...
Home News International ന്യൂയോർക്കിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിൻ്റെ പരിപാടിക്ക് കനത്ത സുരക്ഷാ മുന്നറിയിപ്പ്

ന്യൂയോർക്കിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിൻ്റെ പരിപാടിക്ക് കനത്ത സുരക്ഷാ മുന്നറിയിപ്പ്

നിയമപാലനം കർശനമാക്കണമെന്നും എച്ച്.എ.എഫ് ന്യൂയോർക്ക് മേയറോട് അഭ്യർത്ഥിച്ചിട്ടുണ്ട്

3

അമേരിക്കയിലെ ന്യൂയോർക്കിൽ ശനിയാഴ്ച നടക്കാനിരിക്കുന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിന്റെ പരിപാടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പരിപാടിയിൽ പങ്കെടുക്കുന്നവർ പ്രതിഷേധക്കാരുമായി യാതൊരുവിധ ഏറ്റുമുട്ടലുകളിലേക്കും പോകരുതെന്ന് അമേരിക്ക ആസ്ഥാനമായുള്ള ഹിന്ദു-അമേരിക്കൻ സംഘടനയായ ‘ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ’ (HAF) കർശന മുന്നറിയിപ്പ് നൽകി.

മാഡിസൺ സ്‌ക്വയർ പ്രതിഷേധത്തിന് സാധ്യത

നാളെ (ഓഗസ്റ്റ് 29 ശനിയാഴ്ച) മാഡിസൺ സ്‌ക്വയർ ഗാർഡനിലെ ഇൻഫോസിസ് തിയേറ്ററിലാണ് ‘യൂണിവേഴ്‌സൽ വൺനെസ് സെലിബ്രേഷൻസ്’ എന്ന പേരിൽ മോഹൻ ഭഗവത് പങ്കെടുക്കുന്ന പരിപാടി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഈ പരിപാടി തടസ്സപ്പെടുത്താനും റദ്ദാക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് എച്ച്.എ.എഫ് വ്യക്തമാക്കുന്നു. ആർ.എസ്.എസ് മേധാവിയുടെ സന്ദർശനത്തിനെതിരെ ‘ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ്’ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ മാഡിസൺ സ്‌ക്വയർ ഗാർഡന് പുറത്ത് ശക്തമായ പ്രതിഷേധ പ്രകടനങ്ങൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്.

HAF നൽകുന്ന സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ

പരിപാടിയിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ മുൻനിർത്തി ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ താഴെ പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു:

  • സംയമനം പാലിക്കുക: പരിപാടിയിൽ പങ്കെടുക്കുന്നവർ തികഞ്ഞ മര്യാദ പാലിക്കുക. ഒത്തുകൂടാനും പ്രതിഷേധിക്കാനും മറ്റുള്ളവർക്കുള്ള അവകാശത്തെ മാനിക്കുക.
  • ജാഗ്രത പുലർത്തുക: ചുറ്റുപാടുകളെക്കുറിച്ച് എപ്പോഴും ജാഗ്രത പാലിക്കുക. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ നിയമപാലകരെ അറിയിക്കുക.
  • ഏറ്റുമുട്ടലുകൾ ഒഴിവാക്കുക: ആരെങ്കിലും പ്രകോപനപരമോ ഭീഷണിപ്പെടുത്തുന്നതോ ആയ പ്രസ്താവനകൾ നടത്തിയാൽ അവരുമായി വാഗ്വാദങ്ങളോ വഴക്കുകളോ ഉണ്ടാക്കാതെ എത്രയും പെട്ടെന്ന് ആ പ്രദേശം വിടുക.
  • അടിയന്തര സഹായം: എന്തെങ്കിലും ഭീഷണി തോന്നിയാൽ ഉടൻ തന്നെ ഇവന്റ് സെക്യൂരിറ്റിയെയോ പോലീസിനെയും ബന്ധപ്പെടുക. അടിയന്തര സാഹചര്യങ്ങളിൽ 911 എന്ന നമ്പറിൽ വിളിക്കുക.

അതേസമയം, പരിപാടിയിൽ പങ്കെടുക്കുന്നവർ ഉൾപ്പെടെയുള്ള എല്ലാ ന്യൂയോർക്ക് നിവാസികളുടെയും സുരക്ഷയും പൗരാവകാശങ്ങളും ഉറപ്പാക്കണമെന്നും, നിയമപാലനം കർശനമാക്കണമെന്നും എച്ച്.എ.എഫ് ന്യൂയോർക്ക് മേയറോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.