നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുമായുള്ള തുറന്ന അതിർത്തികളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി, തദ്ദേശീയ ജനങ്ങളുമായി ഇടപഴകുന്ന തങ്ങളുടെ “യഥാർത്ഥ പങ്ക്” സശസ്ത്ര സീമ ബൽ (എസ്‌എസ്‌ബി) തിരിച്ചുപിടിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ. ധീരതയ്ക്കും വിശിഷ്ട സേവനത്തിനുമുള്ള മെഡലുകൾ വിതരണം ചെയ്യുന്ന എസ്‌എസ്‌ബിയുടെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1961-62 കാലഘട്ടത്തിൽ സ്ഥാപിതമായ എസ്‌എസ്‌ബി, ആദ്യകാലങ്ങളിൽ അതിർത്തിയിലെ ജനങ്ങളുമായി ആശയവിനിമയം നടത്താനും അവബോധം സൃഷ്ടിക്കാനും രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കാനുമാണ് പ്രവർത്തിച്ചിരുന്നതെന്ന് മോഹൻ ഓർമ്മിപ്പിച്ചു.
സൗഹൃദ രാജ്യങ്ങളായ നേപ്പാളിന്റെയും ഭൂട്ടാന്റെയും തുറന്ന അതിർത്തികൾ കാക്കാൻ ചുമതലപ്പെടുത്തിയതോടെ ഈ ദൗത്യം ചിലപ്പോഴൊക്കെ മങ്ങേറ്റുപോയിട്ടുണ്ടെന്നും, അതിർത്തി കാവലിനൊപ്പം സേന അതിന്റെ പഴയ റോൾ കൂടി ഏറ്റെടുക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുഖം തിരിച്ചറിയൽ ഉപകരണങ്ങൾ, റഡാറുകൾ, ഡ്രോണുകൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ അതിർത്തികള്‍ സുരക്ഷിതമാക്കുന്നതില്‍ സേന നടത്തിയ ഇടപെടലുകളെ അദ്ദേഹം പ്രശംസിച്ചു. 1751 കിലോമീറ്റർ നീളമുള്ള ഇന്ത്യ-നേപ്പാൾ അതിർത്തിയിലും 699 കിലോമീറ്റർ വരുന്ന ഇന്ത്യ-ഭൂട്ടാൻ അതിർത്തിയിലും മനുഷ്യക്കടത്ത്, മയക്കുമരുന്ന്, ആയുധക്കടത്ത് എന്നിവ തടയാന്‍ എസ്‌എസ്‌ബി ശക്തമായ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ഗോവിന്ദ് മോഹൻ കൂട്ടിച്ചേർത്തു.


