മൊഗാദിഷു: സോമാലിയൻ തീരത്ത് വീണ്ടും കടൽക്കൊള്ളക്കാരുടെ കനത്ത ആക്രമണം. തുർക്കി സൈന്യത്തിനായുള്ള ആയുധങ്ങളുമായി പോയ കാമറൂൺ പതാകയുള്ള ‘എം.വി ലുതുഫ്’ എന്ന ചരക്കുകപ്പൽ സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചി. കപ്പലിലെ പത്തംഗ ജീവനക്കാരെ കൊള്ളക്കാർ ബന്ദികളാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കപ്പലിൽ ബന്ദികളാക്കപ്പെട്ടവരിൽ ആറ് പേർ ഇന്ത്യക്കാരാണെന്ന് സോമാലിയയുടെ ഔദ്യോഗിക വക്താവ് വെളിപ്പെടുത്തി. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച് ഇതിനോടകം ആശങ്കകൾ ശക്തമായിട്ടുണ്ട്.
പോളാർ മൂവ്മെന്റ് ഷിപ്പിങ്ങിൻ്റെ ഉടമസ്ഥതയിലുള്ളതാണ് കൊള്ളക്കാർ തട്ടിയെടുത്ത ഈ ചരക്കുകപ്പൽ. മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന ആയുധങ്ങളും വിവിധ വാർത്താവിനിമയ-സാറ്റലൈറ്റ് ഉപകരണങ്ങളുമാണ് കപ്പലിലുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പൻഡ്ലാൻഡിലെ ഐൽ ജില്ലയിലുള്ള മരയ്യ തീരത്തുനിന്ന് മൂന്നര നോട്ടിക്കൽ മൈൽ അകലെവെച്ച് കൊള്ളക്കാർ കപ്പൽ വളഞ്ഞ് റാഞ്ചിയത്. കപ്പലിൽ ബന്ദികളാക്കപ്പെട്ടവരിൽ ആറ് ഇന്ത്യൻ ജീവനക്കാരെ കൂടാതെ ഒരു തുർക്കി പൗരനും ഒരു ജോർജിയൻ പൗരനും രണ്ട് സെർബിയൻ സുരക്ഷാ ഗാർഡുകളുമാണുള്ളത്.
നിലവിൽ കപ്പൽ പണ്ട്ലാൻഡിലെ ദംഗോരോയോ ജില്ലയിലെ ഗാർമാൽ തീരത്തേക്ക് കൊള്ളക്കാർ എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ 26-ന് ‘എംവി സ്വാർഡ്’ എന്ന കപ്പൽ റാഞ്ചിയ സംഘത്തിൽപ്പെട്ട കൊള്ളക്കാർ തന്നെയാണ് ഈ ആക്രമണത്തിന് പിന്നിലുമെന്നാണ് പ്രാഥമിക നിഗമനം. കപ്പൽ റാഞ്ചിയ വിവരമറിഞ്ഞ് തുർക്കിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകൾ ഇതിന് സമീപമെത്തിയിട്ടുണ്ട്. കൂടാതെ തുർക്കിയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഈ മേഖലയിൽ കനത്ത വ്യോമനിരീക്ഷണം നടത്തുന്നുണ്ട്.
അതേസമയം, കപ്പൽ റാഞ്ചിയതിന് പിന്നാലെ ഈ പ്രദേശത്തുണ്ടായ വ്യോമാക്രമണം ദുരൂഹത വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രണ്ട് പേർ ഒരു ചെറിയ ബോട്ടിൽ കപ്പലിനടുത്തേക്ക് വരികയും കൊള്ളക്കാർക്കായി സോമാലിയയിൽ സാധാരണയായി ഉപയോഗിക്കുന്ന ഉത്തേജകവസ്തുവായ ‘ഖാത്’ എത്തിച്ചുനൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ ബോട്ട് കരയിലേക്ക് മടങ്ങിപ്പോയതിന് തൊട്ടുപിന്നാലെ പ്രദേശത്തുണ്ടായ വ്യോമാക്രമണത്തിൽ ഇവർ രണ്ടുപേരും കൊല്ലപ്പെട്ടു. ഈ ആക്രമണം ആരാണ് നടത്തിയത് എന്നതിനെക്കുറിച്ചോ കൊല്ലപ്പെട്ടവർക്ക് കപ്പൽ റാഞ്ചലുമായി ബന്ധമുണ്ടോ എന്നതിനെക്കുറിച്ചോ ഇതുവരെ സ്ഥിരീകരണമില്ല. സംഭവത്തെക്കുറിച്ച് തുർക്കി അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.


