തിരുവനന്തപുരം: സിപിഐഎം മുഖപത്രമായ ‘ദേശാഭിമാനി’യിൽ വന്ന ലേഖനത്തിന് മറുപടിയുമായി സിപിഐ മുഖപത്രമായ ‘ജനയുഗം’. പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ദേശാഭിമാനി ഉന്നയിച്ച വിമർശനങ്ങൾക്ക്, സിപിഐ നേതാവ് രാജാജി മാത്യു തോമസ് ജനയുഗത്തിൽ എഴുതിയ ‘കൂട്ടായ നേതൃത്വം കാലഘട്ടത്തിൻ്റെ ആവശ്യകത’ എന്ന ലേഖനത്തിലൂടെയാണ് ശക്തമായ പ്രതിരോധം തീർത്തിരിക്കുന്നത്.
അടിയന്തരാവസ്ഥയും നിലമ്പൂർ വെടിവെയ്പ്പും
അടിയന്തരാവസ്ഥയെ പിന്തുണച്ച ഏക കമ്മ്യൂണിസ്റ്റ് പാർട്ടി സിപിഐ ആണെന്ന ദേശാഭിമാനിയുടെ വിമർശനത്തിന് ജനയുഗം ചുട്ട മറുപടിയാണ് നൽകിയിരിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളിൽ അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോൻ അങ്ങേയറ്റം ദുഃഖിതനായിരുന്നുവെന്നും, തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷവും നേതൃത്വം ഏറ്റെടുക്കാൻ അദ്ദേഹം വിസമ്മതിച്ചത് ആ യാഥാർത്ഥ്യം കൊണ്ടാണെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു.
കൂടാതെ, ഇടതുപക്ഷ സർക്കാരുകളുടെ കാലത്ത് കേരളത്തിൽ നടന്ന പൊലീസ് അതിക്രമങ്ങളും മാവോയിസ്റ്റ് വേട്ടയും ആരും വിസ്മരിക്കരുതെന്ന് ജനയുഗം ഓർമ്മിപ്പിക്കുന്നു. മോഡി ഭരണകൂടത്തിന്റെ മാവോയിസ്റ്റ് വേട്ടയോട് പൂർണ്ണമായി താരതമ്യം ചെയ്യുന്നില്ലെങ്കിലും, നിലമ്പൂർ വനങ്ങളിൽ നടന്ന നക്സലൈറ്റ് കൂട്ടക്കൊല ഏതൊരു ഭരണകൂടത്തിനും ഭൂഷണമല്ലെന്ന വസ്തുതയും ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഉപനേതൃസ്ഥാനം ആവശ്യപ്പെടാനുള്ള സാഹചര്യം
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുന്നണിയുടെ സംഘടനാ സംവിധാനത്തിൽ കൂട്ടായ നേതൃത്വവും ഉത്തരവാദിത്തവും വേണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നുവെന്ന് ജനയുഗം വ്യക്തമാക്കുന്നു. ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഉഭയകക്ഷി കൂടിയാലോചനകളിൽ സിപിഐ ഉപനേതൃസ്ഥാനം ഉന്നയിച്ചത്.
വിഷയം ഉഭയകക്ഷി ചർച്ചകളിൽ ഒതുക്കണമെന്നായിരുന്നു സിപിഐഎമ്മിന്റെ ആവശ്യമെങ്കിലും, സജീവമായ മാധ്യമ സംസ്കാരമുള്ള കേരളത്തിൽ അത്തരം കാര്യങ്ങൾ ദീർഘകാലം രഹസ്യമായി സൂക്ഷിക്കുക അസാധ്യമാണെന്നും മാധ്യമങ്ങളുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകാൻ നിർബന്ധിതരായതാണെന്നും ലേഖനം വ്യക്തമാക്കുന്നു.
കീഴ്വഴക്കങ്ങളും സിപിഐഎം അവലോകന റിപ്പോർട്ടും
എൽഡിഎഫിന്റെ തുടക്കം മുതൽ പ്രതിപക്ഷ നേതൃസ്ഥാനവും ഉപനേതൃസ്ഥാനവും സിപിഐഎമ്മിൽ മാത്രമായിരുന്നു എന്ന വാദം പുതിയ കാലത്തെ മാറ്റങ്ങളെ അംഗീകരിക്കാനുള്ള വൈമുഖ്യമാണെന്ന് ജനയുഗം കുറ്റപ്പെടുത്തുന്നു. 1977-ന് ശേഷം ആദ്യമായി രാജ്യത്തെ ഒരു സംസ്ഥാനത്തും തങ്ങളുടെ പാർട്ടി അധികാരത്തിലില്ലെന്ന സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ പരാമർശം ഇതിന് ഉപോദ്ബലകമായി ലേഖനം എടുത്തുപറയുന്നുണ്ട്. ഫാസിസ്റ്റ് വിപത്തിനെ നേരിടാൻ കീഴ്വഴക്കങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ കൂട്ടായ രാഷ്ട്രീയ പരിശ്രമവും നേതൃത്വവുമാണ് ഇന്നത്തെ ആവശ്യം.
കോൺഗ്രസ് ബന്ധവും ജ്യോതി ബസുവിനെ ഓർമ്മപ്പെടുത്തലും
അടിയന്തരാവസ്ഥയുടെ പേരിൽ സിപിഐയെ പ്രതിക്കൂട്ടിലാക്കുന്നവർ, തങ്ങളുടെ സാന്നിധ്യം രാജ്യത്ത് അറിയിക്കാൻ രാജസ്ഥാനിലെ സിക്കർ മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെയാണ് മത്സരിച്ച് വിജയിച്ചതെന്ന കാര്യം മറക്കരുതെന്ന് ജനയുഗം വിമർശിക്കുന്നു. കൂടാതെ, 1996-ൽ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാകാൻ അനുവദിക്കാതിരുന്ന സിപിഐഎം തീരുമാനത്തെക്കുറിച്ചും ലേഖനം പരാമർശിക്കുന്നുണ്ട്. അന്ന് ആ അവസരം വിനിയോഗിച്ചിരുന്നെങ്കിൽ അത് രാജ്യത്തിന്റെയും ഇടതുപക്ഷത്തിന്റെയും ചരിത്രത്തിലെ നിർണായക വഴിത്തിരിവായി മാറുമായിരുന്നുവെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും കൂട്ടായ നേതൃത്വത്തിനും വഴിയൊരുക്കുന്നതാകും സെപ്റ്റംബറിൽ ചേരുന്ന സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ വിപുലീകൃത പ്രത്യേക യോഗത്തിന്റെ തീരുമാനങ്ങൾ എന്ന് പ്രത്യാശിച്ചാണ് ലേഖനം അവസാനിക്കുന്നത്.


