...
Home News മെറ്റയുടെ വിശദീകരണം പുതിയ ചോദ്യങ്ങൾ ഉയർത്തുന്നു; വാർത്തകൾ നീക്കിയത് സാങ്കേതിക പിഴവല്ലെന്ന് റിപ്പോർട്ടർ ടിവി

മെറ്റയുടെ വിശദീകരണം പുതിയ ചോദ്യങ്ങൾ ഉയർത്തുന്നു; വാർത്തകൾ നീക്കിയത് സാങ്കേതിക പിഴവല്ലെന്ന് റിപ്പോർട്ടർ ടിവി

സംഭവത്തെ സാങ്കേതിക പിഴവായി അവതരിപ്പിക്കാൻ ശ്രമിച്ചത് ആരുടെ താൽപര്യത്തിനായിരുന്നുവെന്നും, അതിന് തെളിവുകളില്ലാതെ ചില മാധ്യമങ്ങളിൽ വാർത്തകൾ എങ്ങനെ പ്രത്യക്ഷപ്പെട്ടുവെന്നതും അന്വേഷിക്കപ്പെടേണ്ട വിഷയങ്ങളാണെന്നും റിപ്പോർട്ടർ ടിവി ചൂണ്ടിക്കാട്ടി.

5

ചില മലയാളം മാധ്യമങ്ങളുടെ വാർത്തകൾ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ മെറ്റ നൽകിയതായി റിപ്പോർട്ടർ ടിവി പറയുന്ന വിശദീകരണം പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. വാർത്തകൾ നീക്കം ചെയ്യപ്പെട്ടത് സാങ്കേതിക പിഴവ് മൂലമല്ലെന്നും പ്രാദേശിക നിയമപരമായ ആവശ്യകതകൾ (Legal Requirements) പാലിച്ചാണ് നടപടിയെടുത്തതെന്നും മെറ്റ അറിയിച്ചതായി റിപ്പോർട്ടർ ടിവി അവകാശപ്പെട്ടു.

മുൻപ്, എഐ അപ്‌ഡേറ്റിന്റെ ഭാഗമായി ഉണ്ടായ സാങ്കേതിക പിഴവാണ് വാർത്തകൾ പിൻവലിക്കപ്പെടാൻ കാരണമായതെന്ന് മെറ്റ സൈബർ പൊലീസിനെ അറിയിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, അത്തരമൊരു വിശദീകരണത്തിന് തെളിവായ രേഖകൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടർ ടിവി ചൂണ്ടിക്കാട്ടുന്നു.

മെറ്റയുടെ ഇന്ത്യൻ ഗ്രീവൻസ് സെല്ലിനോട് വിശദീകരണം തേടിയപ്പോൾ, “വാർത്തകൾ നീക്കം ചെയ്തത് സാങ്കേതിക പിഴവിനെ തുടർന്നല്ല, പ്രാദേശിക നിയമപരമായ ആവശ്യകതകൾ പാലിച്ചാണ്” എന്ന മറുപടിയാണ് ലഭിച്ചതെന്ന് റിപ്പോർട്ടർ ടിവി വ്യക്തമാക്കി. നിലവിലുള്ള നിയമപരമായ ധാരണകൾ പ്രകാരം ഇത്തരം അഭ്യർഥന നൽകിയ വ്യക്തിയെയോ സ്ഥാപനത്തെയോ വെളിപ്പെടുത്താൻ കഴിയില്ലെന്നും മെറ്റ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുവെന്നാണ് റിപ്പോർട്ടർ ടിവിയുടെ നിലപാട്. നിയമപരമായ അഭ്യർഥന ആരാണ് നൽകിയതെന്നും, റിപ്പോർട്ടർ ടിവി, ന്യൂസ് മലയാളം, കൈരളി തുടങ്ങിയ മാധ്യമങ്ങൾ മാത്രം എങ്ങനെ ലക്ഷ്യമാക്കപ്പെട്ടുവെന്നതും വ്യക്തമാക്കണമെന്ന് ചാനൽ ആവശ്യപ്പെട്ടു.

സംഭവത്തെ സാങ്കേതിക പിഴവായി അവതരിപ്പിക്കാൻ ശ്രമിച്ചത് ആരുടെ താൽപര്യത്തിനായിരുന്നുവെന്നും, അതിന് തെളിവുകളില്ലാതെ ചില മാധ്യമങ്ങളിൽ വാർത്തകൾ എങ്ങനെ പ്രത്യക്ഷപ്പെട്ടുവെന്നതും അന്വേഷിക്കപ്പെടേണ്ട വിഷയങ്ങളാണെന്നും റിപ്പോർട്ടർ ടിവി ചൂണ്ടിക്കാട്ടി. മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഗൗരവമായ വിഷയത്തെ ലഘൂകരിച്ച് അവതരിപ്പിക്കാനുള്ള ശ്രമങ്ങൾക്കു പിന്നിലെ സാഹചര്യങ്ങളും വ്യക്തമാകേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.