യുക്രെയ്ന് നൽകുന്ന സൈനിക സഹായങ്ങൾ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടനും ഫ്രാൻസിനും റഷ്യ വീണ്ടും കനത്ത മുന്നറിയിപ്പ് നൽകി. ഇരുരാജ്യങ്ങളുടെയും ഇത്തരം നടപടികൾ നിലവിലെ സംഘർഷം കൂടുതൽ വഷളാക്കുമെന്നും, ഇതിന് മറുപടിയായി യുക്രെയ്നകത്തോ പുറത്തോ ഉള്ള സൈനിക ലക്ഷ്യങ്ങൾക്ക് നേരെ റഷ്യൻ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് റഷ്യ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. യുക്രെയ്ന് തങ്ങളുടെ രാജ്യത്തിനകത്ത് തന്നെ സ്വന്തമായി ‘സ്റ്റോം ഷാഡോ’ ദീർഘദൂര ക്രൂയിസ് മിസൈലുകൾ നിർമ്മിക്കാനുള്ള അത്യാധുനിക സാങ്കേതികവിദ്യ കൈമാറാൻ ബ്രിട്ടൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് റഷ്യ ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പാശ്ചാത്യ പങ്കാളികളെ പൂർണ്ണമായി ആശ്രയിക്കാതെ തന്നെ ദീർഘദൂര ആക്രമണങ്ങൾ നടത്താനുള്ള യുക്രെയ്ന്റെ ശേഷി വർദ്ധിപ്പിക്കാൻ ബ്രിട്ടന്റെ ഈ പുതിയ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബ്രിട്ടനും ഫ്രാൻസും ഈ വിഷയത്തിൽ “തീക്കളി” നടത്തുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സഖറോവ ആരോപിച്ചു. യുക്രെയ്നിലെ പാശ്ചാത്യ രാജ്യങ്ങളുടെ വർദ്ധിച്ചുവരുന്ന ഇടപെടലുകളിൽ മോസ്കോയ്ക്കുള്ള കടുത്ത ആശങ്കയാണ് സഖറോവയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. യുക്രെയ്ന് സ്വന്തമായി സ്റ്റോം ഷാഡോ മിസൈലുകൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ നൽകാൻ തയ്യാറാണെന്ന് ലണ്ടൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ബ്രിട്ടീഷ് ആയുധങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങൾ യുക്രെയ്നിലെയും അതിനപ്പുറമുള്ളതുമായ യുകെ സൈനിക താവളങ്ങൾക്ക് നേരെ റഷ്യൻ പ്രത്യാക്രമണത്തിന് കാരണമാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി. യുക്രെയ്ൻ യുദ്ധത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഇടപെടുന്നതിനെതിരെ മുൻപും റഷ്യ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നതും, ഇത്തരം പല മുന്നറിയിപ്പുകളും ആണവ യുദ്ധ ഭീതിക്ക് വരെ കാരണമായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
അതേസമയം, യു.എസ് സി.ഐ.എ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് അടുത്തിടെ മോസ്കോ സന്ദർശിച്ചിരുന്നതായും റഷ്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഏതെങ്കിലും ഒരു നാറ്റോ (NATO) സഖ്യരാജ്യത്തിന് നേരെ പരിമിതമായ രീതിയിൽ ആക്രമണം നടത്തി അവരുടെ പ്രതിരോധ ശേഷി പരീക്ഷിക്കരുതെന്ന് കൂടിക്കാഴ്ചയിൽ അദ്ദേഹം റഷ്യൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയതായാണ് സൂചന. ബാൾട്ടിക് രാജ്യങ്ങളിൽ ഒന്നിൽ സൈബർ ആക്രമണമോ ചെറുകിട സൈനിക കടന്നുകയറ്റമോ നടത്താൻ റഷ്യ പദ്ധതിയിട്ടേക്കാമെന്ന യുഎസ് രഹസ്യാന്വേഷണ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് സി.ഐ.എ ഡയറക്ടറുടെ ഈ സന്ദർശനമെന്ന് ‘ദി വാൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. എങ്കിലും, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സി.ഐ.എ ഡയറക്ടറുടെ ഈ മോസ്കോ സന്ദർശനത്തെ തികച്ചും സാധാരണമായ ഒന്നായി (semi routine) മാത്രമാണ് വിശേഷിപ്പിച്ചത്.
ഇത്തരം ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ റഷ്യൻ വക്താക്കൾ, തങ്ങൾക്ക് നാറ്റോയുമായി ഏറ്റുമുട്ടാൻ യാതൊരു പദ്ധതിയുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം തന്നെ കേവലം പേടിപ്പെടുത്തുന്ന കെട്ടുകഥകൾ (scare-story) മാത്രമാണെന്നും യാഥാർത്ഥ്യവുമായോ റഷ്യൻ ഫെഡറേഷന്റെ യഥാർത്ഥ ലക്ഷ്യങ്ങളുമായാോ ഇതിന് യാതൊരു ബന്ധവുമില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. സി.ഐ.എ ഡയറക്ടറുടെ മോസ്കോ സന്ദർശനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ടുകളുടെ വലിയ പ്രാധാന്യം കുറച്ചുകാണിക്കാനും അത് ലഘൂകരിക്കാനുമാണ് അമേരിക്കയിലെയും റഷ്യയിലെയും ഉദ്യോഗസ്ഥർ ഇപ്പോൾ ശ്രമിക്കുന്നത്.


