...
Home News Kerala ‘സ്ത്രീവിരുദ്ധ പ്രസ്താവന’; കാന്തപുരത്തിന് പിന്തുണയുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും

‘സ്ത്രീവിരുദ്ധ പ്രസ്താവന’; കാന്തപുരത്തിന് പിന്തുണയുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും

പരാമർശം വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണ് മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ അടക്കമുള്ളവർ എത്തിയത്

3

സമസ്ത നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി ഇ.കെ. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്ത്. ഇന്ത്യയിൽ ഓരോരുത്തർക്കും അവരവരുടെ മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ടെന്നും അത് സ്വീകരിക്കാവുന്നവർക്ക് സ്വീകരിക്കാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. പ്രസ്താവനകൾ കാലികമല്ലെന്ന് പറഞ്ഞ് ആരും കളിയാക്കേണ്ടതില്ലെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ അങ്ങനെ പ്രതികരിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

“ഓരോ മതങ്ങൾക്കും അവരവരുടെ മതകാര്യങ്ങളുണ്ട്. ഇന്ത്യ അങ്ങനെയൊരു രാജ്യമാണ്. ഏതെങ്കിലും ഒരു മതത്തിന്റെ ആചാരങ്ങളെ ആരും എതിർക്കരുത്. അങ്ങനെ എതിർക്കാൻ അനുവദിക്കില്ല. വിശുദ്ധ ശരീഅത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അത് കാലത്തിനനുസരിച്ച് മാറില്ല. മാറ്റേണ്ടതുമില്ല,” ജിഫ്രി മുത്തുക്കോയ തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

നാസർ ഫൈസി കൂടത്തായിയുടെയും പിന്തുണ

കാന്തപുരത്തിന്റെ പരാമർശത്തെ പിന്തുണച്ച് ഇ.കെ. സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയും ഇതിനോടകം രംഗത്തെത്തിയിരുന്നു. കാന്തപുരം പറഞ്ഞ മതവിധിയെ ആരും തലകീഴായി മറിക്കരുതെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പലരും വിഷയം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്ത്രീകളുടെ നവോത്ഥാനത്തിനും സംരക്ഷണത്തിനും പുരോഗമന കാലഘട്ടത്തോട് യോജിക്കുന്ന ധാർമ്മിക സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ് കാന്തപുരം ഉൾപ്പെടെയുള്ള മതപണ്ഡിതന്മാരെന്നും നാസർ ഫൈസി ചൂണ്ടിക്കാണിച്ചു.

സ്ത്രീകളെ അടുക്കളകളിൽ തളച്ചിടാമെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ലെന്നും എന്നാൽ അവർ രംഗപ്രവേശം ചെയ്യുന്നിടങ്ങളിൽ പ്രദർശന വസ്തുവാകരുതെന്നും അവരുടെ സുരക്ഷിതത്വം സമൂഹം ഉറപ്പുവരുത്തണമെന്നുമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നിലപാടുകളെ പുരോഗമന വിരുദ്ധമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും നാസർ ഫൈസി കൂട്ടിച്ചേർത്തു. ഇതിനിടെ, കാന്തപുരത്തിന്റെ പ്രസ്താവനയിൽ യു.ഡി.എഫിൽ ഭിന്നത നിലനിൽക്കുന്നുണ്ടെങ്കിലും, പരാമർശം വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണ് മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ അടക്കമുള്ളവർ എത്തിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.