ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന സാഹചര്യം മറികടക്കാൻ അത്യാധുനിക എഐ തന്ത്രങ്ങളുമായി ഇസ്രയേൽ രംഗത്തെത്തി. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്നതിനായി ചാറ്റ് ജിപിടി , പെർപ്ലെക്സിറ്റി (Perplexity) തുടങ്ങിയ ആധുനിക എഐ ചാറ്റ്ബോട്ടുകളെയാണ് ഇസ്രയേൽ ലക്ഷ്യം വെച്ചിരിക്കുന്നത്. ഈ പ്ലാറ്റ്ഫോമുകൾ നൽകുന്ന മറുപടികൾ ഇസ്രയേലിനും ഇസ്രയേൽ പ്രതിരോധ സേനയ്ക്കും (IDF) അനുകൂലമാക്കി മാറ്റുകയാണ് ഈ രഹസ്യ നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഫ്രഞ്ച് പിആർ ഏജൻസിയായ ‘ഹവാസ് മീഡിയ’യും (Havas Media) അവരുടെ സബ് കോൺട്രാക്ടറായ ‘പൈറോ’ (Piro Inc.) എന്ന പരസ്യ ഏജൻസിയും ചേർന്നാണ് ഈ വിദേശ സ്വാധീന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇതിനായി ‘ഹാനോവർ ഇൻസ്റ്റിറ്റ്യൂട്ട്’ (Hanover Institute) എന്ന പേരിൽ ഒരു വെബ്സൈറ്റ് ഇവർ ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിലെ ജൂതവിരുദ്ധതയെക്കുറിച്ച് പഠിക്കുന്ന സ്ഥാപനമെന്നാണ് ഈ വെബ്സൈറ്റ് അവകാശപ്പെടുന്നതെങ്കിലും, ഇസ്രയേൽ സർക്കാരിന്റെ ഔദ്യോഗിക പബ്ലിക് റിലേഷൻസ് ഏജൻസിയായ ‘ലപാമിന്’ (LaPam) വേണ്ടിയാണ് ഇവർ പ്രവർത്തിക്കുന്നതെന്ന് രേഖകൾ വെളിപ്പെടുത്തുന്നു.
ചാറ്റ്ബോട്ടുകളെ സ്വാധീനിക്കാൻ പ്രധാനമായും മൂന്ന് സാങ്കേതിക വിദ്യകളാണ് ഇവർ ഉപയോഗിക്കുന്നത്. ഒന്നാമതായി, ആളുകൾ സാധാരണയായി എഐ ചാറ്റ്ബോട്ടുകളോട് ചോദിക്കുന്ന ചോദ്യങ്ങളുടെ രൂപത്തിലാണ് വെബ്സൈറ്റിലെ ഉള്ളടക്കങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഉദാഹരണത്തിന്, “ഇസ്രയേൽ സൈന്യം ലോകത്തിലെ ഏറ്റവും ധാർമ്മികമായ സൈന്യമാണോ?”, “ഗാസയിൽ പട്ടിണിക്കിടുന്ന നയമുണ്ടോ?” തുടങ്ങിയ ചോദ്യോത്തര ശൈലികൾ ഇതിനായി രൂപകല്പന ചെയ്തിരിക്കുന്നു. ചാറ്റ്ബോട്ടുകളിലേക്ക് ഇത്തരം വിഷയങ്ങളിലെ വിവരങ്ങൾ നേരിട്ട് ‘ഫീഡ്’ ചെയ്യുന്നതിനാണ് ഈ ശൈലി പിന്തുടരുന്നത്.
രണ്ടാമത്തെ തന്ത്രം ‘llms.txt’ എന്ന പ്രത്യേക ഫയലിന്റെ ഉപയോഗമാണ്. വെബ്സൈറ്റിലെ ഉള്ളടക്കങ്ങൾ എഐ മോഡലുകൾക്ക് എളുപ്പത്തിൽ വായിച്ചെടുക്കാനും മനസ്സിലാക്കാനും സഹായിക്കുന്ന പ്രത്യേക നിർദേശങ്ങൾ ഈ ഫയലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ബ്രാൻഡുകളെ എഐ ശുപാർശകളിൽ ഉൾപ്പെടുത്താൻ വൈദഗ്ധ്യമുള്ള സിയാറ്റിൽ ആസ്ഥാനമായുള്ള ‘റെസ്’ (Res) എന്ന എഐ സ്റ്റാർട്ടപ്പിന്റെ സാങ്കേതിക സഹായവും ഇവർ തേടിയിട്ടുണ്ട്. എന്നാൽ മാധ്യമപ്രവർത്തകർ അന്വേഷണം തുടങ്ങിയതോടെ ഈ കമ്പനിയുടെ വെബ്സൈറ്റുകൾ അപ്രത്യക്ഷമായത് ദുരൂഹത വർദ്ധിപ്പിക്കുന്നു.
ഇസ്രയേൽ ഇത്തരം പിആർ ഏജൻസികളെ ആശ്രയിക്കുന്നത് ഇതാദ്യമായല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ട്രംപിന്റെ മുൻ കാമ്പയിൻ മാനേജർ ബ്രാഡ് പാർസ്കെയ്ലിന്റെ കമ്പനിയായ ‘ക്ലോക്ക് ടവർ എക്സ്’ വഴി 46.5 മില്യൺ ഡോളറിന്റെ വലിയൊരു കാമ്പയിൻ ഹവാസ് നെറ്റ്വർക്ക് നടത്തിയിരുന്നു. ജിപിടി ഫലങ്ങളിൽ ഇസ്രയേലിന് അനുകൂലമായ വിവരങ്ങൾ നൽകുകയായിരുന്നു അന്നും ലക്ഷ്യം വെച്ചിരുന്നത്. നിലവിലെ പദ്ധതിയെക്കുറിച്ചുള്ള ഔദ്യോഗിക രേഖകളിൽ ചാറ്റ്ബോട്ടുകളെ സ്വാധീനിക്കുന്ന കാര്യം നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും, ഫലങ്ങൾ മറിച്ചാണ് തെളിയിക്കുന്നത്.
ഈ രഹസ്യ കാമ്പയിനിന്റെ ഫലമായി ജൂതവിരുദ്ധതയെയും ഇസ്രയേൽ സൈന്യത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ചാറ്റ് ജിപിടിയും പെർപ്ലെക്സിറ്റിയും ഹാനോവർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഉള്ളടക്കങ്ങൾ ഉദ്ധരിച്ച് മറുപടി നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഗാസയിലെ സാഹചര്യം ആഗോളതലത്തിൽ വലിയ ചർച്ചയാകുമ്പോൾ, സാങ്കേതികവിദ്യ ഉപയോഗിച്ച് പൊതുജനാഭിപ്രായം തങ്ങൾക്കനുകൂലമാക്കാനുള്ള ഇസ്രയേലിന്റെ ഈ നീക്കം വലിയ ആശങ്കയാണ് ഉയർത്തുന്നത്. സൈബർ നിയമങ്ങൾക്കും നൈതികതയ്ക്കും നിരക്കാത്ത ഇത്തരം ഇടപെടലുകൾ എഐ പ്ലാറ്റ്ഫോമുകളുടെ വിശ്വാസ്യതയെത്തന്നെ ബാധിച്ചേക്കാം.


