സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഇഡി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). അനധികൃത പണമിടപാടുകളിൽ ടി. വീണയ്‌ക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും, ഈ കണ്ടെത്തലുകളാണ് വാർത്താക്കുറിപ്പിൽ പരാമർശിച്ചതെന്നും ഇഡി വ്യക്തമാക്കി. കേസിൽ കൂടുതൽ ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
പിണറായി വിജയൻ്റെ വിമർശനം
എന്നാൽ, വീണ തൻ്റെ മകളായതു കൊണ്ടാണ് ഇത്തരത്തിലുള്ള അന്വേഷണങ്ങളെല്ലാം നടക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. വീണയ്‌ക്കെതിരെ ഇഡി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അസാധാരണ നടപടിയാണെന്നും, അതിൽ തൻ്റെ പദവിയെക്കുറിച്ച് പരാമർശിച്ചതിനെയും അദ്ദേഹം ചോദ്യം ചെയ്തു. മുഹമ്മദ് റിയാസിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന ആക്ഷേപവും മുൻ മുഖ്യമന്ത്രി നിഷേധിച്ചു.
തനിക്കോ മകൾക്കോ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലുമോ ഹവാല ഇടപാടുകളില്ലെന്ന് വ്യക്തമാക്കിയ മുൻ മുഖ്യമന്ത്രി, തൻ്റെ കൈകൾ പണ്ടും ശുദ്ധമായിരുന്നുവെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും കൂട്ടിച്ചേർത്തു. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് വീണ അവരുമായി പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും ഇനിയും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തടസമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.


