...
Home News സിംഗപ്പൂർ എല്ലാ ആഴ്ചയും മലേഷ്യയിലേക്ക് ഉപയോഗിച്ച പഴയ വസ്ത്രങ്ങൾ അയയ്ക്കുന്നു; കാരണം അറിയാം

സിംഗപ്പൂർ എല്ലാ ആഴ്ചയും മലേഷ്യയിലേക്ക് ഉപയോഗിച്ച പഴയ വസ്ത്രങ്ങൾ അയയ്ക്കുന്നു; കാരണം അറിയാം

സിംഗപ്പൂരിൽ വർധിച്ചുവരുന്ന തുണിത്തര മാലിന്യം സാധാരണ മാലിന്യത്തോടൊപ്പം കലരുന്നത് ഒഴിവാക്കുകയാണ് അതിർത്തി കടന്നുള്ള ഈ പുനരുപയോഗ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

2

രാജ്യത്ത് വർധിച്ചുവരുന്ന തുണിത്തര മാലിന്യത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ പുനരുപയോഗ പദ്ധതിയുമായി സിംഗപ്പൂർ. കരാറിന്റെ ഭാഗമായി ഓരോ ആഴ്ചയും ഏകദേശം 70 ടൺ പഴയ വസ്ത്രങ്ങൾ മലേഷ്യയിലേക്ക് അയയ്ക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സൃഷ്ടിച്ചിരുന്ന തുണിത്തര മാലിന്യത്തിന്റെ ഏകദേശം ഇരട്ടിയാണിത്.

സാമൂഹിക സംഘടനയായ ക്ലൂപ്പ് സിംഗപ്പൂരിലുടനീളമുള്ള റീസൈക്ലിംഗ് ബിന്നുകളിൽനിന്ന് പഴയ വസ്ത്രങ്ങൾ ശേഖരിച്ചാണ് പദ്ധതിക്ക് തുടക്കമിടുന്നത്. ശേഖരിക്കുന്ന വസ്ത്രങ്ങൾ പിന്നീട് മലേഷ്യയിലെ പോർട്ട് ക്ലാങ്ങിലുള്ള ലൈഫ്‌ലൈൻ ക്ലോത്തിംഗ് സെന്ററിലേക്ക് എത്തിക്കും.

കേന്ദ്രത്തിലെത്തുന്ന വസ്ത്രങ്ങൾ വിദഗ്ധർ വിവിധ വിഭാഗങ്ങളായി തരംതിരിക്കും. ഇതിൽ ഏകദേശം പകുതിയോളം വസ്ത്രങ്ങൾ പുനരുപയോഗത്തിന് അനുയോജ്യമാണെന്നാണ് വിലയിരുത്തൽ. ഇവ ബെയ്‌ലുകളാക്കി പായ്ക്ക് ചെയ്ത് കെനിയ, ഉഗാണ്ട, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളിലെ സെക്കൻഡ് ഹാൻഡ് വിപണികളിലേക്ക് കയറ്റുമതി ചെയ്യും.

പുനരുപയോഗത്തിന് അനുയോജ്യമല്ലാത്ത വസ്ത്രങ്ങളിൽ ഒരു ഭാഗം വ്യവസായ മേഖലയിൽ ക്ലീനിംഗ് ആവശ്യങ്ങൾക്കുള്ള തുടയ്ക്കൽ തുണികളാക്കി മാറ്റും. ശേഷിക്കുന്നവയിൽ ഉപയോഗപ്രദമല്ലാത്ത വസ്ത്രങ്ങൾ കത്തിച്ച് അതിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന രീതിയിലും ഉപയോഗപ്പെടുത്തും.

സിംഗപ്പൂരിൽ വർധിച്ചുവരുന്ന തുണിത്തര മാലിന്യം സാധാരണ മാലിന്യത്തോടൊപ്പം കലരുന്നത് ഒഴിവാക്കുകയാണ് അതിർത്തി കടന്നുള്ള ഈ പുനരുപയോഗ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

എന്നാൽ വസ്ത്രങ്ങളിലെ മിശ്രിത നാരുകൾ, ബട്ടണുകൾ, സിപ്പുകൾ തുടങ്ങിയവ പുനരുപയോഗ പ്രക്രിയ സങ്കീർണമാക്കുന്നുണ്ട്. അതിനാൽ വസ്ത്രങ്ങൾ ശാസ്ത്രീയമായി വേർതിരിച്ച് കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

പഴയ വസ്ത്രങ്ങൾക്ക് പുതിയ ഉപയോഗം കണ്ടെത്താൻ ഈ സംവിധാനം സഹായിക്കുന്നുണ്ടെങ്കിലും, പുതിയ തുണിത്തരങ്ങളുടെ അമിത ഉപയോഗം കുറയ്ക്കുന്നതാണ് പ്രശ്നത്തിന് ദീർഘകാല പരിഹാരമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.