...
Home News Kerala പിണറായി വിജയൻ്റെ പ്രസ്താവനയില്‍ മറുപടിയില്ലെന്ന് സിപിഐഎം; മുന്നണിയില്‍ അസ്വാരസ്യങ്ങള്‍

പിണറായി വിജയൻ്റെ പ്രസ്താവനയില്‍ മറുപടിയില്ലെന്ന് സിപിഐഎം; മുന്നണിയില്‍ അസ്വാരസ്യങ്ങള്‍

എന്തെങ്കിലും മറുപടി പറയേണ്ടതുണ്ടെങ്കില്‍ അത് പിണറായി വിജയന്‍ തന്നെ പറയട്ടെയെന്നാണ് സിപിഐഎം നിലപാട്

4

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കേണ്ടതില്ലെന്ന തീരുമാനവുമായി സിപിഐഎം സംസ്ഥാന നേതൃത്വം. മുന്നണിയിലെ ഘടകകക്ഷിയായ സിപിഐയെ കൂടുതല്‍ പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐഎം. ബിനോയ് വിശ്വത്തിൻ്റെ പ്രതികരണത്തില്‍ പാര്‍ട്ടിക്ക് അതൃപ്തി. എന്തെങ്കിലും മറുപടി പറയേണ്ടതുണ്ടെങ്കില്‍ അത് പിണറായി വിജയന്‍ തന്നെ പറയട്ടെയെന്നാണ് സിപിഐഎം നിലപാട്.

സിപിഐയെ അനുനയിപ്പിക്കാന്‍ പ്രത്യേകമായി ഇടപെടലുകള്‍ ഒന്നും നടത്തേണ്ടതില്ലെന്നും അടുത്ത സിപിഐഎം സെക്രട്ടറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ഓണക്കാലമായതിനാല്‍ ചൊവ്വാഴ്ചത്തെ പതിവ് സെക്രട്ടറിയറ്റ് യോഗം ഉണ്ടായിരിക്കില്ല.

വിവാദത്തിന് കാരണമായത്

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐഎമ്മിനാണെന്നും, ഉപനേതാവിൻ്റെ പേരുള്ള കത്ത് സ്പീക്കര്‍ക്ക് വൈകാതെ കൈമാറുമെന്നുമായിരുന്നു പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ അത്തരമൊരു പ്രസ്താവന അദ്ദേഹത്തിൻ്റെ പദവിക്കും രാഷ്ട്രീയ പക്വതയ്ക്കും നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയത് മുന്നണിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സിപിഐ കടുത്ത നിലപാടിലേക്ക് നീങ്ങിയേക്കുമെന്നാണ് സൂചന.

ഇടഞ്ഞുനില്‍ക്കാൻ സിപിഐ

ഇതിനിടയിൽ, എല്‍ഡിഎഫ് പരിപാടികളില്‍ നിന്നടക്കം വിട്ടുനില്‍ക്കുന്നതിനെക്കുറിച്ച് സിപിഐ നേതൃത്വം ആലോചിക്കുന്നതായാണ് വിവരം. പാര്‍ട്ടിയുടെ അഭിമാനം പണയപ്പെടുത്തി മുന്നണിയായി മുന്നോട്ടു പോകേണ്ടതില്ലെന്നാണ് നേതൃതലത്തിലുണ്ടായ ധാരണ. പിണറായി വിജയൻ്റെ ശൈലി സിപിഐഎം മാത്രമല്ല സിപിഐയും അംഗീകരിക്കുന്നില്ലെന്നും, വലിയ തിരഞ്ഞെടുപ്പ് പരാജയമുണ്ടായിട്ടും അദ്ദേഹത്തിൻ്റെ ശൈലിയില്‍ മാറ്റമില്ലാത്തതിന് തെളിവാണ് പുതിയ പ്രസ്താവനയെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ വിമർശനം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.