തിരുവനന്തപുരം: പരമ്പരാഗത സമരരീതികളും പ്രവർത്തനശൈലിയും ഉപേക്ഷിച്ച് പാർട്ടി ജെൻസി തലമുറയ്ക്കനുസരിച്ച് മാറണമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ ശക്തമായ ആവശ്യം. യുവജനങ്ങളെ ആകർഷിക്കാൻ ജന്തർമന്തർ മാതൃകയിലുള്ള സമരരീതികൾ സ്വീകരിക്കണമെന്നും യോഗത്തിൽ വിമർശനമുയർന്നു.
സമരശൈലിയും യുവജന പങ്കാളിത്തവും
നേതാക്കളെ കണ്ടല്ല, പകരം ഉന്നയിക്കുന്ന മുദ്രാവാക്യങ്ങൾ കണ്ടാണ് ഇന്നത്തെ യുവജനങ്ങൾ സമരങ്ങളിലേക്ക് അണിനിരക്കുന്നതെന്ന് അജിത് കൊളാടിയും കൃഷ്ണദാസും അടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥി-യുവജന പരിപാടികളിൽ പാർട്ടി നേതാക്കൾ ഉദ്ഘാടകരായി പോകുന്നത് അവസാനിപ്പിക്കണമെന്നും പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സംഘടനയിൽ ഉണ്ടാകണമെന്നും കൗൺസിൽ യോഗത്തിൽ അഭിപ്രായമുയർന്നു.
നിയമസഭയിലെ പ്രത്യേക ബ്ലോക്കും ഉപനേതാവ് സ്ഥാനവും
അതേസമയം, നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആകണമെന്നും സിപിഐ സംസ്ഥാന കൗൺസിലിൽ അഭിപ്രായമുയർന്നു. ഉപനേതൃസ്ഥാനം നൽകില്ലെന്ന് സിപിഐഎം വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് നേതാക്കൾ ഈ നിലപാട് കടുപ്പിച്ചത്.
‘എൽഡിഎഫ് എന്നാൽ സിപിഐഎം മാത്രം’ എന്ന രീതി അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യോഗത്തിൽ വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് ഇടതുമുന്നണി യോഗങ്ങൾ നീണ്ടുപോയിരുന്നു. ഈ വിഷയത്തിൽ സിപിഐഎം വിട്ടുവീഴ്ച ചെയ്യണമെന്നാണ് ഘടകകക്ഷികളുടെ പൊതുവായ നിലപാട്.


