സിപിഐ (മാവോയിസ്റ്റ്) മുൻ പൊളിറ്റ്ബ്യൂറോ അംഗം മല്ലോജുല വേണുഗോപാൽ ഗോണ്ട്വാന സർവകലാശാലയുടെ ഗ്രാമപഞ്ചായത്ത് നൈപുണ്യ വികസന പരിശീലന കേന്ദ്രത്തിൽ താൽക്കാലിക കോർഡിനേറ്ററായി ചുമതലയേറ്റു. വേണുഗോപാലിന്റെ അറിവും അനുഭവവും കണക്കിലെടുത്താണ് സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തെ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്ന് സർവകലാശാല വൈസ് ചാൻസലർ പ്രശാന്ത് ബൊക്കറെ അറിയിച്ചു.
‘ഭൂപതി’ എന്ന പേരിലും അറിയപ്പെടുന്ന 70കാരനായ വേണുഗോപാൽ 1980കളിലാണ് പീപ്പിൾസ് വാർ ഗ്രൂപ്പിൽ ചേർന്നത്. 2010ൽ സിപിഐ (മാവോയിസ്റ്റ്) വക്താവായും പ്രവർത്തിച്ചു. സംഘടനയുടെ പ്രധാന നേതാക്കളിലൊരാളായിരുന്ന അദ്ദേഹം മാവോയിസ്റ്റ് സംഘടനയും പുറംലോകവും തമ്മിലുള്ള ആശയവിനിമയത്തിലെ പ്രധാന കണ്ണിയായിരുന്നുവെന്നാണ് ഇന്റലിജൻസ് വൃത്തങ്ങളുടെ വിലയിരുത്തൽ.
കഴിഞ്ഞ ഓഗസ്റ്റിൽ നിരവധി പ്രാദേശിക യുവാക്കൾക്കൊപ്പം വേണുഗോപാൽ ജോലിക്കായി അപേക്ഷിച്ചിരുന്നു. അഭിമുഖത്തിന് ശേഷമാണ് അദ്ദേഹത്തെ കോർഡിനേറ്റർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
പുതിയ ചുമതലയുടെ ഭാഗമായി ഗഡ്ചിരോളിയിലെ വിവിധ ഗ്രാമങ്ങൾ സന്ദർശിച്ച് ഗ്രാമസഭകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും പഞ്ചായത്ത് (ഷെഡ്യൂൾഡ് ഏരിയകളിലേക്കുള്ള വിപുലീകരണം) നിയമമായ പെസ (PESA) പ്രകാരം ആദിവാസി സമൂഹത്തിനുള്ള അവകാശങ്ങളും അധികാരങ്ങളും സംബന്ധിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്യും.
കഴിഞ്ഞ വർഷം ഒക്ടോബർ 14ന് വേണുഗോപാൽ 60ലേറെ അനുയായികളോടൊപ്പം പോലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. നാല് പതിറ്റാണ്ടിലേറെ ആദിവാസി സമൂഹങ്ങൾക്കിടയിൽ പ്രവർത്തിച്ച അനുഭവം ഉപയോഗിച്ച് തുടർന്നും അവർക്കായി പ്രവർത്തിക്കാനാണ് ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പുതിയ ഉത്തരവാദിത്തം ആദിവാസി മേഖലകളിൽ ഭരണഘടനാ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് സംഭാവന ചെയ്യാനുള്ള അവസരമാണെന്ന് വേണുഗോപാൽ പറഞ്ഞു. 1996ൽ പെസ നിയമം നിലവിൽ വന്നെങ്കിലും വർഷങ്ങളോളം അതിനെ എതിർത്തത് തെറ്റായിരുന്നുവെന്നും അതുവഴി നിയമം നൽകുന്ന ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നതിൽ തടസ്സമുണ്ടാക്കിയെന്നും അദ്ദേഹം പ്രതികരിച്ചു.
ഗഡ്ചിരോളി എസ്പി എം. രമേശിന്റെ ശുപാർശയെ തുടർന്നാണ് സർവകലാശാലയിൽ അവസരം ലഭിച്ചത്. കീഴടങ്ങിയതിന് ശേഷം അധ്യാപനമോ ഗവേഷണമോ നടത്താനുള്ള അവസരം തേടിയ വേണുഗോപാലിന് ആദിവാസി പഠനവുമായി ബന്ധപ്പെട്ട കേന്ദ്രം പ്രവർത്തിക്കുന്ന സർവകലാശാലയിൽ ജോലി ചെയ്യാനുള്ള അവസരം നൽകുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു.


