മർദം വർധിക്കുമെന്നതാണ് റിസർവ് ബാങ്കിന്റെ പ്രധാന ആശങ്ക.


