യു.എ.ഇ.ക്ക് പിന്നാലെ എണ്ണ ഉത്പാദക രാജ്യങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ഒപെകിൽ (OPEC) നിന്ന് പിന്മാറാൻ വെനസ്വേലയും ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആറ് പതിറ്റാണ്ടുകൾക്ക് മുൻപ് വെനസ്വേല ഉൾപ്പെടെയുള്ള അഞ്ച് സ്ഥാപക രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച കൂട്ടായ്മയിൽ നിന്നാണ് ഇപ്പോൾ വെനസ്വേലയുടെ ഈ പിന്മാറ്റ നീക്കം. വെനസ്വേല കൂടി വിട്ടാൽ ഒപെക് സഖ്യം കൂടുതൽ ദുർബലമാവുകയും ഇത് ആഗോള എണ്ണവിപണിയുടെ നിലവിലെ വില സമവാക്യങ്ങളിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും ഒപെകിൽ നിന്നുള്ള പിന്മാറ്റത്തിൽ വെനസ്വേല ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
വെനസ്വേലൻ എണ്ണപ്പാടങ്ങളുടെ നിയന്ത്രണം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്ക നടത്തുന്ന തന്ത്രപരമായ നീക്കങ്ങളാണ് ഈ വലിയ മാറ്റങ്ങൾക്ക് പിന്നിലെന്നാണ് സൂചനകൾ. കൃത്രിമമായി വിലക്കയറ്റം സൃഷ്ടിച്ച് ഒപെക് ലോകരാജ്യങ്ങളെ കൊള്ളയടിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻപ് തന്നെ ആരോപിച്ചിരുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തിൽ നിന്നും നീക്കി അവിടുത്തെ എണ്ണപ്പാടങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുകയാണ് ഡൊണാൾഡ് ട്രംപിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി വെനസ്വേലൻ എണ്ണപ്പാടങ്ങൾ നൂറ് വർഷത്തേക്ക് പാട്ടത്തിന് എടുക്കുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ചകളിൽ സജീവമാണ്.
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ എണ്ണശേഖരമുള്ള രാജ്യങ്ങളിലൊന്നായ വെനസ്വേലയിൽ നിന്ന് ഉത്പാദനം വർദ്ധിപ്പിച്ച് ആഗോള എണ്ണ വിപണിയുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇത് വഴി ഒപെക് ദുർബലമായാൽ അന്താരാഷ്ട്ര വിപണിയിൽ യു.എസിന് വലിയ മേൽക്കൈ നേടാൻ സാധിക്കും. മുൻപ് എണ്ണനീക്കത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് കൈയടക്കാനും ഇറാന് നേരെ ആക്രമണം നടത്താനും അമേരിക്ക ശ്രമിച്ചിരുന്നെങ്കിലും അതിൽ പൂർണ്ണമായി വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. അമേരിക്ക ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾ കാരണം വെനസ്വേലയുടെ പ്രതിദിന ഉത്പാദനം പത്തു വർഷം മുൻപത്തെ 20 ലക്ഷം വീപ്പയിൽ നിന്നും പത്തു ലക്ഷം വീപ്പയ്ക്ക് താഴെയായി കുറഞ്ഞിരുന്നു. എന്നാൽ മഡുറോയെ നീക്കിയതിന് ശേഷം എണ്ണ ഉത്പാദനം വീണ്ടും വർദ്ധിച്ചതായും ജൂലൈയിൽ പ്രതിദിനം 11.6 ലക്ഷം വീപ്പ എണ്ണ ഉത്പാദിപ്പിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
നേരത്തെ ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഒപെകിൽ നിന്നും യു.എ.ഇ പിന്മാറിയത്. ഒപെക് നിർദ്ദേശിക്കുന്ന രീതിയിൽ എണ്ണ ഉത്പാദനം കുറയ്ക്കുന്നതിലുള്ള കടുത്ത അതൃപ്തിയും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയുമാണ് യു.എ.ഇയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഈ പിന്മാറ്റത്തോടെ യു.എ.ഇക്ക് എണ്ണ ഉത്പാദനവും കയറ്റുമതിയും പൂർണ്ണമായും സ്വതന്ത്രമായി നടത്താൻ സാധിക്കും. മുൻപ് 2016-ൽ ഇൻഡോനേഷ്യയും 2019-ൽ ഖത്തറും ഒപെക് വിട്ടിരുന്നു. ഇതിന് പിന്നാലെ ഇക്വഡോർ, അംഗോള എന്നീ രാജ്യങ്ങളും പിന്മാറിയതോടെ നിലവിൽ വെറും 12 അംഗരാജ്യങ്ങൾ മാത്രമാണ് ഒപെക് കൂട്ടായ്മയിലുള്ളത്.


