കേരള സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കിക്കൊണ്ടുള്ള ബില്ല് രാജ്യസഭയും പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായിയാണ് ചരിത്രപ്രധാനമായ ബില്ല് സഭയില്‍ അവതരിപ്പിച്ചത്. കേരളത്തിനും മലയാളികള്‍ക്കും അതീവ അഭിമാനകരമായ നിമിഷമാണിതെന്ന് സഭയിലെ എംപിമാര്‍ പ്രതികരിച്ചു. നേരത്തെ ഈ ബില്ല് ചര്‍ച്ചകൂടാതെ ലോക്സഭയും പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ സംസ്ഥാനത്തിൻ്റെ പേരുമാറ്റം ഔദ്യോഗികമായി പൂര്‍ത്തിയാകും.
സഭയില്‍ കത്തിക്കയറി ചോദ്യങ്ങളും വിവാദങ്ങളും
ബില്ലിൻ്റെ ചര്‍ച്ചയ്ക്കിടയില്‍ ഭരണ-പ്രതിപക്ഷ നിരകള്‍ തമ്മില്‍ ശക്തമായ വാക്പോരാണ് അരങ്ങേറിയത്:
- അമിത് ഷാ എവിടെ? – ബില്ല് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെയെന്ന ചോദ്യം പ്രതിപക്ഷ എംപിമാര്‍ ശക്തമായി ഉന്നയിച്ചു. എന്നാല്‍ ബില്ലുമായി ബന്ധമില്ലാത്ത പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ ഉണ്ടാകില്ലെന്ന് രാജ്യസഭ ചെയര്‍ വ്യക്തമാക്കി.
- ചോദ്യ വിവാദം – ഇതിനിടെ കാസര്‍കോട് ജില്ലയുമായി ബന്ധപ്പെട്ട ചോദ്യ വിവാദം സി. സദാനന്ദന് സഭയില്‍ ഉന്നയിച്ചു.
- കേന്ദ്ര വിവേചനം – സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍ നിരന്തരം വിവേചനം കാണിക്കുന്നു എന്ന് പ്രതിപക്ഷ എംപിമാര്‍ ശക്തമായി ആരോപിച്ചു. വി.ശിവദാസന്‍, എഎ റഹീം, ജോസ് കെ.മാണി, ഹാരിസ് ബീരാന് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്ത് സംസാരിച്ചു.
- ലുങ്കി പരാമര്‍ശം ബഹളത്തിനിടയാക്കി – സുഷ്മിത ദേവ് എംപി ലുങ്കിവാല എന്ന് പരിഹസിച്ചത് രാവിലെ ജോണ്‍ ബ്രിട്ടാസ് എംപി സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് വലിയ ബഹളത്തിന് വഴിവെച്ചു.


