കൊച്ചി: സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി പ്രഖ്യാപിച്ച് സമസ്ത കാന്തപുരം വിഭാഗം നേതാവ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും പെണ്ണുങ്ങൾ വീടുകളിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുർആൻ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളത്ത് നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പുതിയ വിവാദ പരാമർശം.
ബഹുമാനം കൊണ്ടാണത്രേ പർദ്ദ!
സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങരുതെന്ന് പറയുന്നത് അവരോടുള്ള ആദരവ് കൊണ്ടാണെന്നും, അതുകൊണ്ടാണ് ഇസ്ലാംമതം പർദ്ദ ഏർപ്പെടുത്തിയതെന്നുമാണ് കാന്തപുരത്തിന്റെ വാദം. നേരത്തെ നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് മഹല്ലുകൾക്കും മദ്രസകൾക്കും സമസ്ത കാന്തപുരം വിഭാഗം നൽകിയ സർക്കുലർ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സ്ത്രീകളെ പൊതുവേദിയിൽ പ്രദർശിപ്പിക്കരുതെന്നായിരുന്നു അന്നത്തെ നിർദ്ദേശം.
ഈ പ്രസ്താവനക്കെതിരെ വിവിധ കോണുകളിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നെങ്കിലും, നിലപാടിൽ നിന്ന് പിന്നാക്കം പോകാൻ അദ്ദേഹം തയ്യാറായില്ല. മറിച്ച് കൂടുതൽ കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി രംഗത്തെത്തുകയാണ് അദ്ദേഹം ചെയ്തത്.
എതിർപ്പുമായി രാഷ്ട്രീയ നേതാക്കൾ
കാന്തപുരം വിഭാഗത്തിന്റെ ഈ സർക്കുലറിനെതിരെയും പുതിയ പ്രസ്താവനയ്ക്കെതിരെയും സിപിഐഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് മുതിർന്ന സിപിഐഎം നേതാവ് എകെ ബാലൻ പ്രതികരിച്ചു. സമൂഹത്തിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ് കാന്തപുരത്തിന്റെ ഈ പുതിയ പ്രസ്താവന.


