തിരുവനന്തപുരം: അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്സിൽ (അമൃതം പൊടി) പഞ്ചസാര പൂർണ്ണമായും ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഭക്ഷണത്തിൽ പഞ്ചസാര ചേരുന്നത് ഒഴിവാക്കണമെന്നും, ആവശ്യമെങ്കിൽ കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഉൽപ്പന്നങ്ങളുടെ പോഷക ഘടന ശാസ്ത്രീയമായി നിശ്ചയിക്കണമെന്നും കുട്ടികളുടെ പ്രായത്തിനനുസരിച്ച് ന്യൂട്രിമിക്സിന്റെ അളവ് നിശ്ചയിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. അമൃതം പൊടിയുടെ പാക്കേജിൽ കൃത്യമായ പോഷക വിവരങ്ങളും കുട്ടികൾക്ക് നൽകേണ്ട അളവും രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇതുസംബന്ധിച്ച് അങ്കണവാടി പ്രവർത്തകർക്കും ഗുണഭോക്താക്കൾക്കും ബോധവൽക്കരണം നൽകുമെന്നും കമ്മീഷൻ വ്യക്തമാക്കി.
അമൃതം പൊടിയുടെ ഘടനയും നിർദ്ദേശങ്ങളും
നിലവിൽ അമൃതം പൊടിയിൽ 20 ശതമാനം പഞ്ചസാരയ്ക്ക് പുറമേ 45 ശതമാനം ഗോതമ്പ്, 15 ശതമാനം പൊരിക്കടല, 10 ശതമാനം കപ്പലണ്ടി, 10 ശതമാനം സോയചങ്ക്സ് എന്നിവയാണ് അടങ്ങിയിട്ടുള്ളത്. ആറുമാസം മുതൽ മൂന്നു വയസ്സു വരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ ദിവസം 135 ഗ്രാം എന്ന കണക്കിൽ പലഹാരമായോ കുറുക്കിയോ നൽകാനാണ് അങ്കണവാടികൾ വഴി നൽകുന്ന നിർദ്ദേശം.
വളർച്ചയുടെ ഘട്ടത്തിലുള്ള കുട്ടികൾക്ക് ഇത്രയധികം പഞ്ചസാര നൽകുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി വനിത- ശിശുവികസന വകുപ്പും നേരത്തെ സമാനമായ നിർദ്ദേശവുമായി രംഗത്തെത്തിയിരുന്നു. പഞ്ചസാരയുടെ അളവ് കുറയ്ക്കുകയോ പൂർണ്ണമായി ഒഴിവാക്കുകയോ വേണമെന്നാണ് ഉദ്യോഗസ്ഥരും നിർദ്ദേശിച്ചിരുന്നത്.


