ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും ആദരിക്കപ്പെടുന്ന മുതിർന്ന നടിമാരിലൊരാളായ സൗകാർ ജാനകി അന്തരിച്ചു. 94 വയസ്സായിരുന്നു അവർക്ക്. പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
നടികർ സംഘം പ്രസിഡന്റ് നാസർ ആണ് മരണവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. “ഇതിഹാസതാരം സൗകാർ ജാനകി അന്തരിച്ചു. വൈകിട്ട് 5 മുതൽ തെയ്നാമ്പേട്ടയിലെ സെൻടോഫ് റോഡിലുള്ള വസതിയിൽ പൊതുദർശനത്തിന് ഭൗതികദേഹം വെക്കും” എന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. ആരാധകർക്കും സഹപ്രവർത്തകർക്കും സിനിമാരംഗത്തെ പ്രമുഖർക്കും പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഏഴ് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതം
ഏഴ് പതിറ്റാണ്ടിലേറെക്കാലം സിനിമാമേഖലയിൽ സജീവമായിരുന്ന സൗകാർ ജാനകി 1950-ലാണ് സിനിമയിലെത്തുന്നത്. അക്കാലത്ത് പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ‘ഷാവുകരു’ ആണ് അവരുടെ ആദ്യ സിനിമ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി നാനൂറിലേറെ സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ ‘സൂര്യമാനസം’, ‘സ്കൂൾ മാസ്റ്റർ’ തുടങ്ങിയ സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. സൂര്യമാനസത്തിൽ മമ്മൂട്ടിയുടെ അമ്മയായി ചെയ്ത വേഷം പ്രേക്ഷകരുടെ വലിയ പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു. സിനിമകൾക്ക് പുറമെ മൂവായിരത്തിലധികം സ്റ്റേജ് നാടകങ്ങളിലും അവർ വേഷമിട്ടു. കലാരംഗത്തെ സമഗ്ര സംഭാവനകൾക്ക് പത്മശ്രീ, കലൈമാമണി പുരസ്കാരം തുടങ്ങി നിരവധി പ്രമുഖ അംഗീകാരങ്ങളും അവരെ തേടിയെത്തിയിട്ടുണ്ട്.


