റഷ്യയ്ക്കുള്ളിൽ ആക്രമണം നടത്താൻ ഉക്രെയ്ൻ ഉപയോഗിക്കുന്ന ഡ്രോണുകൾ വിതരണം ചെയ്യുന്നത് യുകെ തുടരുകയാണെങ്കിൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് മുന്നറിയിപ്പ് നൽകി. ഉക്രെയ്ന്റെ ആക്രമണങ്ങൾക്ക് യുകെ നേരിട്ട് പിന്തുണ നൽകുന്നത് റഷ്യയ്ക്കെതിരായ യുദ്ധത്തിലെ പങ്കാളിത്തമായി കണക്കാക്കാമെന്നും ലാവ്റോവ് വ്യക്തമാക്കി.
കഴിഞ്ഞ ആറ് മാസത്തിനിടെ യുകെ കമ്പനികൾ നിർമിച്ച ഡ്രോണുകൾ റഷ്യയിലെ വിവിധ ആക്രമണങ്ങളിൽ ഉപയോഗിച്ചതായി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. തെക്കുപടിഞ്ഞാറൻ റഷ്യയിലെ വോൾഗോഗ്രാഡിലെ എണ്ണ ശുദ്ധീകരണശാലകൾക്കും മോസ്കോയ്ക്ക് വടക്കുകിഴക്കുള്ള യാരോസ്ലാവലിനുമെതിരായ ആക്രമണങ്ങളിലും ഇത്തരം ഡ്രോണുകൾ ഉപയോഗിച്ചതായാണ് റിപ്പോർട്ട്. ബിഎഇ സിസ്റ്റംസ് അനുബന്ധ സ്ഥാപനം നിർമിച്ച ജെറ്റ് എൻജിൻ ഡ്രോൺ ‘ന്യാൻ’ ഉൾപ്പെടെയുള്ള യുഎവികൾ ദീർഘദൂര ആക്രമണങ്ങൾക്ക് ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഉക്രെയ്ന് യുകെയുടെ പൂർണ പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി ആൻഡി ബേൺഹാം വ്യക്തമാക്കി. ഉക്രെയ്ന്റെ ആവശ്യസമയത്ത് ബ്രിട്ടൻ ഒപ്പമുണ്ടാകുമെന്നും നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ഇതിന് പിന്നാലെയാണ് ലാവ്റോവ് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നേരത്തെ തന്നെ റഷ്യൻ താൽപര്യങ്ങളിലോ സ്വത്തുക്കളിലോ നടക്കുന്ന അതിക്രമങ്ങൾക്ക് ശക്തമായി പ്രതികരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ലാവ്റോവ് പറഞ്ഞു.
റഷ്യയ്ക്കെതിരായ ആക്രമണങ്ങളിൽ ബ്രിട്ടീഷ് മിസൈൽ സേനയുടെ നേരിട്ടുള്ള പങ്കാളിത്തം യുദ്ധത്തിലെ ഇടപെടലായി കണക്കാക്കാൻ റഷ്യയ്ക്ക് അവകാശമുണ്ടെന്നും അതിന് ‘എല്ലാ അനന്തരഫലങ്ങളും’ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുക്രെയ്ന്റെ ആക്രമണങ്ങൾക്ക് യുകെ പിന്തുണ നൽകുന്നത് വർധിക്കുന്നതിനനുസരിച്ച് അതിന് നൽകേണ്ട വിലയും വർധിക്കുമെന്ന് ലണ്ടനിലെ റഷ്യൻ എംബസിയും മുന്നറിയിപ്പ് നൽകി. റഷ്യൻ തുറമുഖങ്ങൾ, ഊർജകേന്ദ്രങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഉക്രെയ്ൻ അടുത്തിടെ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ചില ആക്രമണങ്ങൾ ജനവാസ മേഖലകളിലും കെട്ടിടങ്ങളിലും വീടുകളിലും നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായും റഷ്യ ആരോപിക്കുന്നു.


