...
Home News National ധർമ്മേന്ദ്ര പ്രധാന് പിന്നാലെ മദൻ ദിലാവറും പുറത്തേക്ക്? രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിക്കെതിരെ സി.ജെ.പിയും കോൺഗ്രസും പ്രതിഷേധം...

ധർമ്മേന്ദ്ര പ്രധാന് പിന്നാലെ മദൻ ദിലാവറും പുറത്തേക്ക്? രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിക്കെതിരെ സി.ജെ.പിയും കോൺഗ്രസും പ്രതിഷേധം കടുപ്പിക്കുമ്പോൾ

രാജസ്ഥാൻ സർക്കാരിൽ സ്കൂൾ വിദ്യാഭ്യാസം, പഞ്ചായത്തിരാജ്, സംസ്‌കൃത വിദ്യാഭ്യാസം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുതിർന്ന ബിജെപി നേതാവാണ് മദൻ ദിലാവർ. വിദ്യാർത്ഥി ക്ഷേമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് ഇദ്ദേഹത്തിനെതിരെ സി.ജെ.പി പ്രതിഷേധം കടുപ്പിക്കുന്നത്.

24

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ, രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറും കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തിയ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ജൂലൈ 25-നാണ് ധർമ്മേന്ദ്ര പ്രധാൻ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചത്. ഇപ്പോൾ രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രിയായ മദൻ ദിലാവറിനെതിരെയും സി.ജെ.പിയും ഒപ്പം കോൺഗ്രസും രാജി ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്.

രാജസ്ഥാൻ സർക്കാരിൽ സ്കൂൾ വിദ്യാഭ്യാസം, പഞ്ചായത്തിരാജ്, സംസ്‌കൃത വിദ്യാഭ്യാസം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുതിർന്ന ബിജെപി നേതാവാണ് മദൻ ദിലാവർ. വിദ്യാർത്ഥി ക്ഷേമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് ഇദ്ദേഹത്തിനെതിരെ സി.ജെ.പി പ്രതിഷേധം കടുപ്പിക്കുന്നത്. എന്നാൽ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പുരോഗതി തടസ്സപ്പെടുത്താനും അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കാനുമാണ് പ്രതിപക്ഷവും സി.ജെ.പിയും ശ്രമിക്കുന്നതെന്നാണ് മന്ത്രിക്കെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിച്ച് അദ്ദേഹം വ്യക്തമാക്കുന്നത്.

സി.ജെ.പി രാജ്യവ്യാപകമായി നടത്തുന്ന “സ്കൂൾ തിക് കരോ” (സ്കൂളുകൾ നന്നാക്കുക) കാമ്പെയ്‌ന്റെ ഭാഗമായി കോ-കൺവീനർ അശുതോഷ് രങ്കയുടെ നേതൃത്വത്തിലുള്ള സംഘം ജയ്പൂരിലെ രാംപുര-കൻവർപുര ഗ്രാമത്തിലെ സർക്കാർ സ്കൂൾ സന്ദർശിച്ചതോടെയാണ് പ്രശ്നങ്ങൾ വഷളായത്. ഈ സന്ദർശനത്തിനിടയിൽ സി.ജെ.പി വോളന്റിയർമാർക്ക് നേരെ ക്രൂരമായ ആക്രമണം ഉണ്ടായി. അവിടെ തടിച്ചുകൂടിയ ബിജെപി പ്രവർത്തകർ വോളന്റിയർമാർക്ക് നേരെ കല്ലെറിയുകയും വാഹനങ്ങളുടെ ചില്ലുകൾ തകർക്കുകയും മർദ്ദിക്കുകയും ചെയ്തതായും അക്രമത്തിൽ ഒരു വോളന്റിയറുടെ കൈക്ക് ഒടിവ് സംഭവിച്ചതായും പാർട്ടി ആരോപിക്കുന്നു.

ഈ അക്രമത്തെ അപലപിക്കുന്നതിന് പകരം, ഗ്രാമീണർ സ്വന്തം സ്കൂളിനെ സംരക്ഷിക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് അവരെ പരസ്യമായി അഭിനന്ദിക്കുകയാണ് മന്ത്രി മദൻ ദിലാവർ ചെയ്തത്. ഇത് പ്രതിഷേധക്കാരെ കൂടുതൽ ചൊടിപ്പിച്ചു. ഇതിന് പിന്നാലെ, അനുമതിയില്ലാതെ സ്കൂളുകൾക്കുള്ളിൽ ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നത് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. സ്കൂളുകളിലെ തകർന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ മറച്ചുവെക്കാനും മാധ്യമങ്ങളെ അടിച്ചമർത്താനുമുള്ള നീക്കമായാണ് സി.ജെ.പി ഈ വിലക്കിനെ കാണുന്നത്.

മന്ത്രി ദിലാവറിന്റെ ഭരണത്തിൻ കീഴിലുള്ള കടുത്ത അടിസ്ഥാന സൗകര്യ പരാജയങ്ങൾ സി.ജെ.പി പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ജയ്പൂരിൽ അക്രമം നടന്ന സ്കൂൾ വർഷങ്ങളായി ഒരു കന്നുകാലി തൊഴുത്തിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഒരു സർക്കാർ സ്കൂൾ കെട്ടിടം തകർന്ന് വീണ് ഏഴ് വിദ്യാർത്ഥികൾ മരണപ്പെട്ട വൻ ദുരന്തവും ഉണ്ടായി. സംസ്ഥാനത്ത് നടത്തിയ ഓഡിറ്റിൽ, ആകെയുള്ള 63,000 സർക്കാർ സ്കൂളുകളിൽ 5,600-ലധികം കെട്ടിടങ്ങളും ഏകദേശം 87,000 ക്ലാസ് മുറികളും പൂർണ്ണമായും തകർന്ന നിലയിലോ അപകടകരമായ അവസ്ഥയിലോ ആണെന്ന് കണ്ടെത്തിയിരുന്നു.

മന്ത്രി ദിലാവറിന്റെ സ്വന്തം ജില്ലയായ കോട്ടയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച് 30-ഓളം വിദ്യാർത്ഥികൾക്ക് അസുഖം ബാധിച്ച സംഭവം അദ്ദേഹത്തിന്റെ ഭരണപരാജയത്തിന്റെ തെളിവായി സി.ജെ.പി ഉയർത്തിക്കാട്ടുന്നു. അടിസ്ഥാന വിദ്യാർത്ഥി സുരക്ഷയിലും ആരോഗ്യ കാര്യങ്ങളിലും മന്ത്രി കടുത്ത അനാസ്ഥ കാണിക്കുന്നു എന്നാണ് ആരോപണം. ജയ്പൂർ ആക്രമണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും സ്കൂളുകളിലെ മാധ്യമ വിലക്ക് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സി.ജെ.പി നേതാവ് അശുതോഷ് രങ്ക മന്ത്രിക്ക് 48 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം സംസ്ഥാനവ്യാപകമായി സമരം ശക്തമാക്കുമെന്നാണ് മുന്നറിയിപ്പ്.

സി.ജെ.പിയുടെ സമരത്തിന് മുൻപ് തന്നെ കോൺഗ്രസ് പാർട്ടിയും മദൻ ദിലാവറിനെതിരെ കടുത്ത രീതിയിൽ രംഗത്തുണ്ടായിരുന്നു. ജയ്പൂരിലെ സ്കൂൾ പരിശോധനയ്ക്കിടെ സി.ജെ.പി വോളന്റിയർമാർക്ക് നേരെയുണ്ടായ ആക്രമണത്തെ കോൺഗ്രസ് ശക്തമായി അപലപിച്ചു. പോലീസ് അക്രമികൾക്ക് ഒത്താശ ചെയ്തുവെന്നും ഈ ആക്രമണം മന്ത്രി മദൻ ദിലാവറിന്റെ നിർദ്ദേശപ്രകാരം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കോൺഗ്രസ് ആരോപിച്ചു. സംസ്ഥാനത്തിന്റെ മൺസൂൺ നിയമസഭാ സമ്മേളനത്തിനിടയിൽ കോൺഗ്രസ് എംഎൽഎമാർ നിയമസഭയ്ക്ക് മുന്നിൽ വൻ ധർണ്ണ നടത്തുകയും സഭാ നടപടികൾ ബഹിഷ്കരിക്കുകയും ചെയ്തു.

നിയമസഭയിൽ പ്രതിപക്ഷ നേതാവ് ടികാ റാം ജൂലി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ മന്ത്രി ദിലാവറിനെ നിരന്തരം പ്രതിക്കൂട്ടിലാക്കുകയാണ്. മന്ത്രിയുടെ ഭരണത്തിൻ കീഴിൽ 1.25 ലക്ഷത്തിലധികം അധ്യാപക തസ്തികകൾ നികത്താതെ കിടക്കുകയാണെന്നും ദിലാവർ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണ്ണമായി നശിപ്പിച്ചുവെന്നും രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊതാസ്ര കുറ്റപ്പെടുത്തി. ഹൈക്കോടതിയുടെ കർശന ഉത്തരവിന് ശേഷമാണ് സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ പോലും ബിജെപി സർക്കാർ തയ്യാറായതെന്നും കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു.

മദൻ ദിലാവർ മുൻപ് ഉപയോഗിച്ച അധിക്ഷേപകരമായ ഭാഷയും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. സഹമന്ത്രിയെ പ്രതിരോധിച്ച് സംസാരിക്കവേ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊതാസ്രയുടെ ആരോപണങ്ങളെ ഒരു വേശ്യ പതിവ്രതയായ സ്ത്രീയെ കുറ്റപ്പെടുത്തുന്നതിനോടാണ് മന്ത്രി ഉപമിച്ചത്. ഈ അധിക്ഷേപ പരാമർശത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാനവ്യാപകമായി വൻ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.

പാഠപുസ്തകങ്ങളിൽ നിന്ന് ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ ചരിത്രപരമായ സംഭാവനകൾ വിവരിക്കുന്ന അധ്യായങ്ങൾ നീക്കം ചെയ്യാനുള്ള ദിലാവറിന്റെ തീരുമാനവും കടുത്ത പ്രതിക്ഷേധത്തിന് കാരണമായി. ചരിത്രത്തെ വികൃതമാക്കാനുള്ള രാഷ്ട്രീയ പ്രേരിത നീക്കമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. വിദ്യാഭ്യാസ പുരോഗതിയെ തടസ്സപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങളാണിതെന്ന് ദിലാവർ വാദിക്കുന്നുണ്ടെങ്കിലും, കോൺഗ്രസും സി.ജെ.പിയും ഒരേസമയം സമ്മർദ്ദം ശക്തമാക്കിയതോടെ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി പൂർണ്ണമായും പ്രതിരോധത്തിലായിരിക്കുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.