...
Home News National നേപ്പാളിൽ ദുരന്തം വിതച്ചത് ‘ഐസ്-പാറ ഹിമപാതം’; ഗ്ലേഷ്യൽ തടാകം പൊട്ടിയതല്ലെന്ന് ശാസ്ത്രീയ പഠനം

നേപ്പാളിൽ ദുരന്തം വിതച്ചത് ‘ഐസ്-പാറ ഹിമപാതം’; ഗ്ലേഷ്യൽ തടാകം പൊട്ടിയതല്ലെന്ന് ശാസ്ത്രീയ പഠനം

മേഖല തിരിച്ചുള്ള വിശദമായ നാശനഷ്ട കണക്കുകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്

3

നേപ്പാളിലെ ഭോട്ടെകോഷി-ത്രിഷുലി ഇടനാഴിയിൽ വൻ നാശം വിതച്ച വെള്ളപ്പൊക്കത്തിന് കാരണം പരമ്പരാഗത മഴയല്ലെന്ന് കണ്ടെത്തൽ. ഉയർന്ന ഹിമാലയത്തിലുണ്ടായ വലിയ ഐസ്-പാറ ഹിമപാതമാണ് (Ice-rock avalanche) വിനാശകരമായ ഈ വെള്ളപ്പൊക്കത്തിന് കാരമെന്ന് നേപ്പാളിലെ ശാസ്ത്രജ്ഞരുടെ പ്രാഥമിക പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.

നേപ്പാൾ പരിസ്ഥിതി സൊസൈറ്റി (NES) നിയോഗിച്ച പഠന റിപ്പോർട്ടാണ് പുറത്തുവന്നത്. അതേസമയം, നേപ്പാളിലുണ്ടായ ഈ വെള്ളപ്പൊക്ക ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾ കണ്ടെടുക്കാനുള്ള തെരച്ചിൽ തുടരുകയാണ്.

ദുരന്തകാരണം തേടി ശാസ്ത്രീയ പഠനം

ഓഗസ്റ്റ് 26-നാണ് വടക്കൻ, മധ്യ നേപ്പാളിലെ ഗ്രാമങ്ങളെയും പട്ടണങ്ങളെയും തകിടംമറിച്ച ദുരന്തമുണ്ടായത്. റസുവയിലെ ലാങ്‌ടാങ്-ലിരുങ് പ്രദേശത്ത് ഏകദേശം 5,200 മീറ്റർ ഉയരത്തിൽ നിന്ന് വലിയ ഐസും പാറയും അവശിഷ്ടങ്ങളും അടർന്നു വീണ് ലെൻഡെ നദിയിൽ പതിക്കുകയായിരുന്നു. തുടർന്ന് ഈ ശക്തമായ തിരമാല ഭോട്ടെകോഷിയിലൂടെ താഴേക്ക് കുത്തിയൊഴുകി ത്രിഷുലി നദിയിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് ‘മൈ റിപ്പബ്ലിക്ക’ റിപ്പോർട്ട് ചെയ്യുന്നു.

ഉപഗ്രഹ ചിത്രങ്ങൾ, ജലശാസ്ത്ര-കാലാവസ്ഥാ ഡാറ്റ, ഭൂപ്രകൃതിയിലെ സവിശേഷതകൾ എന്നിവ ഗവേഷകർ വിശദമായി വിശകലനം ചെയ്തു. ഗ്ലേഷ്യൽ തടാകം പൊട്ടിത്തെറിച്ചുണ്ടായ വെള്ളപ്പൊക്ക (GLOF) മൂലമല്ല ദുരന്തമുണ്ടായതെന്ന് പഠനം അടിവരയിടുന്നു. GLOF ഉണ്ടായതിന് യാതൊരു തെളിവുമില്ലെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

ഹിമപാതത്തിന്റെ വിനാശകരമായ പാത

ബുധനാഴ്ച രാവിലെ 8:37-ഓടെയാണ് ലാങ്‌ടാങ്-ലിരുങ്ങിന്റെ വടക്കൻ ഭാഗത്തുനിന്ന് മഞ്ഞുപാറകൾ അടർന്നു വീഴാൻ തുടങ്ങിയത്. ഏകദേശം 5,200 മീറ്റർ ഉയരത്തിൽ നിന്ന് കുത്തനെയുള്ള പ്രദേശങ്ങളിലൂടെ താഴേക്ക് പതിച്ച ഇവ, 2,930 മീറ്റർ ഉയരത്തിൽ ലെൻഡെ നദിയിലെത്തി.

ഏകദേശം 0.56 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഹിമാനിയുടെ ഭാഗമാണ് അടർന്നുപോയത്. ഇത് പ്രദേശത്ത് ഏകദേശം 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വലിയ ഭൂശാസ്ത്രപരമായ മാറ്റങ്ങൾ ഉണ്ടാക്കിയതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. മഞ്ഞുപാറ വെറും ഏഴ് മിനിറ്റിനുള്ളിൽ 22 കിലോമീറ്റർ സഞ്ചരിച്ച് രസുവഗാധിയിലെത്തി. സെക്കൻഡിൽ ശരാശരി 46.3 മീറ്റർ അഥവാ മണിക്കൂറിൽ 167 കിലോമീറ്റർ വേഗതയിലായിരുന്നു ഇതിന്റെ കുതിപ്പ്.

പരമ്പരാഗത സിദ്ധാന്തങ്ങളെ തള്ളിക്കളയുന്നു

രസുവാഗാധിക്കും ബെത്രബതിക്കും ഇടയിൽ വേഗത മണിക്കൂറിൽ 73 കിലോമീറ്ററായും പിന്നീട് മണിക്കൂറിൽ 22 കിലോമീറ്ററായും കുറഞ്ഞെങ്കിലും, വലിയ അളവിൽ പാറകളും അവശിഷ്ടങ്ങളും മണ്ണും വഹിച്ചുകൊണ്ടുള്ള ഒഴുക്ക് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. വെള്ളപ്പൊക്കത്തിന് മണിക്കൂറുകൾക്ക് മുമ്പ് രസുവാഗാധി, സയാഫ്രുബേസി പ്രദേശങ്ങളിലെ നദിയുടെ നിരപ്പും ഒഴുക്കും ഗണ്യമായി കുറഞ്ഞതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

രാവിലെ ഉയർന്ന നീർത്തടങ്ങളിൽ അസാധാരണമാംവിധം കനത്ത മഴ പെയ്തതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, അതിശക്തമായ മഴയോ മേഘസ്ഫോടനമോ ആണ് ദുരന്ത കാരണമെന്ന മുൻധാരണകളെ ഈ പഠനം തള്ളിക്കളയുന്നു. എങ്കിലും, കൃത്യമായ ഭൂമിശാസ്ത്ര സംവിധാനം, ഉരുകുന്ന മഞ്ഞിന്റെ സംഭാവന, നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടോ എന്നിവ സംബന്ധിച്ച് കൂടുതൽ ഫീൽഡ് അന്വേഷണങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ അഭിപ്ടപ്പെടുന്നു.

നാശനഷ്ടങ്ങളും സാമ്പത്തിക നഷ്ടവും

രാജ്യത്തെ ജലവൈദ്യുത അടിസ്ഥാന സൗകര്യങ്ങളെയും ദുരന്തം കനത്ത രീതിയിൽ ബാധിച്ചു. നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ പ്രാഥമിക കണക്കുകൾ പ്രകാരം 13 ജലവൈദ്യുത പദ്ധതികളും ഒരു സൗരോർജ്ജ പദ്ധതിയും തകർന്നു. ഇത് ഏകദേശം 431 മെഗാവാട്ട് ഉൽപാദന ശേഷിയെയാണ് ഇല്ലാതാക്കിയത്.

സർക്കാർ നടത്തിയ പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് ഏകദേശം 3 ട്രില്യൺ രൂപയുടെ സാമ്പത്തിക നഷ്ടമാണ് രാജ്യത്തുണ്ടായിട്ടുള്ളത്. മേഖല തിരിച്ചുള്ള വിശദമായ നാശനഷ്ട കണക്കുകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.